Quantcast

മഞ്ജു ജയിപ്പിച്ച കരിങ്കുന്നം സിക്സസ്

MediaOne Logo

Sithara

  • Published:

    7 July 2016 11:17 AM GMT

മഞ്ജു ജയിപ്പിച്ച കരിങ്കുന്നം സിക്സസ്
X

മഞ്ജു ജയിപ്പിച്ച കരിങ്കുന്നം സിക്സസ്

വോളിബോള്‍ കളിക്കുന്നവര്‍ക്കും കളി ആസ്വാദകര്‍ക്കും സിനിമയ്ക്കുള്ളിലെ വോളിബോള്‍ കളി പൂര്‍ണസംതൃപ്തി നല്‍കില്ല. പക്ഷേ മടങ്ങിവരവില്‍ മഞ്ജു വാര്യരുടെ ഏറ്റവും സ്വാഭാവികതയും മിതത്വവും നിറഞ്ഞ പ്രകടനം സിനിമയെ ശ്രദ്ധേയമാക്കുന്നു.

ഒരു കാലത്ത് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ആവേശം വിതറിയ വോളിബോളിന്റെ പശ്ചാത്തലത്തിലുള്ള ഒരു മുഴുനീള കായിക സിനിമയാണ് കരിങ്കുന്നം സിക്സസ്. കായികതാരങ്ങളോ കായികഇനമോ കേന്ദ്രീകരിച്ചുള്ള സിനിമകള്‍ മലയാളത്തില്‍ അപൂര്‍വ്വമായേ സംഭവിക്കാറുള്ളൂ. ആ ശ്രമത്തിന് ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പക്ഷേ ഇത്തരം സിനിമകളുടെ പൊതുവെയുള്ള കഥാഗതി ആദ്യം പ്രതിസന്ധി, പിന്നെ തോല്‍വി ഏറ്റവും ഒടുവില്‍ ജയം എന്നതാണ്. ആ രീതിയില്‍ തന്നെയാണ് കരിങ്കുന്നം സിക്സസിന്റെയും കഥ പുരോഗമിക്കുന്നത് എന്നതിനാല്‍ തീര്‍ത്തും വ്യത്യസ്തമായ സിനിമ എന്നൊന്നും അവകാശപ്പെടാന്‍ കഴിയില്ല. വോളിബോള്‍ കളിക്കുന്നവര്‍ക്കും കളി ആസ്വാദകര്‍ക്കും സിനിമയ്ക്കുള്ളിലെ വോളിബോള്‍ കളി പൂര്‍ണസംതൃപ്തി നല്‍കില്ല. മടങ്ങിവരവിലെ മഞ്ജു വാര്യരുടെ ഏറ്റവും സ്വാഭാവികവും മിതത്വവും നിറഞ്ഞ പ്രകടനം സിനിമയെ ശ്രദ്ധേയമാക്കുന്നു.

വോളിബോള്‍ കളിക്കായി ജീവിതം മാറ്റിവെച്ച എബിയുടെ (അനൂപ് മേനോന്‍) സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇറങ്ങിത്തിരിച്ച ഭാര്യ വന്ദന (മഞ്ജു വാര്യര്‍) നേരിടുന്ന പ്രതിസന്ധികളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. വന്ദനയുടെ അന്വേഷണം ചെന്നെത്തുന്നത് ജയിലിനുള്ളിലാണ്. തടവുകാരുടെ മാനസികാവസ്ഥയും അവര്‍ക്കിടയിലെ സ്നേഹവും അടിപിടിയുമെല്ലാം കഥയില്‍ തെളിഞ്ഞുവരുന്നുണ്ട്. തങ്ങളെ പരിശീലിപ്പിക്കാന്‍ ഒരു വനിതാകോച്ച് വരുന്നുവെന്ന് അറിയുമ്പോള്‍ അവര്‍ക്ക് ആദ്യം തുറിച്ചുനോക്കാനുള്ള ശരീരം മാത്രമായിരുന്നു വന്ദന. ആ അവസ്ഥയില്‍ നിന്നും കോച്ച് എന്ന നിലയില്‍ വന്ദനയെ അവര്‍ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വിധത്തിലേക്കുള്ള തടവുകാരുടെ മാറ്റം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ആളുകളെ ഒരുമിപ്പിക്കാനും നവീകരിക്കാനും സ്പോര്‍ടിസിനുള്ള കഴിവിനാണ് ഇവിടെ ഊന്നല്‍. പക്ഷേ ജയില്‍ചാട്ടം പോലുള്ള സന്ദര്‍ഭങ്ങളിലൂടെ പറയാന്‍ ഉദ്ദേശിച്ചത് ഉപരിപ്ളവമാവുകയും കാടുകയറുകയും ചെയ്തു.

