Quantcast

പൊതുമാപ്പ്: തിരിച്ചു പോകുന്നവരുടെ യാത്രാചെലവ് കുവൈത്ത് വഹിക്കും 

യാത്ര പുറപ്പെടുന്നത് വരെയുള്ള താമസസൗകര്യവും ഒരുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു   

MediaOne Logo

Muneer Ahamed

  • Published:

    30 March 2020 12:02 PM GMT

പൊതുമാപ്പ്: തിരിച്ചു പോകുന്നവരുടെ യാത്രാചെലവ് കുവൈത്ത്  വഹിക്കും 
X

കുവൈത്ത് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പൊതുമാപ്പ് സംബന്ധിച്ച വിശദീകരണമുള്ളത്. ഇതനുസരിച്ചു നിയമ ലംഘകർക്കു പിഴയൊന്നും അടക്കാതെ സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകാം. ഇവർക്കുള്ള വിമാന യാത്രാ ചെലവ് കുവൈത്ത് സർക്കാർ വഹിക്കും. ഇളവ് പ്രയോജനപ്പെടുത്താൻ മുന്നോട്ടു വരുന്നവർക്ക് നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് യാത്ര പുറപ്പെടുന്നത് വരെയുള്ള താമസ സൗകര്യവും അധികൃതർ ഒരുക്കും. ഇത്തരക്കാർക്ക് പുതിയ വിസയിൽ പിന്നീട് കുവൈത്തിലേക്ക് വരുന്നതിനും തടസ്സമുണ്ടാകില്ല.

ഏപ്രിൽ ഒന്ന് മുതൽ ഒരു മാസക്കാലത്തേക്കാണ് ഇളവ്. പൊതുമാപ്പ് നടപടികൾക്കായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ രാജ്യക്കാർക്കും പ്രത്യേക കാലയളവും ആഭ്യന്തര മന്ത്രാലയം നിശ്‌ചയിച്ചു നൽകിയിട്ടുണ്ട്. താമസ നിയമലംഘകരായ ഇന്ത്യക്കാർ ഏപ്രിൽ 11 മുതൽ ഏപ്രിൽ 15 വരെയുള്ള തിയ്യതികളിലാണ് തിരിച്ചു പോക്കിനുള്ള നടപടികൾ പൂർത്തിയാക്കേണ്ടത് .

പുരുഷന്മാർ അൽ മുത്തന്ന ബോയ്സ് സ്‌കൂളിലും (ഫർവാനിയ, ബ്ലോക്ക് 1 , സ്ട്രീറ്റ് 122 ) , സ്ത്രീകൾ ഫർവാനിയ ഗേൾസ് സ്‌കൂളിലും (ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76) ആണ് ഹാജരാകേണ്ടത് . രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു മണി വരെയാണ് പ്രവർത്തന സമയം.

ഇളവ് കാലം പ്രയോജനപ്പെടുത്താതെ രാജ്യത്തു തുടരുന്ന നിയമലംഘകർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

TAGS :

Next Story