Quantcast

പലമയും പൊതുമയും: രണ്ടു പ്രിയപ്പെട്ട വാക്കുകള്‍

ബാലകൃഷ്ണന്‍ വള്ളിക്കുന്നിനെ ഏറെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട് മാപ്പിള സമുദായം. അത്രയും അടുപ്പം അദ്ദേഹത്തിന്റെ കൃതികളോടുമുള്ള ഒരു കാലം വരുമെങ്കില്‍ അതായിരിക്കും ഏറ്റവും നല്ല ആദരവ്.

MediaOne Logo

  • Published:

    8 March 2020 5:25 AM GMT

പലമയും പൊതുമയും: രണ്ടു പ്രിയപ്പെട്ട വാക്കുകള്‍
X

യുവകവി മാസികയില്‍ അദ്യത്തെ കവിത അച്ചടിച്ചുവന്ന യുവകവിയായിരുന്നു ഒരിക്കല്‍ വള്ളിക്കുന്നുകാരായ ബലകൃഷ്ണന്‍. തിരൂരങ്ങാടിയിലെ സ്‌കൂള്‍മാഷുമായിരുന്നു അന്നദ്ദേഹം. 1971 ഡിസംബറില്‍ തിരൂരങ്ങാടിയിലൊരു മാപ്പിളസാഹിത്യ സമ്മേളനം നടന്നു. വൈക്കം മുഹമ്മദ് ബഷീര്‍ മുതല്‍ പ്രേംനസീര്‍ വരേയുള്ളവര്‍ അതിഥികള്‍. കെ.പി കേശവമേനോന്‍ കവി ടി. ഉബൈദിനെ പൊന്നാട ചാര്‍ത്തി കെട്ടിപ്പുണര്‍ന്നതൊക്കെ അതിന്റെ ഏറെ പറഞ്ഞുകേട്ട വിശേഷങ്ങള്‍. സി.എച്ച് മുഹമ്മദ് കോയയും എം.കെ ഹാജിയും ചാക്കീരിയുമൊക്കെ സംഘാടകരയിരുന്നു. ആ സമ്മേളനത്തില്‍ ശ്രോതാവായി വന്നു കവിതയില്‍ കമ്പമുള്ള ബാലകൃഷ്ണന്‍ വള്ളിക്കുന്ന്. 'മഹത്തായ മാപ്പിളപാരമ്പര്യ'ത്തെ അടയാളപ്പെടുത്തിയ ചരിത്രത്തിന്റെ സൂക്ഷിപ്പുകാരന്‍ കെ.കെ മുഹമ്മദ് അബ്ദുല്‍കരീമിനെ ആ സമ്മേളന നഗരിയില്‍ വച്ചു പരിചയപ്പെട്ടതാണ് കവിത ഉള്ളിലുള്ള ബാലകൃഷ്ണന്റെ എഴുത്തു ജീവിതത്തെ അറബി മലയാള കാവ്യങ്ങളിലെത്തിച്ചത്.

ഒരു ബീഡി ചോദിച്ചു കൊണ്ടായിരുന്നു ഇരുവരും പരിചയപ്പെട്ടത്. സമ്മേളനത്തിലെ ചര്‍ച്ചകളൊന്നും പിടികിട്ടിയില്ലെന്നു പറഞ്ഞ ബാലകൃഷ്ണനു തല്‍സമയം കരീം മാഷൊരു മാപ്പിളമലയാളം ക്ലാസെടുത്തു. മാസത്തിലൊരിക്കല്‍ തിരൂരങ്ങാടിയിലെ സി.എച്ച് പ്രസില്‍ വരാറുള്ള കരീംമാഷ് ബാലകൃഷ്ണനെ അവിടെ വച്ച് ഇടക്കിടെ സന്ധിക്കാമെന്നേറ്റു പിരിഞ്ഞു. അതിനിടെ ബാലകൃഷ്ണനാവട്ടെ പുതുതായി പഠിച്ചുതുടങ്ങിയ വിഷയത്തില്‍ ആദ്യത്തെ ലേഖനമെഴുതി ചന്ദ്രിക വാരികക്കയച്ചു. തിരസ്‌കരിക്കപ്പെട്ട മാപ്പിള സാഹിത്യം എന്നു ശീര്‍ഷകം. പത്രാധിപരായ സി.എച്ച് മുഹമ്മദ് കോയ ലേഖനം പ്രസിദ്ധപ്പെടുത്തുക മാത്രമല്ല, അഞ്ച് രൂപ പ്രതിഫലവും കൂടുതല്‍ പഠിക്കാനും എഴുതാനുമുപദേശിക്കുന്ന ഒരനുമോദനക്കത്തും ബാലകൃഷ്ണനയച്ചു. എഴുത്തിന് ആദ്യമായി കിട്ടിയ പ്രതിഫലമായിരുന്നു അത്. സിറാജ് ദിനപത്രത്തില്‍ വന്ന ഗഫൂര്‍ മേല്‍മുറിയുമായുള്ള അഭിമുഖത്തില്‍ സ്‌കൂള്‍മാഷിന്റെ പണിക്കു നൂറ്റിനാല്‍പ്പത്തിയെട്ടു രൂപ ശമ്പളമുള്ളപ്പോളാണ് ഒരു ലേഖനത്തിന് അഞ്ച് രൂപ പ്രതിഫലം കിട്ടിയത്, അതുമൊരു പ്രചോദനമാകുമല്ലോ എന്നദ്ദേഹം പറയുന്നുണ്ട്. തുടര്‍ന്നു ചന്ദ്രികയില്‍ ഒരുപാടെഴുതി. സ്തോത്രകാവ്യങ്ങള്‍ മാപ്പിളപ്പാട്ടില്‍ എന്ന ശീര്‍ഷകത്തില്‍ നാലു ലക്കങ്ങളിലായി ഒരു പഠനമെഴുതിയ സമയത്താണ് 1972 ഒക്ടോബറില്‍ ഉബൈദ് സാഹിബിന്റെ മരണം. അദ്ദേഹത്തിനു ആദരമര്‍പ്പിച്ച് കാസര്‍കോട്ട് നടന്ന പരിപാടിയുടെ സംഘാടകര്‍ അതിഥിയായി വിളിച്ചു. തിരൂരങ്ങാടിയിലെ സദസ്സിലിരുന്ന ബാലകൃഷ്ണന്‍ കാസര്‍ക്കോട്ടെ സ്‌റ്റേജിലിരുന്നു. ആദ്യത്തെ പൊതുവേദിയിലെ പ്രസംഗമായി അത്. എഴുത്തും പ്രസംഗവുമായി മാപ്പിള സാഹിത്യശാഖയായി അങ്ങനെ അദ്ദേഹത്തിന്റെ പഠനമേഖല. അധ്യാപക വൃത്തി അവസാനിപ്പിച്ച തൊണ്ണൂറുകളുടെ ആദ്യത്തില്‍, പൂങ്കാവനം മലയാളത്തിലെ ഇസ്ലാമിക വിജ്ഞാനകോശത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്കു ക്ഷണിക്കുക കൂടി ചെയ്തതോടെ അദ്ദേഹം മുഴുസമയ ഗവേഷകനായി.

