Quantcast

സദു അലിയൂര്‍ - ജലച്ചായത്തില്‍ കവിത വിരിയിച്ച അതുല്യ കലാകാരന്‍

കേരളത്തിനു പുറത്ത് പല പ്രദര്‍ശനവേദികളിലും സദു അലിയൂരിന്‍റെ വിരലുകളിലൂടെ ജലച്ചായങ്ങള്‍ കവിത വിരിയിക്കുന്നത് കാണാന്‍ യുവ ചിത്രകാരന്മാര്‍ തിങ്ങിനിറഞ്ഞിരുന്നു.

MediaOne Logo

  • Published:

    21 Feb 2020 11:29 AM GMT

സദു അലിയൂര്‍ - ജലച്ചായത്തില്‍ കവിത വിരിയിച്ച അതുല്യ കലാകാരന്‍
X

വാട്ടര്‍ കളര്‍ കലാകാരന്മാരില്‍ ഇന്ത്യയ്ക്കകത്തും പുറത്തും പ്രശസ്തനായ മലയാളിയായിരുന്നു സദു അലിയൂര്‍ എന്ന കോഴിക്കോട്ടുകാരന്‍. വടകര മാഹി സ്വദേശിയായിരുന്ന ആ ചിത്രകാരന്‍ ഫെബ്രുവരി 20-ന് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. കരള്‍ സംബന്ധമായ ചികിത്സയ്ക്കിടെയായിരുന്നു മരണത്തിനദ്ദേഹം കീഴടങ്ങിയത്. രാജ്യാന്തര തലത്തില്‍ ഏറെ അറിയപ്പെട്ട ഡമോണ്‍സ്‌ട്രേഷന്‍ കലാകാരനായിരുന്നു സദു അലിയൂര്‍.

കേരളത്തിനു പുറത്ത് പല പ്രദര്‍ശനവേദികളിലും സദു അലിയൂരിന്‍റെ വിരലുകളിലൂടെ ജലച്ചായങ്ങള്‍ കവിത വിരിയിക്കുന്നത് കാണാന്‍ യുവ ചിത്രകാരന്മാര്‍ തിങ്ങിനിറഞ്ഞിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഏറെ പ്രശംസ പിടിച്ചുപറ്റിയ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ നമ്മള്‍ മലയാളികള്‍ വേണ്ടത്ര പരിഗണിച്ചില്ലെന്നുവേണം പറയാന്‍. ജലച്ചായ ചിത്രത്തില്‍ പകരക്കാരനില്ലാത്ത ആ അതുല്യ കലാകാരന്‍റെ പ്രശസ്തി നാട്ടുകാര്‍ പോലും വേണ്ടത്ര അടുത്തറിഞ്ഞിരുന്നില്ല.

കോഴിക്കോട് ജില്ലയിലെ വടകര മാഹിയിലായിരുന്നു സദുവിന്‍റെ ജനനം. മാഹി ചീനക്കാംപൊയില്‍ ചാത്തുവിന്‍റെയും നാരായണിയുടെയും പുത്രനായി 1963-ല്‍ ജനനം. ചെറുപ്പകാലത്തേ ചിത്രം വരയില്‍ അന്യാദൃശ്യത പ്രകടിപ്പിച്ച സദുവിനുള്ളിലെ കഴിവുകളെ കണ്ടെടുത്തി വളര്‍ത്തിയത് ബന്ധുക്കളും അധ്യാപകരുമായിരുന്നു. ഹൈസ്‌കൂള്‍ പഠനകാലത്ത് ഡ്രോയിങ് അധ്യാപികയായിരുന്ന നളിനി ടീച്ചറായിരുന്നു സദുവില്‍ ഒളിഞ്ഞിരിക്കുന്ന വലിയ കഴിവിനെ കണ്ടെത്തി ആ മേഖലയിലെ തുടര്‍പഠനത്തിലേക്ക് അവനെ വഴിതിരിച്ചുവിട്ടത്. അവരുടെ കൂടി നിര്‍ബന്ധത്താല്‍ തലശ്ശേരി സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പഠനത്തിനെത്തി. അവിടുത്തെ പ്രിന്‍സിപ്പാളും മികച്ച ചിത്രകാരനുമായിരുന്ന ടി അനന്തന്‍ മാസ്റ്ററില്‍നിന്ന് പോര്‍ട്രെയ്റ്റ് രചനയില്‍ മികവ് നേടി. ചിത്രകലാധ്യാപകരായ പി എസ് കരുണാകരന്‍, വേണുഗോപാല്‍ തുടങ്ങിയവരുടെയെല്ലാം ശിക്ഷണത്തില്‍ ജലച്ചായത്തിലെ മികവുകള്‍ സദു സ്വന്തമാക്കുകയായിരുന്നു.

