Quantcast

"ബഫർസോണിന് നഷ്ടപരിഹാരം നൽകാനുള്ള സാമാന്യ മര്യാദ കാണിക്കണം"; സിറാജ് മുഖപ്രസംഗം

കല്ലിടുന്നത്, ഫണ്ടിങ്, അലൈന്‍മെന്‍ഡ് എന്നിവയില്‍ അവ്യക്തതയുണ്ടെന്നും സിറാജ് മുഖപ്രസംഗത്തിൽ പറയുന്നു

MediaOne Logo

ijas

  • Updated:

    2022-03-30 06:57:19.0

Published:

30 March 2022 6:52 AM GMT

ബഫർസോണിന് നഷ്ടപരിഹാരം നൽകാനുള്ള സാമാന്യ മര്യാദ കാണിക്കണം; സിറാജ് മുഖപ്രസംഗം
X

കെ റെയിൽ ബഫർ സോണിന് നഷ്ടപരിഹാരം നൽകാനുള്ള സാമാന്യമര്യാദ അധികൃതർ കാണിക്കണമെന്ന് കാന്തപുരം വിഭാഗം മുഖപത്രം. പദ്ധതി സംബന്ധിച്ച് ഉടലെടുത്ത സംശയം ദൂരീകരിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. കല്ലിടുന്ന കാര്യത്തിലും അലൈന്‍മെന്‍റിന്‍റെ കാര്യത്തിലുമുള്ള അവ്യക്തതയില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാരിനാവുന്നില്ല. പദ്ധതിയുടെ ഫണ്ടിംഗുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാറിന് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാറിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയനുസരിച്ച് ബൃഹത്തായ ഈ പദ്ധതിക്കുള്ള ഫണ്ട് സ്വന്തം നിലക്ക് കണ്ടെത്തുകയെന്നത് അസാധ്യമാണെന്നും സിറാജ് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിന്‍റെ സഹകരണമില്ലാതെ എങ്ങനെ ഇത്രയും വലിയൊരു ഫണ്ട് കണ്ടെത്തുമെന്ന കാര്യം അവ്യക്തമാണെന്നും സിറാജ് ആശങ്ക ഉന്നയിച്ചു.

സിറാജ് മുഖപ്രസംഗത്തിന്‍റെ പൂര്‍ണരൂപം:

കെ റെയില്‍: അവ്യക്തതകള്‍ ബാക്കി

സംസ്ഥാന സര്‍ക്കാറിന് ആശ്വാസമേകുന്നതാണ് കെ റെയില്‍ സംബന്ധമായി കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നുമുണ്ടായ ഉത്തരവുകള്‍. സാമൂഹിക ആഘാത പഠനത്തിനുള്ള സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശി നല്‍കിയ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച തള്ളി. ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയാണ് സര്‍വേ നടക്കുന്നതെന്ന ഹരജിക്കാരന്‍റെ വാദം നിരാകരിച്ച കോടതി, പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനത്തിനുള്ള സര്‍വേ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാറിന് അനുമതി നല്‍കുകയും ചെയ്തു. സാമൂഹികാഘാത പഠനത്തിനായി സര്‍വേ നടത്തുന്നത് ആരുടെയും അവകാശങ്ങള്‍ ഹനിക്കുന്നതല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാറിന് ഭൂമി ഏറ്റെടുക്കാന്‍ അധികാരമില്ലെന്നു കാണിച്ച് സമര്‍പ്പിച്ച രണ്ട് ഹരജികള്‍ ഇന്നലെ ഹൈക്കോടതിയും തള്ളി. കെ റെയില്‍ ഒരു പ്രത്യേക റെയില്‍വേ പദ്ധതിയായതിനാല്‍ കേന്ദ്ര സര്‍ക്കാറിന്‍റെ നോട്ടിഫിക്കേഷന്‍ ഇല്ലാതെ ഭൂമി ഏറ്റെടുക്കലോ പദ്ധതി നിര്‍വഹണമോ സംസ്ഥാന സര്‍ക്കാറിന് സാധ്യമല്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. പ്രത്യേക പദ്ധതിയാണെങ്കില്‍ ഇതുസംബന്ധിച്ച് പ്രത്യേക വിജ്ഞാപനം പുറത്തിറക്കേണ്ടതുണ്ട്. എന്നാല്‍ പ്രത്യേക പദ്ധതിയല്ലെന്നും സാധാരണ റെയില്‍വേ പദ്ധതി മാത്രമാണെന്നുമുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ വാദമാണ് കോടതി അംഗീകരിച്ചത്.

