Quantcast

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: മലബാർ വിദ്യാഭ്യാസ പാക്കേജ് അനിവാര്യം

ഒട്ടേറെ നേട്ടങ്ങൾ അവകാശപ്പെടാനുണ്ടെന്ന് വാദിക്കുമ്പോഴും ഓരോ മേഖലയിലുമുള്ള സർക്കാറിന്റെ വികസന വിതരണത്തിൽ തുടർച്ചയായി മലബാർ വിവേചനവും അനീതിയും നേരിടുന്നു എന്നതാണ് യാഥാർഥ്യം.

MediaOne Logo
Malabar educational package fraternity
X

fraternity

അസന്തുലിതമായ വികസനത്തിന്റെയും വിഭവ ലഭ്യതയുടെയും കാര്യത്തിൽ ചരിത്രപരമായ വിവേചനമനുഭവിക്കുന്ന മേഖലയാണ് മലബാർ ജില്ലകൾ. ഒട്ടേറെ നേട്ടങ്ങൾ അവകാശപ്പെടാനുണ്ടെന്ന് വാദിക്കുമ്പോഴും ഓരോ മേഖലയിലുമുള്ള സർക്കാറിന്റെ വികസന വിതരണത്തിൽ തുടർച്ചയായി മലബാർ വിവേചനവും അനീതിയും നേരിടുന്നു എന്നതാണ് യാഥാർഥ്യം. മാറി മാറി അധികാരത്തിൽ വന്ന ഇടത്, വലത് സർക്കാറുകൾ ഇതുവരെ ഈ വിവേചന യാഥാർഥ്യത്തെ കാര്യക്ഷമമായി പരിഗണിക്കുകയോ, പരിഹരിക്കുകയോ ചെയ്‌തിട്ടില്ല.

മലബാർ ജില്ലകൾ നേരിടുന്ന നീതി നിഷേധത്തിൽ ഏറ്റവും പ്രധാനമാണ് വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന വിവേചനങ്ങൾ. വിജയ ശതമാനത്തിലും ഉന്നത പഠന നിലവാരത്തിലും മികച്ച നേട്ടങ്ങൾ കൊയ്യുമ്പോഴും മലബാറിൽ പൊതു വിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും പഠന അവസരങ്ങളുടെ കാര്യത്തിൽ അനീതിയുടെ കണക്കുകൾക്ക് ഒരു മാറ്റവും സംഭവികാറില്ല. രണ്ട് പതിറ്റാണ്ടായി ഹയർ സെക്കണ്ടറി മേഖലയിൽ മലബാറിലെ ഭൂരിഭാഗം ജില്ലകളും രൂക്ഷമായ സീറ്റ് പ്രതിസന്ധി ഇപ്പോഴും അനുഭവിക്കുന്നുണ്ട്. സീറ്റ് പ്രതിസന്ധി നിലനിൽക്കുന്നില്ലെന്ന് ആദ്യം പറയാറുള്ള സംസ്ഥാന സർക്കാർ തന്നെ പ്രവേശന നടപടികൾ പൂർത്തിയാകുമ്പോൾ പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രകടമായ അസന്തുലിതത്വം ഉണ്ടെന്ന് സമ്മതിക്കേണ്ടി വരാറാണ് പതിവ്. തുടന്ന് ആനുപാതിക സീറ്റ് വർധനവ്, തെക്കൻ ജില്ലകളിൽ അധികമായബാച്ചുകൾ താത്കാലികമായി അനുവദിക്കൽ എന്നീ പരിഹാര മാർഗങ്ങളാണ് സ്വീകരിക്കാറ്. ഇത് ഒരിക്കലും ശാശ്വതമായ പരിഹാരം അല്ല. ഓരോ വർഷം കഴിയും തോറും പുറത്തു നിർത്തപ്പെടുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുയും ചെയ്യുന്നു.

വിവിധ ജനകീയ സമരങ്ങളിലൂടെയും മലബാർ വിദ്യാഭ്യസ അവകാശ പ്രക്ഷോഭങ്ങളിലൂടെയും വിവേചനത്തിന്റെ കണക്കുകൾ പുറത്ത് വിട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഉൾപ്പെടെയുള്ള സംഘടനകൾ തെരുവിലിറങ്ങാറുണ്ട്. ഈ വിവേചന ഭീകരതയെ കണ്ടില്ലെന്നു നടിക്കാൻ സംസ്ഥാന സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും കഴിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എൽ.ഡി.എഫ് പ്രകടനപത്രികയിൽ സ്‌പെഷ്യൽ പാക്കേജ് എന്ന തലക്കെട്ടിന് കീഴിൽ മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി പഠിച്ച് അവ പരിഹരിക്കാനാവശ്യമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും നയപരമായ തീരുമാനങ്ങൾ സംസ്ഥാന സർക്കാറോ കാര്യക്ഷമായ പരിഹാര നടപടികളോ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരുന്നില്ല..

