Quantcast

'പൂർവാശ്രമത്തിൽ ജഡ്ജിയായിരുന്ന ഒരാൾ മാപ്പ് ചോദിക്കുന്നു': സ്റ്റാന്‍ സ്വാമിയുടെ മരണത്തെ കുറിച്ച് എസ് സുദീപ്

'ലോകത്തിലെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യനാണ് വിചാരണത്തടവുകാരൻ'

MediaOne Logo

Web Desk

  • Updated:

    2021-07-06 04:54:54.0

Published:

6 July 2021 4:19 AM GMT

പൂർവാശ്രമത്തിൽ ജഡ്ജിയായിരുന്ന ഒരാൾ മാപ്പ് ചോദിക്കുന്നു: സ്റ്റാന്‍ സ്വാമിയുടെ മരണത്തെ കുറിച്ച് എസ് സുദീപ്
X

ഭീമ കൊറേഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ആശുപത്രിയില്‍ മരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ പ്രതികരണവുമായി മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് സുദീപ്. ലോകത്തിലെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യനാണ് ഫാ. സ്റ്റാന്‍ സ്വാമി. അദ്ദേഹത്തോട് ജഡ്ജിയായിരുന്ന ഒരാള്‍ മാപ്പ് ചോദിക്കുകയാണെന്നും എസ്. സുദീപ് ഫേസ് ബുക്കില്‍ കുറിച്ചു.

ലോകത്തിലെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യനാണ് വിചാരണത്തടവുകാരന്‍. എന്നാണു വിചാരണ തുടങ്ങുക, തീരുക എന്നൊന്നും നിശ്ചയമില്ല. ജഡ്ജിയോ പ്രോസിക്യൂട്ടറോ ലീവെടുത്താലും സാക്ഷി വരാതിരുന്നാലുമെല്ലാം കേസ് മാറ്റിവെയ്ക്കും. പ്രതി എന്ന വിശേഷണത്തോടെ തന്നെ പോയിക്കഴിഞ്ഞ സ്റ്റാന്‍ സ്വാമിയുടെ ആത്മാവ് കോടതി മുറിയുടെ മച്ചില്‍ ഒരു ചോദ്യചിഹ്നമായി തൂങ്ങിക്കിടപ്പുണ്ട്. ആ മനുഷ്യനോട് ആരാണ് മറുപടി പറയുകയെന്ന് അറിയില്ല. പൂർവാശ്രമത്തിൽ ജഡ്ജിയായിരുന്ന ഒരാൾ ആ മനുഷ്യനോട് മാപ്പ് ചോദിക്കുന്നുവെന്നും എസ് സുദീപ് കുറിച്ചു. തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയിരുന്ന എസ്. സുദീപ് കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്.

സുദീപിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം

ലോകത്തെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യനെക്കുറിച്ചാണ് ഞാനിപ്പോൾ ഓർക്കുന്നത്.

അന്നു രാവിലെ നിറഞ്ഞ മജിസ്ട്രേറ്റ് കോടതിയിൽ വച്ചാണ് അയാൾ ഇങ്ങനെ പറഞ്ഞത്:

- കോടതീ, ഒരു സംശയം ചോദിക്കാനുണ്ടായിരുന്നു.

മജിസ്ട്രേറ്റ് ആയിരുന്ന ഞാൻ തലയുയർത്തി നോക്കി. എന്താണ് കാര്യം?

- അല്ല, ഇവിടെ ഇങ്ങനൊരു കോടതി ഒണ്ടായിരുന്നോ? ഞാൻ കരുതി സുനാമി എടുത്തു പോയിക്കാണുമെന്ന്!

കോടതി മുറി നിശബ്ദമായി, എല്ലാവരും അയാളെ നോക്കി.

വിചാരണ നേരിടാൻ ഭാഗ്യം കിട്ടാത്ത വിചാരണത്തടവുകാരനാണ്. ഏറെ നാളായി അടഞ്ഞുകിടന്ന കോടതിയാണ്. അവിടേയ്ക്ക് ആഴ്ചയിലൊരു ദിവസം മാത്രം സിറ്റിംഗ് നടത്താനായി വന്ന മറ്റൊരു കോടതിയിലെ മജിസ്ട്രേറ്റ് ആയിരുന്ന ഞാനും അയാളും ആദ്യമായി കണ്ടുമുട്ടുന്ന നിമിഷമാണ്.

ലോകത്തിലെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യനാണ് വിചാരണത്തടവുകാരൻ.

എന്നാണു വിചാരണ തുടങ്ങുക? തീരുക? ഒരു നിശ്ചയവുമില്ലൊന്നിനും...

വിചാരണ തുടങ്ങിയാലോ?

ജഡ്ജിയോ പ്രോസിക്യൂട്ടറോ ലീവെടുത്താലും സാക്ഷി വരാതിരുന്നാലും ജയിലിൽ നിന്ന് അകമ്പടി വരാൻ പൊലീസ് ഇല്ലെങ്കിലുമൊക്കെ കേസ് മാറിക്കൊണ്ടേയിരിക്കും...

അനന്തമജ്ഞാതം...