പഠനശേഷം കണ്ണൂരില്‍ ബ്രഷ്മാന്‍സ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന സ്ഥാപനം തുടങ്ങി. ഒന്‍പതു വര്‍ഷക്കാലം അവിടെ ഇന്‍സ്ട്രക്ടറായും കലാകാരനായും പ്രവര്‍ത്തിച്ചു. അതിനുശേഷം ചെന്നൈയില്‍ ഇന്‍റീരിയര്‍ ആന്‍ഡ് ഫര്‍ണിച്ചര്‍ ഡിസൈനര്‍, സൗദി അറേബ്യയിലെ അല്‍ക്കോബാറിലെ ഒരു കമ്പനിയില്‍ ഇന്‍റീരിയര്‍ ഡിസൈനര്‍ എന്നീ നിലകളിലും ജോലിചെയ്തു. ഇന്‍റീരിയര്‍ ഡിസൈനിങ്ങ്, ഫര്‍ണിച്ചര്‍ ഡിസൈനിങ്ങ് എന്നീ മേഖലകളിലെ അനുഭവം കൂടി ജലച്ചായ ചിത്രരചനയിലേക്ക് മുതല്‍ക്കൂട്ടായതോടെ പിന്നീടുള്ള സദുവിന്‍റെ രചനകള്‍ മറ്റെങ്ങും കാണാത്ത ഗരിമയിലേക്കുയരുകയായിരുന്നു. അതിനെത്തുടര്‍ന്ന് കേരളത്തില്‍ പലയിടത്തായി അദ്ദേഹത്തിന്‍റെ പ്രദര്‍ശനങ്ങള്‍ അരങ്ങേറി. പക്ഷെ, കാര്യമായ സാമ്പത്തിക പിന്തുണ ഇത്തരം പ്രദര്‍ശനങ്ങളില്‍നിന്ന് ലഭ്യമാകുന്നില്ല എന്ന തിരിച്ചറിവില്‍ അദ്ദേഹം തന്‍റെ തട്ടകം കേരളത്തിനു പുറത്തേക്ക് മാറ്റുകയായിരുന്നു.