പദ്ധതി പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാറിന് പ്രചോദനം പകരുന്നതാണ് രണ്ട് ഉത്തരവുകളും. അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട പല സംശയങ്ങളും ഇനിയും ദുരീകരിക്കപ്പെടാതെ അവശേഷിക്കുന്നു. പദ്ധതിക്കാവശ്യമായ ഫണ്ട്, അലൈന്‍മെന്റ്, പരിസ്ഥിതി ആഘാതം, ബഫര്‍ സോണ്‍ തുടങ്ങിയ വിഷയങ്ങളില്‍ അവ്യക്തത തുടരുകയാണ് ഇപ്പോഴും. ഏറ്റവുമൊടുവില്‍ കെ റെയിലിന്‍റെ കല്ലിടലിനു നിര്‍ദേശം നല്‍കിയതാര് എന്നത് സംബന്ധിച്ചും ബന്ധപ്പെട്ടവര്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തിരുന്നു. റവന്യൂ വകുപ്പാണ് കല്ലിടലിനു നിര്‍ദേശം നല്‍കിയതെന്നായിരുന്നു കെ റെയില്‍ വൃത്തങ്ങള്‍ ആദ്യത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ റവന്യൂ മന്ത്രി ഇത് നിഷേധിച്ചുകൊണ്ട് പ്രസ്താവന ഇറക്കി രണ്ട് ദിവസം മുമ്പ്. കല്ലിടാന്‍ റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ഉത്തരവാദിത്വമില്ലാതെ കാര്യങ്ങള്‍ പറയരുതെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവം. ഇതോടെ കെ റെയില്‍ കരണം മറിയുകയും റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മാറ്റിപ്പറയുകയും ചെയ്തു. എങ്കില്‍ പിന്നെ ആരാണ് കല്ലിടാന്‍ അനുമതി നല്‍കിയത്? മന്ത്രി ഉത്തരവാദിത്വം നിഷേധിക്കുമ്പോള്‍ തന്നെ കല്ലിടലിന് എല്ലായിടത്തും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടെന്നത് ആശയക്കുഴപ്പത്തിനിടയാക്കുന്നു.

പദ്ധതിയുടെ ഫണ്ടിംഗുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാറിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാറിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയനുസരിച്ച് ബൃഹത്തായ ഈ പദ്ധതിക്കുള്ള ഫണ്ട് സ്വന്തം നിലക്ക് കണ്ടെത്തുകയെന്നത് അസാധ്യമാണ്. പദ്ധതിയുടെ ഭൂരിഭാഗം വിഹിതവും വായ്പയായി കണ്ടെത്താനാണ് സര്‍ക്കാര്‍ തീരുമാനം. 33,700 കോടി രൂപ വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതിന്‍റെ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. കേന്ദ്രത്തിന്‍റെ സഹകരണമില്ലാതെ എങ്ങനെ ഇത്രയും വലിയൊരു ഫണ്ട് കണ്ടെത്തുമെന്ന കാര്യം അവ്യക്തമാണ്.