എന്നു തുടങ്ങുമെന്നോ തീരുമെന്നോ യാതൊരുറപ്പുമില്ലാത്ത വിചാരണയെക്കാൾ അവനു പ്രിയം നിയതമായ ശിക്ഷയാണ്. ശിക്ഷിക്കപ്പെട്ടാൽ ശിക്ഷ തീരുന്ന ദിവസം എണ്ണിയെണ്ണിക്കുറയും. അന്തമില്ലാത്ത വിചാരണയിൽ ദിനങ്ങൾ എണ്ണിയെണ്ണിക്കൂടുകയും ചെയ്യും...

എന്നെയൊന്ന് ശിക്ഷിക്കണേ എന്നുറക്കെ പറയാൻ തോന്നുന്ന നിമിഷങ്ങളാണ്...

ആ നിമിഷങ്ങളിലൊന്നിലാണ് അയാൾ കോടതി മുറിയിൽ പൊട്ടിത്തെറിച്ചത്.

അയാളെ ഞാൻ അതിനു മുമ്പും കണ്ടിട്ടില്ലേ?

ഉവ്വ്, ജയിൽ സന്ദർശനത്തിനു വന്ന ഗവർണർ, അയാളോടു ചോദിക്കുന്നുണ്ട്:

- നിങ്ങൾ വിചാരണത്തടവുകാരനായിട്ട് പതിനേഴു മാസമല്ലേ ആയുള്ളു?

- പതിനേഴു മാസമേ ആയുള്ളൂ? ജയിലിൽ പതിനേഴു മാസമെന്നു പറയുന്നതു പതിനേഴുകൊല്ലം പോലെയാണ്, സർ. പ്രത്യേകിച്ച് പെട്ടെന്നൊരു വലിയ ഉദ്യോഗക്കയറ്റം കിട്ടിയ എന്നെപ്പോലെയുള്ള ഒരു മനുഷ്യന്, താൻ ആരാധിക്കുന്ന സ്ത്രീയെ വിവാഹം കഴിക്കാൻ പോകുന്ന എന്നെപ്പോലൊരു മനുഷ്യന് ഒരു നിമിഷം കൊണ്ട് ഇതെല്ലാം അങ്ങ് നശിച്ചുപോവുക എന്നു പറഞ്ഞാൽ പിന്നത്തെക്കഥയെന്താണ്? ഭാവി മുഴുവൻ നശിച്ചു. ഭാര്യയാകാനുള്ള സ്ത്രീയുടെ വിധിയെപ്പറ്റി യാതൊരു പിടിയുമില്ല. അച്ഛൻ ജീവിച്ചിരുപ്പുണ്ടോ എന്നു പോലുമറിയില്ല. വിസ്താരമേറിയ കടലിൽ സ്വതന്ത്രനായി കളിക്കുന്ന ഒരു കപ്പൽക്കാരന് പതിനേഴു മാസത്തെ ജയിൽവാസമെന്നു പറഞ്ഞാൽ പിന്നെ അതിൽ വലിയൊരു ശിക്ഷയുണ്ടോ? അങ്ങേയ്ക്ക് എൻ്റെ മേൽ ദയവുണ്ടാകണം. കരുണയല്ല നീതി മാത്രമാണ് ഞാനാവശ്യപ്പെടുന്നത്. വിചാരണ കൂടാതെ എന്നെ അനിശ്ചിതമായി തടവിലിടുന്നതു കഷ്ടമല്ലേ സർ?

ലോകത്തെ ഏറ്റവും ഹതഭാഗ്യനായ ആ മനുഷ്യൻ്റെ പേര് ഡാൻ്റിസ് എന്നാണ് (കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ)

കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യൻ എൻ്റെ സ്വപ്നത്തിൽ വന്നിരുന്നു.

അയാൾ ഐ സി യു വിൽ കിടക്കുകയായിരുന്നു.

എൺപത്തിനാലുകാരനായ എന്നെ നിങ്ങളെന്തിനാണ് ഇപ്പോഴും മഴയത്തു നിർത്തിയിരിക്കുന്നത് എന്ന ചോദ്യം ആ മനുഷ്യൻ്റെ പാതിയടഞ്ഞ കൺകളിലുണ്ടായിരുന്നു.

ഞാൻ ഞെട്ടിയുണർന്ന്, വിയർത്ത്...

എനിക്കു മറുപടിയുണ്ടായിരുന്നില്ല.

ആ മനുഷ്യനോട് ആരാണ് മറുപടി പറയുക?

മറുപടികൾ കേൾക്കാത്ത ലോകത്തേയ്ക്ക്, പ്രതി എന്ന വിശേഷണത്തോടെ തന്നെ പോയിക്കഴിഞ്ഞ ആ മനുഷ്യൻ്റെ ആത്മാവ് കോടതി മുറിയുടെ മച്ചിൽ ഒരു ചോദ്യചിഹ്നമായി തൂങ്ങിക്കിടപ്പുണ്ട്.

പൂർവാശ്രമത്തിൽ ജഡ്ജിയായിരുന്ന ഒരാൾ ആ മനുഷ്യനോട് മാപ്പ് ചോദിക്കുന്നു.

ഈ ലോകത്തിലെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യൻ്റെ പേര് സ്റ്റാൻ സാമി എന്നാണ്.

ലോകത്തെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യനെക്കുറിച്ചാണ് ഞാനിപ്പോൾ ഓർക്കുന്നത്.

അന്നു രാവിലെ നിറഞ്ഞ മജിസ്ട്രേറ്റ് കോടതിയിൽ...

Posted by എസ്. സുദീപ് on Monday, July 5, 2021


TAGS :

Next Story