ബംഗളൂരു കേന്ദ്രമായി ദീര്‍ഘകാലം അദ്ദേഹം കലാസപര്യ തുടര്‍ന്നു. 15-ലേറെ ചിത്രപ്രദര്‍ശനങ്ങളാണദ്ദേഹമവിടെ വിജയകരമായി നടത്തിയത്. വിദൂര സ്ഥലങ്ങളില്‍നിന്നുമുള്ള കലാകാരന്മാര്‍ പോലും അദ്ദേഹത്തിന്‍റെ പ്രദര്‍ശനങ്ങള്‍ കാണാന്‍ അന്ന് ബംഗളൂരുവിലെത്തിയിരുന്നു. പിന്നീട് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലായി 30-ലേറെ പ്രദര്‍ശനങ്ങള്‍ നടത്തി. എല്ലാവര്‍ഷവും നവംബര്‍ മാസങ്ങളില്‍ ബംഗളൂരുവില്‍ അദ്ദേഹം നടത്തിയിരുന്ന വാട്ടര്‍ കളര്‍ എക്‌സിബിഷനുവേണ്ടി പഠിതാക്കളായ കലാകാരന്മാര്‍ കാത്തിരിക്കുന്ന അനുഭവം വരെ ഒരഭിമുഖത്തിലദ്ദേഹം ഈയ്യിടെ പങ്കുവെച്ചിരുന്നു. നല്ല പിന്തുണ കിട്ടിയതിനെത്തുടര്‍ന്ന് വാട്ടര്‍ കളര്‍ അടിസ്ഥാനമാക്കി തുടര്‍ച്ചയായി ഡമോണ്‍സ്‌ട്രേഷന്‍ ക്ലാസുകളും വര്‍ക്ക് ഷോപ്പുകളും തുടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. ഒട്ടേറെ പുതിയ ചിത്രകാരന്മാര്‍ ഈ പരിശീലനക്കളരിയിലൂടെ ഈ രംഗത്തേക്ക് കടന്നുവരികയുണ്ടായി.

രാജ്യത്തെ പ്രശസ്തരായ വാട്ടര്‍ കളര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്ന് ബംഗളൂരു ആസ്ഥാനമാക്കി കളറിംഗ് ഇന്ത്യ ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നതിന് സദു മുന്‍നിന്നു പ്രവര്‍ത്തിച്ചു. ബംഗളൂരുവില്‍ സ്ഥിരമായി വര്‍ക്‌ഷോപ്പുകള്‍ ചെയ്യുക എന്ന ആശയം ആ ഫൗണ്ടേഷനിലൂടെയാണ് നടപ്പിലായത്. അവയില്‍ പലതും രാജ്യാന്തര പ്രശസ്തി നേടിയ കലാകാരന്മാരുമായി കൂടിച്ചേര്‍ന്നാണ് നടത്തിയിരുന്നത്. മിലിന്ദ് മുള്ളിക്, വാസുദേവ കോമത്ത്, ബിജയ് വിശ്വാല്‍ എന്നീ ഇന്ത്യയിലെ പേരെടുത്ത വാട്ടര്‍ കളര്‍ ആര്‍ട്ടിസ്റ്റുമാര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹത്തിന് സാധ്യമായി. ഇവര്‍ക്കൊപ്പം ഹൈദരബാദ്, ഹംപി, ബംഗളൂരു എന്നിവിടങ്ങളില്‍ നടത്തിയ വര്‍ക്‌ഷോപ്പുകള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

2012-ല്‍ തുര്‍ക്കി ആസ്ഥാനമായി 53 രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു ഇന്റര്‍നാഷണല്‍ വാട്ടര്‍ കളര്‍ സൊസൈറ്റി രൂപീകരിക്കുകയുണ്ടായി. അതിന്‍റെ ഭാഗമായി നടന്ന ആദ്യ എക്‌സിബിഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയത്രയും സദു അലിയൂരിന്‍റേതായിരുന്നു. ലോകത്തിലെ തന്നെ പേരുകേട്ട വാട്ടര്‍ കളര്‍ ആര്‍ട്ടിസ്റ്റുകളുടെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു സദുവിന്‍റെ ചിത്രങ്ങളും ഈ രാജ്യാന്തര എക്‌സിബിഷനില്‍ പരിഗണിക്കപ്പെട്ടത്. തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നുവര്‍ഷം ഇന്‍റര്‍നാഷണല്‍ വാട്ടര്‍ കളര്‍ സൊസൈറ്റിയില്‍ അദ്ദേഹം അംഗമായി പ്രവര്‍ത്തിച്ചു.