പുതിയ അധ്യയന വർഷത്തിലെ ഹയര്‍ സെക്കന്‍ററിയിലെ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് ബാച്ചുകളുടെ പുനഃ ക്രമീകരണം, അധികബാച്ചുകള്‍, ഏകജാലക പ്രവേശന മാനദണ്ഡങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയവ സംബന്ധിച്ച പഠനത്തിനായി പ്രഫ.വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷനായ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി വ്യക്തമാക്കിയിരുന്നു. വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന സർക്കാറിന് സമർപ്പിക്കും.

വിദ്യാർഥി പ്രവേശനവുമായി ബന്ധപ്പെട്ട പഠനത്തിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച കമ്മിറ്റിക്ക് മുമ്പാകെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള സംസ്ഥാന കമ്മിറ്റി സമർപ്പിക്കുന്ന നിർദേശങ്ങൾ:

പ്ലസ് വൺ പ്രവേശനം : മലബാർ ജില്ലകളിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കുക, പുതിയ സ്ഥിരം ബാച്ചുകളും സ്കൂളുകളും അനുവദിക്കുക. സംസ്ഥാനത്തെ ഹയർ സെക്കന്ററി പഠന മേഖലയിൽ അസന്തുലിതമായ സീറ്റ് വിതരണമാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് കഴിഞ്ഞ നിരവധി വർഷങ്ങളായുള്ള അനുഭവമാണ്. പ്രവേശന നടപടികൾ പൂർത്തിയാകുമ്പോൾ എറണാകുളം മുതലുള്ള പല ജില്ലകളിലും പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോൾ തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഭൂരിഭാഗം മലബാർ മേഖലകളിലും മതിയായ പ്ലസ് വൺ സീറ്റുകളില്ലാതെ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പുറത്തക്കപ്പെടുന്നത്. ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പോലും മതിയായ പഠനവസരമില്ലാതെ പുറത്താക്കപ്പെടുന്ന സാഹചര്യം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആശങ്കയാണ്.

