Quantcast

'മരുമക്കത്തായത്തിന്റെ നിശ്ശബ്ദ ശക്തി'; മലയാളി ഗവേഷകനെ കുറിച്ച് നാഷണൽ ജിയോഗ്രഫിക് മാഗസിനിൽ ലേഖനം

MediaOne Logo

Web Desk

  • Updated:

    2022-09-07 08:18:21.0

Published:

14 April 2021 11:59 AM GMT

മരുമക്കത്തായത്തിന്റെ നിശ്ശബ്ദ ശക്തി; മലയാളി ഗവേഷകനെ കുറിച്ച് നാഷണൽ ജിയോഗ്രഫിക് മാഗസിനിൽ ലേഖനം
X

വിഖ്യാതമായ നാഷണൽ ജിയോഗ്രഫിക് മാഗസിനില്‍ മലയാളി ഗവേഷകൻ ഡോ. മഹ്‌മൂദ് കൂരിയയെ കുറിച്ച് ലേഖനം. ദ സൈലന്റ് പവർ ഓഫ് മാർട്ടിയാർക്കി (മരുമക്കത്തായ സമ്പ്രദായത്തിന്റെ നിശ്ശബ്ദ ശക്തി) എന്ന തലക്കെട്ടോടെയാണ് മാഗസിന്‍റെ ഡച്ച് എഡിഷനിൽ ലേഖനം പ്രസിദ്ധീകൃതമായത്.

നെതർലാൻഡ്‌സിലെ ലെയ്ഡൻ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ മഹ്‌മൂദ് കൂരിയ നേരത്തെ, ഡച്ച് സർക്കാറിനു കീഴിലുള്ള ഓർഗനൈസേഷൻ ഫോർ സയന്റിഫിക് റിസർച്ചിന്റെ 2,50,000 യൂറോയുടെ (രണ്ടു കോടി രൂപ) 'വെനി' റിസർച്ച് ഫെലോഷിപ്പും യുഎസിലെ സോഷ്യൽ സയൻസ് റിസർച്ച് കൗൺസിലിൽ നിന്ന് 30 ലക്ഷം രൂപയുടെ ഗ്രാന്റും സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ സമുദ്ര തീരരാഷ്ട്രങ്ങളിലെ മുസ്‌ലിം മരുമക്കത്തായ സമ്പ്രദായത്തെ കുറിച്ചാണ് പ്രധാന ഗവേഷണം.

ഡച്ച് ഫ്രീലാൻസ് മാധ്യമപ്രവർത്തക മിർതെ പ്രിൻസ് ആണ് ലേഖനം തയ്യാറാക്കിയിട്ടുള്ളത്. റൂബൻ ഷിപ്പെർ ആണ് ചിത്രങ്ങൾ പകർത്തിയത്. ലേഖനത്തിലെ ഫോട്ടോകൾക്കായി മുന്നൂറിൽ കൂടുതൽ തവണയാണ് ഫോട്ടോഗ്രാഫർ ചിത്രം പകർത്തിയതെന്ന് ഫേസ്ബുക്കിൽ മഹ്‌മൂദ് കുറിച്ചു.

ഹരിയാന സോനിപതിലെ അശോക യൂണിവേഴ്‌സിറ്റിയിൽ വിസിറ്റിങ് ഫാക്കൽറ്റിയാണ്. യൂസസ് ഓഫ് ദ പാസ്റ്റ്; അണ്ടർസ്റ്റാൻഡിങ് ശരീഅ എന്ന, നാല് യൂറോപ്യൻ സർവകലാശാലകൾ സഹകരിക്കുന്ന ഹെറ പദ്ധതിക്ക് കീഴിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയായിരുന്നു. ലെയ്ഡനിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഏഷ്യൻ സ്റ്റഡീസിലും ആഫ്രിക്കൻ സ്റ്റഡീസിലും റിസർച്ച് ഫെലോ ആയി ജോലി ചെയ്തിട്ടുണ്ട്.

ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും എംഫിലും സ്വന്തമാക്കിയ മഹ്‌മൂദ് ലെയ്ഡൻ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹിസ്റ്ററിയിൽ നിന്ന് പി.എച്ച്.ഡിയും നേടി. ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച Malabar in the Indian Ocean: Cosmopolitanism in a Maritime Historical Region, സാൻ റാവൻസ്ബർഗനുമായി ചേർന്നെഴുതിയ The Indian Ocean of Law: Hybridity and Space എന്നിവയാണ് പുസ്തകങ്ങൾ. ഇതിന് പുറമേ, നിരവധി അന്താരാഷ്ട്ര ജേണലുകളിൽ പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ പനങ്ങാങ്ങര സ്വദേശിയായ മഹ്‌മൂദ് അന്തരിച്ച കുഞ്ഞിമൊയ്ദീൻ മുസ്‌ലിയാരുടെയും മൈമൂനത്തിന്റെയും മകനാണ്.

TAGS :

Next Story