ഇന്‍റര്‍നാഷണല്‍ വാട്ടര്‍ കളര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന 53 രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖ കലാകാരന്മാരുടെ കണ്‍സോര്‍ഷ്യത്തിലും പങ്കെടുക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. ദുബൈയില്‍ നടന്ന ആ പരിപാടിയില്‍ അഞ്ച് ഡമോണ്‍സ്‌ട്രേഷന്‍ ആര്‍ട്ടിസ്റ്റുമാരായി സെലക്ഷന്‍ കിട്ടിയതിലൊരാള്‍ സദു അലിയൂരായിരുന്നു. അന്നദ്ദേഹം അവിടെ നടത്തിയ ഡമോണ്‍സ്‌ട്രേഷന്‍ ക്ലാസ് കണ്ട് ലോകപ്രസിദ്ധ വാട്ടര്‍ കളറിസ്റ്റ് ആല്‍ബറോ കാസ്‌കെറ്റ് പറഞ്ഞത്, 'ഇത്ര അനായാസമായി കളര്‍ ട്രാന്‍സ്‌പെരന്‍റായി വാട്ടര്‍ കളറിനെ ഉപയോഗിക്കുന്ന മറ്റൊരു കലാകാരന്‍ ലോകത്തില്ല' എന്നായിരുന്നു.

ബംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയശേഷം പ്രശസ്ത ചിത്രകാരന്‍ ശരത്ചന്ദ്രനുമായി ചേര്‍ന്നായിരുന്നു കുറേക്കാലം അദ്ദേഹം പ്രവര്‍ത്തിച്ചത്. തന്‍റെ ഗുരുസ്ഥാനത്ത് മറ്റാരേക്കാളും പ്രാധാന്യത്തോടെ കാണുന്നത് ശരത്ചന്ദ്രസാറിനെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചിത്രകലാരംഗത്തെ നൂതന പ്രവണതകളുമായി താന്‍ അടുത്തറിഞ്ഞത് ശരത്ചന്ദ്രന്‍ സാറുമായി പരിചയപ്പെട്ടതിനുശേഷമാണെന്ന് സദു ഈയിടെ ഒരു ഓണ്‍ലൈനുമായുള്ള അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. ഹാന്‍ഡ് മേയ്ഡ് പേപ്പറിന്‍റെ സ്ഥാനത്ത് ആര്‍ച്ചിസ് പോലുള്ള പേപ്പറുകളും വിന്‍സണ്‍ നോട്ടണ്‍ പോലുള്ള ഇന്‍റര്‍നാഷണല്‍ നിലവാരത്തിലുള്ള വാട്ടര്‍ കളറുകളും തന്നെ പരിചയപ്പെടുത്തിയത് ശരത്ചന്ദ്രന്‍ സാറായിരുന്നുവെന്നും സദു ആ അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുന്നുണ്ട്. അവയൊക്കെ ഉപയോഗിച്ചതിനുശേഷമാണ് തന്‍റെ വാട്ടര്‍ കളറുകള്‍ ഒരുപാട് ഉയര്‍ന്ന തലത്തിലേക്കുയര്‍ന്നതെന്ന് സദു പറയുന്നുണ്ട്.

ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലായി 45 സോളോ ഷോകള്‍ (ഏകാംഗ പ്രദര്‍ശനങ്ങള്‍) സംഘടിപ്പിച്ചു. അവയില്‍ അധികവും കേരളത്തിനു പുറത്തായിരുന്നു. കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരകസമിതി അവാര്‍ഡ് (1983), കേരള ലളിതകലാ അക്കാദമി അവാര്‍ഡ് (2012), വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണമെഡല്‍ (2013), തുര്‍ക്കി രാജ്യാന്തര വാട്ടര്‍ കളര്‍ സൊസൈറ്റിയുടെ പ്രത്യേക ആദരവ് എന്നിവ അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി.