സംസ്ഥാനത്ത് ഇ.കെ നായനാര്‍ മുഖ്യമന്ത്രിയും പി.ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയുമായ 2000 ലാണ് പ്രീഡിഗ്രി കോളേജുകളില്‍നിന്ന് പൂര്‍ണമായും വേര്‍പ്പെടുത്തി ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം സ്‌കൂളുകളില്‍ മാത്രമായി പരിമിതപ്പെടുത്തുന്നത്. അന്ന് പത്താംക്ലാസ്സില്‍ പരീക്ഷയെഴുതി വിജയിച്ചിരുന്ന കുട്ടികള്‍ക്ക് ആനുപാതികമായി പ്ലസ് വണ്‍ ബാച്ചുകളും സീറ്റുകളും അനുവദിക്കുന്നതിന് പകരം മറ്റുപല പരിഗണനകളിലുമാണ് ഹയര്‍ സെക്കന്ററി ബാച്ചുകള്‍ അനുവദിച്ചത്. പൊതുവെ തിരുകൊച്ചി മേഖലയെ അപേക്ഷിച്ച് മലബാറില്‍ ഗവണ്‍മെന്റ്/ എയ്ഡഡ് മേഖലയില്‍ ഹൈസ്‌കൂളുകള്‍ കുറവായിരുന്നിട്ടുപോലും ആവശ്യമായ വിദ്യാലയങ്ങളില്‍ ഇവിടെ പ്ലസ് വണ്‍ അനുവദിച്ചില്ല. എന്നാല്‍, പ്ലസ് വണ്‍ ആരംഭിച്ച ആദ്യ വര്‍ഷങ്ങളില്‍തന്നെ തിരുകൊച്ചി മേഖലയില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ആനുപാതികമായി പ്ലസ് വണ്‍ ബാച്ചുകളും അനുവദിക്കപ്പെട്ടു. മലബാര്‍ മേഖലയില്‍ ആദ്യകാലത്ത് പത്താം ക്ലാസ്സില്‍ വിജയശതമാനം കുറവായതിനാല്‍ ഈ സീറ്റുപരിമിതി വലിയ പ്രതിസന്ധി ഉണ്ടാക്കിയില്ല. എന്നാല്‍, ഓരോ വര്‍ഷം പിന്നിടുന്തോറും വിജയ ശതമാനം ഉയരുകയും സീറ്റുപ്രതിസന്ധി വർധിച്ചുവരുകയും ചെയ്തു. 2005 നു ശേഷം എസ്.എസ്.എല്‍.സി വിജയ ശതമാനം മലബാർ ജില്ലകളിലും 80 ശതമാനത്തിനും മുകളിലായിത്തുടങ്ങിയതോടെ അരലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും ഉപരിപഠനസൗകര്യമില്ലാതെവന്നു. തെക്കന്‍ ജില്ലകളിലാവട്ടെ മുന്‍വര്‍ഷത്തിലും കുറവ് വിദ്യാര്‍ഥികളാണ് തുടര്‍ വര്‍ഷങ്ങളില്‍ പത്താംക്ലാസ്സ് പൂർത്തിയാക്കിയത്. പുതു തലമുറയിലെ ജനസംഖ്യാ മാറ്റത്തെത്തുടർന്ന് സ്‌കൂളില്‍ അഡ്മിഷന്‍ നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ തന്നെ അവിടെ വലിയ കുറവാണുണ്ടായത്. തെക്കന്‍ ജില്ലകളിലെ ചില സകൂളുകളില്‍ ഒരൊറ്റ കുട്ടിയും അഡ്മിഷനില്ലാതെ പ്ലസ് വണ്‍ ബാച്ചുകള്‍ കാലിയായ നിലയിലേക്ക് വരെ കാര്യങ്ങളെത്തി. ഒരേ വിഷയത്തില്‍ മലബാറില്‍ സീറ്റ് പ്രതിസന്ധി വര്‍ഷംതോറും വര്‍ധിച്ചുവന്നപ്പോള്‍ തെക്കന്‍ ജില്ലകളില്‍ വര്‍ധിച്ചത് കുട്ടികളില്ലാതെ വെറുതെ കിടക്കുന്ന ബാച്ചുകളാണ്. മാറിമാറി വന്ന ഇടത് വലത് ഭരണകൂടങ്ങള്‍ അസന്തുലിതമായ ഈ സീറ്റുവിതരണവും ബാച്ച് സംവിധാനവും പഠിച്ച് ശാസ്ത്രീയമായത് പുന:സംവിധാനിച്ച് പ്രശ്നം പരിഹരിക്കാന്‍ യാതൊരു ശ്രമവും നടത്തിയതുമില്ല. സാമൂഹിക അനീതിക്കൊപ്പം അശാസ്ത്രീയവും അസന്തുലിതവുമായ പ്ലസ് വണ്‍ ബാച്ചുകളുടെ വീതംവെപ്പുമാണ് ഇന്ന് മലബാര്‍ മേഖല അനുഭവിക്കുന്ന ഹയര്‍ സെക്കന്ററി പ്രശ്നങ്ങളുടെ അടിവേര്. നിലവിൽ സംസ്ഥാനത്തുള്ള ബാച്ചുകളുടെ പുന:ക്രമീകരണങ്ങൾക്കൊപ്പം മലബാർ ജില്ലകളിൽ പുതിയ ബാച്ചുകൾ അനുവദിക്കൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമുള്ളൂ.