അലൈന്‍മെന്‍റിന്‍റെ കാര്യത്തിലുമുണ്ട് അവ്യക്തത. നേരത്തേ സില്‍വര്‍ലൈന്‍ കോറിഡോറിന്റെ അലൈന്‍മെന്റ് എന്ന പേരില്‍ പാത കടന്നു പോകുന്ന പ്രദേശങ്ങള്‍ അടയാളപ്പെടുത്തിക്കൊണ്ടുള്ള ഒരു മാപ്പ് ഗൂഗിളില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ മാപ്പ് വെറും സൂചകമാണെന്നും സ്റ്റേഷനുകളെ കാണിക്കുന്നതിനുള്ള ഏകദേശ അലൈന്‍മെന്റാണ് ഇതെന്നുമാണ് കെ റെയില്‍ അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. അതേസമയം 2020 ജൂണ്‍ ഒമ്പതിന് പാതയുടെ അലൈന്‍മെന്റ് അടങ്ങുന്ന ഡി പി ആര്‍ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ തന്നെ അറിയിച്ചിരുന്നു. ആ അലൈന്‍മെന്റ് ഏതാണെന്ന് ഇതുവരെ വ്യക്തമാക്കുകയോ, അതിന്റെ മാപ്പ് പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. അതിനിടെ ഭൂമി വിട്ടുകൊടുക്കുന്നവരെ ആശങ്കയിലാഴ്ത്തി ബഫര്‍സോണ്‍ പ്രഖ്യാപനവും വന്നു. കെ റെയിലിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഇരുവശത്തുമായി പത്ത് മീറ്റര്‍ വീതിയില്‍ ബഫര്‍സോണ്‍ നിശ്ചയിക്കുമെന്നാണ് റെയില്‍ എം ഡി. വി അജിത് കുമാര്‍ അറിയിച്ചത്. ഈ സ്ഥലത്തിന് ഉടമകള്‍ക്ക് നഷ്ടപരിഹാരം കിട്ടുകയില്ല. ബഫര്‍സോണിലെ അഞ്ച് മീറ്ററില്‍ ഒരു നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കുകയുമില്ല. ബാക്കി അഞ്ച് മീറ്ററില്‍ നിര്‍മാണങ്ങള്‍ക്ക് പ്രത്യേക അനുമതിയും വേണം. ഭാവി വികസനവും സുരക്ഷയും പരിഗണിച്ചുകൊണ്ട് മാത്രമേ ഈ അഞ്ച് മീറ്ററില്‍ നിര്‍മാണത്തിന് അനുമതി നല്‍കുകയുള്ളൂ. ഫലത്തില്‍ ഈ സ്ഥലം ഉടമകള്‍ക്ക് നഷ്ടപ്പെട്ട സ്ഥിതിയാണുണ്ടാകുക. പദ്ധതിക്കെതിരായ ജനവികാരത്തിന് ആക്കം കൂട്ടുന്നതാണ് ഈ പ്രഖ്യാപനം. ബഫര്‍സോണ്‍ നിശ്ചയിക്കുകയാണെങ്കില്‍ അതിനു നഷ്ടപരിഹാരം നല്‍കാനുള്ള സാമാന്യ മര്യാദ അധികൃതര്‍ കാണിക്കേണ്ടതുണ്ട്.

സംസ്ഥാനത്തെ ഗതാഗത മേഖലയില്‍ വികസനം അനിവാര്യമാണെന്നത് അവിതര്‍ക്കിതമാണ്. കോണ്‍ഗ്രസ്സ് ശക്തമായ വിയോജിപ്പുമായി രംഗത്തു വന്നിട്ടുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാറാണ് ഇത്തരമൊരു റെയില്‍പ്പാത നടപ്പാക്കാന്‍ ആദ്യമായി തീരുമാനിച്ചത്. ഭൂമി ഏറ്റെടുക്കലുള്‍പ്പെടെ പദ്ധതി നടപ്പാക്കുന്നതിലെ പ്രയാസങ്ങള്‍ കണക്കിലെടുത്താണ് യു ഡി എഫ് അന്നതില്‍ നിന്ന് തലയൂരിയത്. അതുകൊണ്ടു തന്നെ യു ഡി എഫിന്റെ എതിര്‍പ്പ് തത്ത്വാധിഷ്ഠിതമല്ല, കേവലം രാഷ്ട്രീയ പ്രേരിതമാണ്. അതേസമയം പദ്ധതി സംബന്ധിച്ച് ഉടലെടുത്ത സംശയങ്ങള്‍ ദൂരീകരിക്കുകയും അവ്യക്തതകള്‍ നീക്കുകയും ചെയ്യേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. പദ്ധതിക്കെതിരായ പൊതുസമൂഹത്തിന്റെ എതിര്‍പ്പിന് അതോടെ തീവ്രത കുറയുകയും ചെയ്യും.

TAGS :

Next Story