Quantcast

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; സെഷൻസ് കോടതിയിൽ അപ്പീൽ നൽകാൻ കോൺഗ്രസ്

രാഹുലിന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും പൊലീസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും കാണിച്ചാണ് അപ്പീൽ നൽകുക.

MediaOne Logo

Web Desk

  • Updated:

    2024-01-10 02:45:33.0

Published:

10 Jan 2024 12:52 AM GMT

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; സെഷൻസ് കോടതിയിൽ അപ്പീൽ നൽകാൻ കോൺഗ്രസ്
X

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളിയതിനെതിരെ സെഷൻസ് കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്. ഇന്ന് അപ്പീൽ നൽകാനാണ് തീരുമാനം. രാഹുലിന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും പൊലീസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും കാണിച്ചാണ് അപ്പീൽ നൽകുക. ഇതിനൊപ്പം അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തുടനീളം യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.

രാഹുൽ മാങ്കൂട്ടത്തിൽ പ്രവർത്തകർക്കൊപ്പം മുൻനിരയിൽ നിന്നുകൊണ്ട് പൊലീസിനെ ആക്രമിച്ചു എന്നാണ് ഇന്നലെ പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണം വ്യാജമാണെന്നും രാഹുൽ പൊലീസുകാരെ ആക്രമിക്കുന്നതിന് തെളിവില്ലെന്നും പ്രതിഭാഗം കോടതിയെ ധരിപ്പിക്കും. ഒപ്പം രാഹുലിനെ കസ്റ്റഡിയിലെടുത്തപ്പോൾ നടപടിക്രമങ്ങളൊന്നും പാലിച്ചില്ല എന്നും പ്രതിഭാഗം വാദിക്കും. കസ്റ്റഡിയിലെടുക്കുമ്പോൾ നൽകേണ്ട നോട്ടീസ് പൊലീസ് നൽകിയില്ല. മറിച്ച് നടപടിക്രമങ്ങൾ പാലിക്കാതെ പുലർച്ചെ അഞ്ചുമണിക്ക് രാഹുലിന്റെ വീട് വളഞ്ഞുകൊണ്ടാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇത് പ്രതികാര നടപടിയാണ്, തുടങ്ങിയ കാര്യങ്ങൾ പ്രതിഭാഗം കോടതിയെ ബോധ്യപ്പെടുത്താനാണ് ആലോചിക്കുന്നത്. ഇന്നലെ രാഹുലിന് വേണ്ടി ഹാജരായ അഭിഭാഷകൻ മൃദുൽ ജോൺ മാത്യു തന്നെയാകും സെഷൻസ് കോടതിയിൽ അപ്പീലും നൽകുക. രാഹുലിന്റെ അറസ്റ്റിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. സർക്കാരിന്റെ പകപോക്കലാണ് അറസ്റ്റ് എന്ന് പ്രചരിപ്പിക്കും.

വ്യാപകമായ പ്രക്ഷോഭ പരിപാടികൾ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കും. കോൺഗ്രസ് മാത്രമല്ല, യു.ഡി.എഫിനേയും ഇതിനായി അണിനിരത്തുകയാണ് ലക്ഷ്യം. അതിന്റെ ആദ്യഘട്ടമെന്നോണം ഇന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചു. ഇന്ന് രാവിലെ 11 മണിക്ക് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ച്‌ സംഘടിപ്പിക്കും. കൂടാതെ സംസ്ഥാന തലത്തിൽ പൊലീസ് സ്റ്റേഷനുകളിലേക്ക് 'സമരജ്വാല' എന്ന പേരിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനമായി.

TAGS :

Next Story