Quantcast

സാമൂഹിക- വനിതാ ക്ഷേമ പ്രവർത്തക മേരി റോയ് അന്തരിച്ചു

ക്രിസ്ത്യൻ പിന്തുടർച്ചാ കേസിൽ നിർണായക നിയമപോരാട്ടം നടത്തിയ വ്യക്തിയാണ്.

MediaOne Logo

Web Desk

  • Updated:

    2022-09-01 08:36:29.0

Published:

1 Sep 2022 5:54 AM GMT

സാമൂഹിക- വനിതാ ക്ഷേമ പ്രവർത്തക മേരി റോയ് അന്തരിച്ചു
X

കോട്ടയം: സമൂഹിക- വനിതാ ക്ഷേമ പ്രവർത്തകയും വിദ്യാഭ്യാസ വിദഗ്ധയുമായ മേരി റോയ് (89) അന്തരിച്ചു. വിദ്യാഭ്യാസത്തില്‍ പുതുസമീപനമായ കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപകയായ മേരി റോയി ക്രിസ്ത്യൻ പിന്തുടർച്ചാ കേസിൽ നിർണായക നിയമപോരാട്ടം നടത്തിയ വ്യക്തിയാണ്.

ക്രിസ്‌ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രിംകോടതി വിധിക്കു വഴിയൊരുക്കിയത് മേരി റോയിയുടെ നിയമപോരാട്ടമാണ്. ചരിത്ര പ്രധാനമായ വിധി 1986ലാണ് മേരി റോയ് സുപ്രിംകോടതിയില്‍ നിന്നും നേടിയെടുത്തത്.

പിതൃ സ്വത്തില്‍ ആണ്‍മക്കളുടെ പങ്കിന്റെ വെറും കാല്‍ ഭാഗമോ 5000 രൂപയോ ഇതില്‍ ഏതാണോ കുറവ് അതിനു മാത്രം അവകാശമുള്ള 1916ലെ തിരുവിതാംകൂര്‍ പിന്തുടര്‍ച്ചാ നിയമവും 1921ലെ കൊച്ചി പിന്തുടര്‍ച്ചാ നിയമവും പിന്തുടര്‍ന്ന് വന്ന സിറിയന്‍ ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകള്‍ക്ക് സ്വത്തില്‍ തുല്യ പങ്ക് ലഭ്യമാക്കിയായിരുന്നു കോടതി വിധി.

സ്വന്തം സഹോദരനെതിരെയായിരുന്നു ഈ നിയമപോരാട്ടം. വിവാഹാനന്തരം ഭർത്താവും ബം​ഗാൾ സ്വദേശിയുമായ രാജീബ് റോയ്ക്കൊപ്പം അസമിലായിരുന്നു മേരി താമസിച്ചത്. അവിടെ, ഒരു തേയിലത്തോട്ടത്തിൽ മാനേജരായിരുന്നു രാജീബ് റോയ്. പിന്നീട്, രാജീബ് റോയുടെ അമിതമായ മദ്യപാനം മൂലം ദാമ്പത്യം പാതിവഴിയിൽ ഉപേക്ഷിച്ച് മേരി തന്റെ 30ാം വയസിൽ രണ്ട് മക്കളുമായി ഊട്ടിയിലുള്ള പിതാവിന്റെ പൂട്ടിക്കിടന്ന കോട്ടേജിൽ താമസം തുടങ്ങി. ഇതോടെയാണ് തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാ നിയമത്തിനെതിരെയുള്ള സുപ്രധാനമായ ആ നിയമ പോരാട്ടം ആരംഭിച്ചത്.

അപ്പന്റെ വീട് മേരി കൈവശപ്പെടുത്തിയാലോ എന്ന് ഭയന്ന് സഹോദരൻ ജോർജ്, ആ വീട്ടിൽ നിന്ന് ഇറങ്ങിക്കൊടുക്കണമെന്ന് മേരിയോട് ആവശ്യപ്പെട്ടു. എന്നാൽ, മേരി അതിന് തയ്യാറായില്ല. തുടർന്ന്, ജോർജ് ഗുണ്ടകളുമായെത്തി അവരെ ആ വീട്ടിൽ നിന്നും ബലമായി ഇറക്കിവിട്ടു. ഇതേത്തുടർന്നാണ്, 1916-ലെ തിരുവിതാംകൂർ ക്രിസ്ത്യൻ പിൻതുടർച്ചാവകാശ നിയമത്തെ ചോദ്യംചെയ്ത് മേരിറോയ് കോടതി കയറുന്നത്.

1960കളുടെ പാതിയോടെ കീഴ്കോടതികളിൽ നിന്നും ആരംഭിച്ച മേരിയുടെ ഈ നിയമപോരാട്ടം 1984ൽ സുപ്രീംകോടതിയുടെ മുമ്പിലെത്തി. 1986ൽ, തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശനിയമം സുപ്രീംകോടതി അസാധുവാക്കി. വിൽപ്പത്രമെഴുതാതെ മരിക്കുന്ന അപ്പന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യാവകാശമെന്ന ക്രിസ്ത്യൻ പുരുഷസമൂഹത്തെ ഞെട്ടിച്ച ആ വിധിയാണ് മേരിയെ പ്രശസ്തയാക്കിയത്.

എന്നാൽ, കേസിനു പോയി കിട്ടിയ ഭൂമി തങ്ങൾക്കു വേണ്ടെന്ന മകൻ ലളിത് റോയിയുടെയും മകൾ അരുന്ധതി റോയിയുടെയും അഭിപ്രായത്തെത്തുടർന്ന് അത് സഹോദരന് തന്നെ തിരിച്ച് നൽകാൻ മേരി തയ്യാറായി. അങ്ങനെ, പതിറ്റാണ്ടുകൾ നീണ്ട് നിന്ന നിയമപോരാട്ടങ്ങൾക്കൊടുവിൽ കോടതി വിധിപ്രകാരം പിതൃസ്വത്തായി തനിക്ക് കോട്ടയത്തെ നാട്ടകത്ത് കിട്ടിയ ഷെയർ സഹോദരന് തന്നെ പതിറ്റാണ്ടുകൾക്ക് ശേഷം മേരി തിരിച്ച് നൽകി.

പള്ളിക്കൂടം സ്കൂളിൽ സ്വതന്ത്രമായ കലാപ്രവര്‍ത്തനവും ആവിഷ്‌കാര സ്വാതന്ത്ര്യവും മേരി റോയി നടപ്പിലാക്കിയിരുന്നു. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്. 1933ൽ കോട്ടയത്ത് ജനിച്ച മേരി ഡൽഹി ജീസസ് മേരി കോൺവെന്റിലും ബിരുദത്തിന് ചെന്നൈ ക്വീൻ മേരീസിലുമാണ് പഠിച്ചത്.

TAGS :

Next Story