ഒരു ഭാഗത്ത് തടവുപുള്ളികള്‍ വ്യക്തിപരമായും സാമൂഹ്യമായും നേരിടുന്ന വെല്ലുവിളികള്‍ അവതരിപ്പിക്കുമ്പോള്‍ തന്നെ കായിക ഇനങ്ങള്‍ എങ്ങനെ കച്ചവടവല്‍ക്കരിക്കപ്പെടുന്നുവെന്നും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. ഒത്തുകളി പോലുള്ള കളിക്കുള്ളിലെ കളികള്‍ യാഥാര്‍ത്ഥ്യബോധത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം രണ്ടാം പകുതി മിക്കവാറും വോളിബോള്‍ കോര്‍ട്ടിലാണ് ചിത്രീകരിച്ചതെന്നിരിക്കെ ശരിക്കുള്ള കളിക്കാരും കളിപ്രേമികളും ഇതാണോ വോളിബോള്‍ എന്ന് നെറ്റി ചുളിച്ചേക്കാം. അഭിനേതാക്കള്‍ പ്രൊഫഷണല്‍ കളിക്കാരല്ല എന്നതിനാല്‍ സ്വാഭാവികമായും പരിമിതിയുണ്ട്. കളിക്കളത്തില്‍ ഒരേ സീനുകള്‍ ആവര്‍ത്തിച്ചുവരുന്നു എന്നതും പോരായ്മയാണ്. ഇടയ്ക്കെപ്പോഴോ പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന വിവരണവും ആസ്വാദന തുടര്‍ച്ചയെ ബാധിക്കുന്നുണ്ട്.

തിരിച്ചുവരവിലെ മിക്ക സിനിമകളിലും മഞ്ജുവിന്റെ വ്യക്തിജീവിതം പരാമര്‍ശവിധേയമായിരുന്നു. എന്നാല്‍ പതിവുള്ള ക്രൂരനായ ഭര്‍ത്താവ് ഈ സിനിമയില്‍ ഇല്ല. മഞ്ജുവിനെക്കൊണ്ട് സാരോപദേശ ഡയലോഗുകള്‍ പറയിച്ചില്ല എന്നതും ആശ്വാസം. വളരെ സ്വാഭാവികമായി തന്നെ വോളിബോള്‍ കോച്ചിന്റെ ശരീരഭാഷയിലേക്ക് കൂടുമാറാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. സുരാജ് വെഞ്ഞാറമ്മൂടിന്റെ പൊലീസ് വേഷവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഒരേ അച്ചില്‍ വാര്‍ക്കപ്പെട്ട ദ്വയാര്‍ഥ കോമഡി കഥാപാത്രങ്ങള്‍ക്കപ്പുറം അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് ആക്ഷന്‍ ഹീറോ ബിജുവിലെ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷത്തിന് ശേഷം സുരാജ് വീണ്ടും തെളിയിച്ചു. ഒരു അടിപിടി സീനില്‍ പഴയ ഇടിക്കാരന്‍ ആയി എന്നതൊഴിച്ചാല്‍ ബാബു ആന്റണിയും സ്വന്തം കഥാപാത്രം ഗംഭീരമാക്കി. സുധീര്‍ കരമന, നന്ദു, സുദേവ് നായര്‍, ബൈജു, സന്തോഷ് കീഴാറ്റൂര്‍, ജേക്കബ് ഗ്രിഗറി, കെവിന്‍, ശ്രീജിത്ത് രവി, ശ്യാമപ്രസാദ് എന്നിങ്ങനെ മിക്ക അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ചവെച്ചു.

കായിക സിനിമകളുടെ സ്വാഭാവികമായ പരിമിതികളെ ഉള്‍ക്കൊള്ളുന്നവര്‍ക്ക് കരിങ്കുന്നം സിക്സസ് ഇഷ്ടപ്പെടും. മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്വാഭാവികവും അനായാസവുമായ അഭിനയം കാണാന്‍ താല്‍പര്യമുള്ളവര്‍ക്കും ധൈര്യമായി ടിക്കറ്റെടുക്കാം. അതല്ല വോളിബോള്‍ കളിയുടെ എല്ലാ ആവേശവും സിനിമയില്‍ കാണാമെന്ന് പ്രതീക്ഷിച്ച് പോയാല്‍ നിരാശപ്പെടും.

TAGS :

Next Story