തന്‍റെ മികച്ച രചനകള്‍ സോഷ്യല്‍ മീഡിയ വഴി അപ്‌ലോഡ് ചെയ്യുന്നതില്‍ അദ്ദേഹം ഏറെ ശ്രദ്ധാലുവായിരുന്നു. 'കേരള വാട്ടര്‍ കളര്‍ സൊസൈറ്റി' എന്നപേരില്‍ ഒരു ഫേസ്ബുക്ക് കൂട്ടായ്മയിലും സദു സജീവ സാന്നിധ്യമായിരുന്നു. അതിലൂടെ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍നിന്നുള്ള നൂറുക്കണക്കിന് ശിഷ്യര്‍ അദ്ദേഹത്തിലൂടെ ഓണ്‍ലൈന്‍ ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് മികച്ച ചിത്രകാരന്മാരായിട്ടുണ്ട്. അവരില്‍ ചിലര്‍ സദുവിനെ കാണാനും അദ്ദേഹത്തില്‍നിന്നും നേരിട്ട് ശിഷ്യത്വം സ്വീകരിക്കാനും ഇന്ത്യയിലെത്തിയ അനുഭവങ്ങളും നിരവധി.

വാട്ടര്‍ കളര്‍ എന്ന മീഡിയം കേരളത്തിലെ ചിത്രകലാ മേഖലയില്‍ ഏറെ സ്വാധീനം കുറഞ്ഞ ഒരു മേഖലയാണ്. എന്നാല്‍, പല ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവലുകളിലും ഒരു ആര്‍ട്ടിസ്റ്റിന്റെ കഴിവ് പരീക്ഷിക്കാന്‍ ഇന്നും ഉപയോഗപ്പെടുത്തുന്നത് അയാളുടെ വാട്ടര്‍ കളര്‍ ശേഷിയെയാണ്. മറ്റുള്ള ഒപാക് മീഡിയങ്ങളേക്കാള്‍ ഏറെ പ്രാക്ടീസ് ആവശ്യമുണ്ട് എന്നതും പ്രതിഫലം താരതമ്യേന കുറവാണ് എന്നതുമാണ് പുതിയ കലാകാരന്മാരെ ഈ മീഡിയത്തില്‍നിന്ന് അകറ്റുന്നത്. അക്കാദമിക് തലത്തില്‍ വാട്ടര്‍ കളറിന് ഒരു പ്രാധാന്യവും കൊടുക്കുന്നില്ല എന്ന പരാതിയും വ്യാപകമായുണ്ട്.

ചിത്രം വരച്ച് ജീവിക്കാനുള്ള സാധ്യത ഒട്ടുമില്ലാത്ത ഒരു പ്രദേശമാണ് കേരളമെന്നും അതിനാല്‍ വാട്ടര്‍ കളര്‍ മീഡിയത്തില്‍ പുതിയ ചിത്രകാരന്മാര്‍ വന്നെത്തുന്നില്ല എന്നുമുള്ള സ്വകാര്യദുഃഖം അദ്ദേഹം പലരുമായും പങ്കുവെച്ചിരുന്നു. എളുപ്പത്തില്‍ സാമ്പത്തികനേട്ടങ്ങളുണ്ടാക്കുന്ന മറ്റു മീഡിയം രചനകളിലേക്ക് കൂടുതല്‍ കലാകാരന്മാരും ചേക്കേറുന്ന ഇക്കാലത്താണ് തനിക്കിഷ്ടപ്പെട്ട ജലച്ചായ മേഖലയില്‍ മരണംവരെ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. ആ സപര്യയാണ് ലോകമറിയുന്ന കലാകാരനായി അദ്ദേഹത്തെ വളര്‍ത്തിയത്.

മികവാര്‍ന്ന ആയിരക്കണക്കിന് അതുല്യ രചനകള്‍ വരുംതലമുറയിലേക്ക് കൈമാറി സദു അലിയൂര്‍ എന്ന മഹാനായ കലാകാരന്‍ യാത്രയായിരിക്കുന്നു. ആദരാഞ്ജലികള്‍.

Next Story