Quantcast

നോണ്‍ ഹലാല്‍ ഭക്ഷണ വിവാദം; 'എയറിലുള്ള' വര്‍ഗീയ വാര്‍ത്തകള്‍ വ്യാജമെന്ന് പൊലീസ്

വര്‍ഗീയ പരാമര്‍ശം നടത്തി ആക്രമണം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എറണാകുളം ഇന്‍ഫോപാര്‍ക്ക് പൊലീസ് വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    28 Oct 2021 2:01 PM GMT

നോണ്‍ ഹലാല്‍ ഭക്ഷണ വിവാദം; എയറിലുള്ള വര്‍ഗീയ വാര്‍ത്തകള്‍ വ്യാജമെന്ന് പൊലീസ്
X

നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് വനിത സംരംഭകയെ ആക്രമിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് പൊലീസ്. കെട്ടിട തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അക്രമത്തില്‍ കലാശിക്കുകയായിരുന്നു. വര്‍ഗീയ പരാമര്‍ശം നടത്തി ആക്രമണം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസ് വ്യക്തമാക്കി.

പാലാരിവട്ടത്ത് നോണ്‍ ഹലാല്‍ ഫുഡ് ബോര്‍ഡ് വെച്ച് നന്ദൂസ് കിച്ചണ്‍ എന്ന റെസ്റ്റോറന്റ് നടത്തുന്ന തുഷാരയും ഭര്‍ത്താവ് അജിത്തും കാക്കനാട് പുതിയ കട നടത്താനുളള ശ്രമത്തിലായിരുന്നു. ഇവിടെ കഫേ നടത്തുന്ന ബിനോജ് , നകുല്‍ എന്നിവരുമായാണ് തര്‍ക്കം ഉണ്ടായത്. ബേല്‍പ്പുരി വില്‍പ്പന നടത്തുന്ന സ്റ്റാള്‍ തുഷാരയും സംഘവും എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ഇത് പിന്നീട് സംഘര്‍‌ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു.

സംഭവത്തെത്തുടര്‍ന്ന് തുഷാര ഫേസ്ബുക്ക് ലൈവിലെത്തി. തന്നെ കച്ചവടം നടത്താന്‍ അനുവദിക്കുന്നില്ലെന്നും ജിഹാദികള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ചു. ഇതോടെ സംഘപരിവാര്‍ സംഘടനകള്‍ വിഷയം ഏറ്റെടുത്തു. നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് തുഷാരക്ക് മര്‍ദനം എന്ന രീതിയില്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായി.

എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നും കെട്ടിട തര്‍ക്കവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം കയ്യാങ്കളിയിലെത്തിയതാണെന്നും പൊലീസ് വ്യക്തമാക്കുന്നു. തുഷാരയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ക്കെതിരെയും തങ്ങളെ അക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്ന യുവാക്കളുടെ പരാതിയില്‍ തുഷാരക്കും കൂടെയുണ്ടായിരുന്നവര്‍ക്കുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Next Story