ഓരോ വർഷവും പാലക്കാട് ,മലപ്പുറം ,കോഴിക്കോട് ,വയനാട് ,കണ്ണൂർ ,കാസർകോട് ഉൾപ്പെടുന്ന മലബാർ ജില്ലകളിലെ ഹയർ സെക്കൻ്ററി സീറ്റുകളുടെ പ്രശ്നങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ 20 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കലായിരുന്നു പതിവ്. കഴിഞ്ഞ വർഷമത് മുപ്പത് ശതമാനം വരെയായിരുന്നു. അമ്പത് പേർക്കിരിക്കാവുന്ന ഒരു ക്ലാസ്സിൽ മലബാർ ജില്ലകളിൽ മാത്രം 65 വിദ്യാർത്ഥികൾ വരെ പഠിക്കേണ്ടി വരുന്ന അനാരോഗ്യകരമായ അക്കാദമിക് അന്തരീക്ഷം സൃഷ്ടിക്കുക മാത്രമാണ് ഇതുവഴി കഴിഞ്ഞ കാലങ്ങളിൽ നടന്നിട്ടുള്ളത്. വരുംവർഷങ്ങളിൽ ഇപ്പണി ചെയ്യരുതെന്ന് കഴിഞ്ഞ അധ്യയന വർഷത്തിൽ ഹൈക്കോടതി കേരള സർക്കാരിനോടാവശ്യപ്പെട്ടിരുന്നതുമാണ് .ഇങ്ങനെ അശാസ്ത്രീയമായ രീതിയിൽ ഇരുപത് മുതൽ മുപ്പത് ശതമാനം വരെ സീറ്റുകൾ വർധിപ്പിച്ച ശേഷവും കാൽ ലക്ഷത്തിലധികം വിദ്യാർഥികൾ സീറ്റില്ലാതെ ഓരോ വർഷവും മലബാർ ജില്ലകളിൽ മെയിൻ സ്ട്രീം വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കേണ്ടി വരാറുണ്ട്.

2021 ആഗസ്റ്റ് രണ്ടിന് എം.എൽ.എ.മാരായ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ.യു കേളു, സേവ്യർ ചിറ്റിലിപ്പിള്ളി, കെ യു ജനീഷ് കുമാർ എന്നിവർ നൽകിയ ചോദ്യത്തിന് വിദ്യാഭ്യസ മന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി ഇങ്ങനെയാണ് :

" 2021 - 22 അധ്യയന വർഷം ഹയർസെക്കന്ററി പ്രവേശനത്തിന് സംസ്ഥാനത്തെ ജില്ലകളിൽ ലഭ്യമായ സീറ്റുവിവരം, പ്രസ്തുത ജില്ലയിൽ ഉപരിപഠനത്തിന് അർഹരായ (എസ്.എസ്.എൽ. സി വിജയിച്ച ) വിദ്യാർഥികളുടെ എണ്ണവും അനുബന്ധമായി ചേർക്കുന്നു. പ്രവേശന നടപടികൾ അവസാനിച്ചു കഴിയുമ്പോൾ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണ് എല്ലാ ജില്ലകളിലുമുള്ളത്. നിലവിൽ സംസ്ഥാനത്തെ ഒരു ജില്ലയിലും ഹയർസെക്കൻ്ററി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനിൽക്കുന്നില്ല ."

ഈ പ്രസ്താവനക്ക് തെളിവായി മന്ത്രി വിചിത്രമായ കണക്കുകളുടെ അനുബന്ധ പട്ടികയും നിയമസഭയിലെ ഈ രേഖാമൂലമുള്ള മറുപടിയിൽ ചേർത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി പ്ലസ് വണിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളുടെ ശരാശരി ജില്ല തിരിച്ച് രേഖപ്പെടുത്തി അത്രയും വിദ്യാർഥികൾ മാത്രമാണ് അതത് ജില്ലകളിൽ പ്ലസ് വൺ പഠനം ആഗ്രഹിക്കുന്നവരായുള്ളൂ എന്നാണ് പുറത്ത് വിട്ട കണക്കുകൾ സമർഥിക്കുന്നത്. പ്ലസ് വണിന് അപേക്ഷിച്ച്, ആവശ്യത്തിന് സീറ്റില്ലാത്തതിനാൽ മാത്രം കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ അഡ്മിഷൻ ലഭിക്കാത്ത മലബാറിലെ വിദ്യാർഥികൾ ഈ ശരാശരി കണക്കിന് പുറത്തായി.

2019 - 20 അധ്യയന വർഷത്തിൽ ഏകജാലകം വഴി പ്ലസ് വണിന് അപേക്ഷിച്ചവരുടെ എണ്ണം പാലക്കാട് (43942), മലപ്പുറം (80890), കോഴിക്കോട് (48718) . വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ നൽകിയ മറുപടി രേഖയനുസരിച്ച് ഈ ജില്ലകളിൽ പ്ലസ് വൺ പഠനം ആഗ്രഹിക്കുന്നത് പാലക്കാട് (28158 ), മലപ്പുറം (53040), കോഴിക്കോട് (34488) എന്നിങ്ങനെയാണ്.

