Quantcast

'ട്രയാജ്' കൂടുതൽ ആശുപത്രികളിലേക്ക്: അത്യാഹിത വിഭാഗത്തിലെ അക്രമം തടയുക ലക്ഷ്യം

ട്രയാജ് സംവിധാനം നടപ്പാക്കിയാല്‍ രോഗികളും ആരോഗ്യപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം കുറയ്ക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം

MediaOne Logo

Web Desk

  • Updated:

    2023-05-19 03:29:05.0

Published:

19 May 2023 2:39 AM GMT

Triage to more hospitals: Aim to prevent violence in casualities
X

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മെഡിക്കല്‍ കോളജുകളില്‍ നടപ്പാക്കിയ ട്രയാജ് സംവിധാനം കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാന്‍ ആരോഗ്യവകുപ്പ് ഒരുങ്ങുന്നു. അത്യാഹിത വിഭാഗങ്ങളിലെ ഡോക്ടർമാർക്കെതിരെയുള്ള അക്രമം കൂടിയ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് നടപടികൾ ഊർജിതമാക്കിയത്..

അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് രോഗത്തിന്റെ തീവ്രത അനുസരിച്ച് ചികിത്സ നിർണയിക്കുന്ന രീതിയാണ് ട്രയാജ് സംവിധാനം. മെഡിക്കല്‍ കോളജുകള്‍ക്ക് പുറമെ ജില്ലാ ആശുപത്രികളിലും ട്രയാജ് നടപ്പാക്കും. നിലവിലുളള സ്റ്റാഫ് പാറ്റേണ്‍ പുനക്രമീകരിച്ചാണ് ട്രയാജ് വ്യാപകമാക്കുന്നത്.

രോഗത്തിന്റെ സ്വഭാവമനുസരിച്ച് ഗ്രീൻ,യെല്ലോ,റെഡ് എന്നീ മൂന്ന് കാറ്റഗറികളാക്കി രോഗികളെ തരം തിരിക്കും. ശേഷം ഹൗസ് സർജൻസിന്റെ നേതൃത്വത്തിൽ ഇവരെ പ്രാഥമിക പരിശോധനക്ക് വിധേയമാക്കും. മൂന്ന് കാറ്റഗറിയിൽ ഏതിലാണ് രോഗി ഉൾപ്പെടുക എന്ന് ഹൗസ് സർജൻസ് അല്ലെങ്കിൽ മുതിർ ആരോഗ്യ പ്രവർത്തകർ വിലയിരുത്തിയതിന് ശേഷമേ ഇവരെ ഡോക്ടറുടെ അടുത്ത് അയയ്ക്കുകയുള്ളൂ.

ട്രയാജ് സംവിധാനം നടപ്പാക്കിയാല്‍ രോഗികളും ആരോഗ്യപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം കുറയ്ക്കാമെന്ന് ആരോഗ്യവകുപ്പിന്റെ നിഗമനം. 2020ൽ ജില്ലാ താലൂക്ക് തല ആശുപത്രികളിൽ സംവിധാനം നടപ്പിലാക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. മതിയായ ആരോഗ്യ പ്രവർത്തകർ ഇല്ലാത്തത് കാരണം പക്ഷേ ഇത് നടപ്പായില്ല. രണ്ട് ഡോക്ടര്‍മാരും നാല് നഴ്സിങ് സ്റ്റാഫും മൂന്ന് നഴ്സിങ് അസിസ്റ്റന്റും ഉണ്ടായാല്‍ ട്രയേജ് സംവിധാനത്തിന്റെ പ്രാഥമികഘട്ടം നടപ്പാക്കാനാകും.

അത്യാഹിത വിഭാഗത്തിൽ അധികസമയം കാത്തുനിൽക്കേണ്ടി വരുന്നതിനെ പറ്റിയുള്ള തർക്കങ്ങളാണ് ഡോക്ടർമാർക്കെതിരെയുള്ള അക്രമത്തിൽ കലാശിക്കുന്നതെന്ന് ആരോഗ്യവകുപ്പും വിലയിരുത്തുന്നു. ഈ പശ്ചാത്തലത്തിൽ നിലവിൽ എമർജൻസി മെഡിസിൻ സൗകര്യങ്ങളുള്ള ആശുപത്രികളിൽ കൂടി ട്രയാജ് പെട്ടെന്ന് തന്നെ നടപ്പാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം

TAGS :

Next Story