Quantcast

അതിജീവനം, ആവിഷ്കാരം, പ്രതിനിധാനം: വയനാട് ലിറ്ററേചർ ഫെസ്റ്റിവലിന് ആരംഭം

മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്റ്റിവെലിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു

MediaOne Logo

മീനു മാത്യു

  • Updated:

    2022-12-30 11:54:58.0

Published:

30 Dec 2022 11:53 AM GMT

അതിജീവനം, ആവിഷ്കാരം, പ്രതിനിധാനം: വയനാട് ലിറ്ററേചർ ഫെസ്റ്റിവലിന് ആരംഭം
X

മാനന്തവാടി : അതിജീവനം, ആവിഷ്ക്കാരം, പ്രതിനിധാനം, എന്ന ആശയത്തിന്റെ കരുത്തിൽ വയനാട് സാഹിത്യോത്സവത്തി (വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ - ഡബ്ലൂ.എൽ.എഫ്) ന്റെ ആദ്യ പതിപ്പിന് മാനന്തവാടി ദ്വാരകയിൽ തുടക്കമായി. പ്രശസ്ത മാധ്യമ പ്രവർത്തകൻ ഡോ. വിനോദ് കെ. ജോസ് ഡയറക്ടറായുള്ള ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത് മാന്തവാടി ബ്ലോക്ക് പഞ്ചായത്തും എടവക ഗ്രാമ പഞ്ചായത്തും ചേർന്നാണ്.

ഒന്നാം ദിവസമായ ഡിസംബർ ഇരുപത്തി ഒൻപതിന്, വേദി ഒന്ന് മാവേലി മണ്റത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്റ്റിവെലിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും മുഖ്യപ്രഭാഷണം നിർവഹിച്ചു. വയനാട് എം.പി രാഹുൽ ഗാഡി ഓൺലൈനായി സന്ദേശം നൽകി.

അധ്യാപകനും എഴുത്തുകാരനുമായ ഷാജി പുൽപ്പള്ളി മോഡറേറ്റ് ചെയ്ത ആദ്യ സമ്മേളനത്തിൽ 'എഴുത്തിൻെറ വയനാടൻ ഭൂമിക' എന്ന വിഷയത്തിൽ സാഹിത്യ നിരൂപകനും കവിയും നോവലിസ്റ്റുമായ കൽപ്പറ്റ നാരായണൻ, എഴുത്തുകാരനും സംവിധായകനുമായ കെ.ജെ ബേബി, നോവലിസ്റ്റ് ഷീല ടോമി, കെ.യു ജോണി എന്നിവരാണ് പാനലിസ്റ്റുകളായത്.



'ലോകനവീകരണത്തിന് ദലിത്-ആദിവാസി സമൂഹത്തിന്റെ എഴുത്തും ഭാവനയും' എന്ന രണ്ടാം സെഷനിൽ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സണ്ണി എം. കപിക്കാട്, ഗോത്രകവികളായായ ധന്യ വേങ്ങച്ചേരി, സുകുമാരൻ ചാലിഗദ്ദ, പണിയ സമുദായത്തിലെ ആദ്യ എം.ബി.എ ബിരുദ ധാരിയായ സി. മണികണ്ഠൻ എന്നിവർ പങ്കെടുത്തു. അധ്യാപകനും നിരൂപകനും ആക്ടിവിസ്റ്റുമായ കെ.കെ സുരേന്ദ്രൻ ചർച്ച മോഡറേറ്റ് ചെയ്തു. വേദി രണ്ട് നെല്ലിൽ സംഘടിപ്പിച്ച 'വയനാടൻ കോലായ- പി. കെ പാറക്കടവിനോടൊപ്പം' എന്ന സാഹിത്യവർത്തമാനവും, മുസ്തഫ ദ്വാരക മോഡറേറ്റ് ചെയ്ത 'കവിയരങ്ങും' ശ്രദ്ധേയമായി.

ചലച്ചിത്രോൽസവത്തിന്റെ ഉദ്ഘാടനം പ്രശസ്ത ചിത്രസംയോജക ബീനാ പോൾ നിർവഹിച്ചു. 'ലോക സിനിമയും മലയാള സിനിമയും' സെഷനിൽ ഒ.കെ ജോണി മോഡറേറ്റർ ആയി. 'കഥയരങ്ങ്+കഥയുടെ ചില വർത്തമാനങ്ങൾ', ' കോവിഡാന്തര ലോകം- ആരോഗ്യം, സാഹിത്യം, സംസ്കാരം' എന്നീ സെഷനുകൾക്കു ശേഷം 'ഇന്ത്യൻ സംസ്ക്കാരം-ബഹുസ്വരതയുടെ പ്രതിസന്ധി' എന്ന വിഷയത്തിൽ കെ. സച്ചിദാനന്ദന്റെ പ്രഭാഷണം ജനശ്രദ്ധ പിടിച്ചുപറ്റുകയും നിരവധി ചർച്ചകൾക്കു വഴിയൊരുക്കുകയും ചെയ്തു.


ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിത എന്ന വിശേഷണത്തിനു യോഗ്യയായ അരുന്ധതി റോയ് ഡോ.വിനോദ് ജോസുമായി നടത്തിയ 'പറയാൻ പറ്റുന്നതും പറയാൻ പറ്റാത്തതും' എന്ന സംവാദം ഫെസ്റ്റിവലിന്റെ തന്നെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി. ഒപ്പം അരുന്ധതി റോയിയുടെ 'ആസാദി'യിലെ പ്രസക്തഭാഗങ്ങളുടെ വായന പുസ്തകത്തിന്റെ വിവർത്തകൻ ജോസഫ് കെ. ജോബ് നിർവഹിച്ചു. നവാസ് മന്നൻ അവതരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ 'വിശ്വവിഖ്യാതമായ മൂക്കിന്റെ' കഥാവിഷ്ക്കാരവും അലക്സ് പോള് സംഗീത സംവിധാനം നിർവഹിച്ച ടൈ്രബൽ ബാൻഡും ഒന്നാം ദിവസത്തിന്റെ മറ്റ് ആകർഷകങ്ങകളാണ്.

നാട്ടറിവുകളും ഗ്രാമനന്മകളും തേടി ചെറുവയൽ രാമേട്ടനോടൊപ്പമുള്ള ഹെറിറ്റേജ് വോക്കിൽ നിന്നുമാണ് രണ്ടാം ദിവസത്തിന്റെ തുടക്കം. ശേഷം മാവേലി മൺറത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷിന്റെ മുഖ്യപ്രഭാഷണം. സുനിൽ പി ഇളയിടത്തിന്റെ 'ഇതിഹാസങ്ങളുടെ തിരുശേഷിപ്പുകൾ-ഒരു സമകാലിക വായന'യും, കവിതാ-കഥയരങ്ങുകളും, 'മലയാളസിനിമ താണ്ടിയ രാഷ്ട്രീയദൂരങ്ങൾ' എന്ന വിഷയത്തിലെ സമകാലിക പ്രസക്തമായ ചർച്ചയും. പ്രശസ്ത എഴുത്തുകാർ സക്കറിയ-ഷീല ടോമി, കെ ആർ മീര-ധന്യ രാജേന്ദ്രൻ എന്നിവർ തമ്മിലുള്ള സംഭാഷണ പരമ്പരയും, 'രാമായണം-വയനാടിന് അകത്തും പുറത്തും' എന്ന വിഷയത്തിലെ പാനൽ ചർച്ചയും രണ്ടാം ദിവസത്തിനു തിളക്കം കൂട്ടുകയാണ്. മധുപാലിനോടും റഫീക്ക് അഹമ്മദിനോടുമൊപ്പമുള്ള സാഹിത്യ വർത്തമാനവും, 'അന്വേഷണാത്മക പത്രപ്രവർത്തനം- ആവേശങ്ങളും വെല്ലുവിളികളും' എന്ന ലീന ഗീത രഘുനാഥ് മോഡറേറ്റ് ചെയ്യുന്ന ചർച്ചയും രണ്ടാം ദിവസത്തിന്റെ രണ്ടാം പകുതിയെ സജീവമാക്കും.


രണ്ടു ദിവസങ്ങളിലായി നടക്കുന്ന തീകായൽ വായനകളും രണ്ടാം ദിനത്തിലെ അനാർക്കലി മരിക്കാർ നയിക്കുന്ന സംഗീതനിശയും സാഹിത്യോത്സവത്തിന്റെ രാത്രികളെ ഉത്സാഹഭരിതമാക്കുമെന്നതിൽ സംശയമില്ല. വിവിധ വേദികൾക്കു സമീപമായി എല്ലാ ദിവസവും നടക്കുന്ന ബുക്ക് ഫെയറുകളും ആർട്ട് എക്സിബിഷനുകളും ഒപ്പം കലാമൂല്യമേറിയ നിരവധി ചലച്ചിത്രങ്ങളാൽ സമ്പന്നമായ ഫിലിം ഫെസ്റ്റിവലും കൂടി ചേരുമ്പോൾ സാഹിത്യത്തെ സ്നേഹിക്കുന്ന ഒരുകൂട്ടം മനുഷ്യർ എല്ലാം മറന്ന് മൂന്നു ദിനത്തേയ്ക്ക് വയനാടിൻെറ ചുരങ്ങൾ കേറും.

വയനാട് ജില്ലാ മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ ഒരുക്കുന്ന ഫുഡ്ഫെസ്റ്റിവൽ ഡബ്ലൂ.എൽ.എഫ് ന്റെ സ്നേഹിതർക്ക് വയനാടിന്റെ രുചിക്കൂട്ടുകളെക്കൂടി പരിചയപ്പെടുത്തുന്നതോടെ സാഹിത്യോത്സവം അറിവിന്റെ മാത്രമല്ല വിവിധ സംസ്ക്കാര സാമൂഹിക സാഹചര്യങ്ങളുടെ സംഗമ ആഘോഷ വേദിയായിക്കൂടി മാറുന്നു.

ആഘോഷങ്ങൾക്കും ആരവങ്ങൾക്കുമിടയിൽ പഴയ തലമുറയെ ഒാർക്കാനും സാഹിത്യത്തിലും കലയിലും മുൻപേ നടന്നവരെ ആദരിക്കാനും വയനാട് മറക്കുന്നില്ല. ഒപ്പം പുത്തൻ കലാസൃഷ്ടികളെയും എഴുത്തുകളെയും ഇൗ വേദി അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Next Story