കേരള സർക്കാരിന് കീഴിലെ പ്രൈവറ്റ് ഹയർസെക്കന്ററി ഓപ്പൺ സ്കൂൾ പഠന സംവിധാനമായ സ്കോൾ കേരളയുടെ കഴിഞ്ഞ അഞ്ചുവർഷത്തെ അഡ്മിഷൻ കണക്ക് ജില്ല തിരിച്ച് പരിശോധിച്ചാൽ അതിൽ പഠിക്കേണ്ടിവന്ന 80 ശതമാനം വിദ്യാർത്ഥികളും മലബാർ ജില്ലകളിൽ നിന്നുള്ളവരാണെന്ന് കാണാം. റെഗുലർ സംവിധാനത്തിൽ പ്ലസ് വൺ പഠനം ആഗ്രഹിച്ച് അപേക്ഷ നൽകിയ ശേഷം സീറ്റില്ലാത്തതിനാൽ അത് ലഭിക്കാതെ പോയപ്പോൾ നിർബന്ധിതരായി സ്കോൾ കേരളയിൽ പ്ലസ് വൺ പoനത്തിന് രജിസ്റ്റർ ചെയ്യേണ്ടി വന്ന ഹതഭാഗ്യരാണിവരിലധികവും. ഹയർസെക്കന്ററി റെഗുലർ സംവിധാനത്തിൽ വിജയശതമാനം എൺപതിന് മുകളിലാണെങ്കിൽ സ്കോൾ കേരളയിലത് അമ്പതിന് താഴെയാണ്. പത്താം ക്ലാസിൽ എഴുപത് ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചിട്ടും സർക്കാർ / എയ്ഡഡ് മേഖലയിൽ പ്ലസ് വൺ സീറ്റില്ലാത്തതിനാൽ ഓപ്പൺ സ്കൂളിൽ സ്വന്തം നിലക്ക് പഠിക്കേണ്ടി വരുന്ന മലബാറിലെ വിദ്യാർഥികളിൽ അമ്പത് ശതമാനം പേരും പരീക്ഷയിൽ പരാജയപ്പെട്ട് തുടർപഠനം അവസാനിപ്പിക്കലാണെന്ന് സാരം.

2022 ലെ കണക്കുകൾ നോക്കാം..

പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യപ്പോൾ മ​ല​പ്പു​റത്ത് 10,985 കു​ട്ടി​ക​ളാണ് പ്ലസ് വൺ സീറ്റ് ലഭിക്കാതെ നിന്നിരുന്നത്. ജി​ല്ല​യി​ൽ ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്​​മെ​ന്‍റി​നാ​യി ഒ​രു സീ​റ്റ്​ പോ​ലു​ം ബാക്കിയുണ്ടായിരുന്നില്ല. അതേസമയം, കോ​ട്ട​യ​ത്ത്​ മുഴുവൻ കുട്ടികൾക്കും പ്രവേശനം നൽനൽകിയിട്ടും 3,144 സീ​റ്റ് ബാക്കിയായിരുന്നു. പ​ത്ത​നം​തി​ട്ട​യി​ലും അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ലഭിച്ചിട്ടും 1,524 സീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നത്. ര​ണ്ട്​ അ​ലോ​ട്ട്​​മെ​ന്‍റു​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടും ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ പു​റ​ത്തു​നി​ൽ​ക്കു​ന്ന ജി​ല്ല​ക​ളി​ൽ തന്നെ പകു​തി​യി​ല​ധി​കം ​മു​ന്നാ​ക്ക സം​വ​ര​ണ സീ​റ്റു​ക​ളും ഒ​ഴി​ഞ്ഞു​കിടന്നിരുന്നു എന്നതും സീറ്റ് ക്ഷാമത്തിനിടയിലെ മറ്റൊരു അനുഭവമായിരുന്നു.

സംസ്ഥാനത്ത് പുതുതായി അനുവദിച്ച സീറ്റുകളുടെയും പ്രവേശനം നേടിയ സീറ്റുകളുടെയും എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് പറയാറുള്ള വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ വർഷങ്ങളിൽ ഓരോ ജില്ലകളിലും പുതുതായി അനുവദിക്കപ്പെട്ട സീറ്റുകളിലേക്ക് റെജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എണ്ണം, പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണം, ഒഴിവു വന്ന സീറ്റുകൾ എന്നിങ്ങനെ കണക്കുകൾ പുറത്തു വിടണം.

- പ്ലസ് വൺ പ്രവേശന നടപടികൾ നടന്നുകൊണ്ടിരിക്കെ സംസ്ഥാനത്ത് ഓപ്പൺ സ്കൂൾ സംവിധാനത്തിൽ പതിനായിരക്കണക്കിന് വിദ്യാർഥികളാണ് പ്രവേശനം നേടാറുള്ളത്. സംസ്ഥാനത്ത് തന്നെ മികച്ച റിസൾട്ട് ഉള്ള മലപ്പുറം ജില്ലയിൽ നിന്നും ഓരോ വർഷവും സ്‌കോൾ കേരള പ്രവേശനം ഏറ്റവും കൂടുതലാവാനുള്ള കാരണം സീറ്റ് ക്ഷാമം രൂക്ഷമാണ് എന്നതിന് തെളിവാണ്.

- താൽക്കാലിക ബാച്ചുകളല്ല, പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് സ്ഥിരം പുതിയ ബാച്ചുകളാണ് പരിഹാരം. മലബാർ മേഖലയിൽ മുന്നൂറിലധികം പുതിയ ബാച്ചുകൾ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമാണെന്ന് സംസ്ഥാന സർക്കാറിന്റെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്.

- മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കുന്നതിന് മലബാർ സമഗ്ര പാക്കേജ് നടപ്പിലാക്കണം.

- മലപ്പുറം ജില്ലയിൽ മാത്രം നിലവിൽ സർക്കാർ, എയ്ഡഡ് മേഖലയിലെ നാല്പതോളം ഹൈസ്കൂളുകളിൽ ഹയർ സെക്കണ്ടറിയില്ല. അത്തരം സ്‌കൂളുകളിൽ ഹയർ സെക്കണ്ടറി അനുവദിക്കുകയും, തെക്കൻ ജില്ലകളിലുള്ള അധിക ബാച്ചുകൾ മലപ്പുറത്തേക്ക് മാറ്റുകയും, നിലവിലെ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ പുതിയ ബാച്ചുകളനുവദിച്ചും ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

- മലബാർ മേഖലയിൽ തന്നെ കാസർഗോഡ്, വയനാട് ജില്ലകളിൽ ഭൂരിഭാഗം മണ്ഡലങ്ങളിലും സീറ്റ് പ്രതിസന്ധി രൂക്ഷമാണ്. തീരദേശ മേഖലകളിലെ വിദ്യാർത്ഥികളും സവിശേഷകരമായി സീറ്റ് പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. തുടർ പഠന ആവശ്യങ്ങൾക്ക് വലിയ സാമ്പത്തിക ചിലവ് വരുന്നതിനാൽ പല വിദ്യാർത്ഥികളും പഠനം തന്നെ നിർത്തുകയാണ് സംഭവിക്കുന്നത്.

- സംസ്ഥാനത്ത് മൊത്തത്തിൽ അനുവദിക്കപ്പെട്ട സീറ്റ്, ബാച്ച് എന്ന രീതിയിലുള്ള കണക്കുകൾ അല്ലാതെ ഓരോ ജില്ലകളിലും അനുവദിക്കപ്പെട്ട പ്ലസ് വൺ സീറ്റുകൾ, ബാച്ചുകൾ, മണ്ഡലം തലത്തിൽ വരുന്ന ബാച്ചുകൾ, അവിടങ്ങളിലെ സയൻസ്, കൊമേഴ്സ്,ഹ്യൂമാനിറ്റിസ് കോഴ്‌സുകൾ, ഹയർ സെക്കന്ററി സ്കൂളുകളുടെ എണ്ണം, വി.എച്ച്.എസ്.സി ബാച്ചുകൾ എന്നീ രീതിയിൽ വിവരങ്ങൾ ശേഖരിച്ച് പ്ലസ് വൺ സീറ്റ് പ്രതിസന്ധികൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ സ്വീകരിക്കണം.

ഹയർ സെക്കന്ററി പഠന മേഖലയിലെ ഈ പ്രതിസന്ധികളെക്കാൾ രൂക്ഷമായ വിവേചനവും അസന്തുലിതമായ വിതരണവുമാണ് ഉന്നത പഠന മേഖലയിൽ നിലനിൽക്കുന്നതെന്ന് സാന്ദർഭികമായി കൂട്ടിച്ചേർക്കുകയാണ്.

TAGS :

Next Story