കേരളീയ സാമൂഹികതക്കകത്ത് വ്യതിരിക്തമായ ഒരസ്തിത്വ നിരപ്പില്‍ സ്വയം ഊന്നിനിന്നു മാപ്പിളമാര്‍ സ്വജീവിതത്തിന്റെ കണ്ണീരും വേദനകളും പ്രത്യാശകളും കടപ്പാടുകളും ആനന്ദതൃഷ്ണയും ധര്‍മവ്യഗ്രതയുമൊക്കെ സാഹിത്യത്തിലേക്കു പകര്‍ത്തിയതു പ്രാദേശിക സാമൂഹികതയുടെ അനുബന്ധമോ അനുപൂരകമോ എന്ന നിലയില്‍ മാത്രമല്ല, മാപ്പിള സാമൂഹികതയുടേതുമാത്രമായ കാലികവും കാല്‍പനികവുമായ ഉള്‍ത്തുടിപ്പുകള്‍ ചേര്‍ത്തുവച്ചു കൂടിയാണ്. അതിനവരൊരു സ്വകാര്യഭാഷ പോലുമുണ്ടാക്കി. ഇക്കാര്യം തിരിച്ചറിഞ്ഞു കൊണ്ട് പതിനേഴാം നൂറ്റാണ്ടിലെ മുഹ്യിദ്ദീന്‍ മാല തൊട്ട് ഇരുപതാം നൂറ്റാണ്ടിലെ കത്തുപാട്ടുകള്‍ വരെയുള്ള മാപ്പിള സാഹിത്യങ്ങളുടെ കാലവും ഉള്ളടക്കവും അദ്ദേഹം പഠിക്കുകയും എഴുതുകയും ചെയ്തു ബാലകൃഷ്ണന്‍ വള്ളിക്കുന്ന്. 'മാപ്പിള സാഹിത്യത്തിന്റെ മതപരമായ വംശീയ ജൈവചാലകത' (അദ്ദേഹമുപയോഗിക്കുന്ന പ്രയോഗം) സ്വകീയമായ രൂപഭാവങ്ങളഴിക്കുകയും മതനിരപേക്ഷമായ തലം നേടുകയാണെന്നും അതുകൊണ്ട് മാപ്പിളയെന്ന സൂചകവിശേഷണം ഇനിയുള്ളകാലം ഒഴിവാക്കണമെന്നും അദ്ദേഹം പില്‍ക്കാലത്തു അഭിപ്രായപ്പെട്ടു. പൊതുമ തേടുന്നു എന്നാണതിനെ അദ്ദേഹം വിശദീകരിച്ചത്.

തിരൂരിലെ തുഞ്ചന്‍പമ്പാണു മലയാള ഭാഷക്കു പിതാവായി കരുതിപ്പോരുന്ന തുഞ്ചത്തെഴുത്തച്ഛന്റെ നാട്. കൊല്ലവര്‍ഷം 782-ല്‍ കോഴിക്കോട്ടെ ഖാദി മുഹമ്മദ് മുഹ്‍യിദ്ദീന്‍ മാലയെഴുതുമ്പോള്‍ പക്ഷേ, എഴുത്തച്ഛന്റെ ആധ്യാത്മരാമായണം എഴുതപ്പെട്ടിരുന്നില്ല. തിരൂരിനും കോഴിക്കോടിനും ഇടക്കുള്ള വള്ളിക്കുന്നിലാണ് പൊതുമയെ തന്റെ പ്രിയപ്പെട്ട വാക്കായി കൊണ്ടു നടന്ന ബാലകൃഷ്ണന്റെ ദേശം. നമുക്കെഴുത്തച്ഛനെടുത്ത ഭാഷാക്രമക്കണക്കേ ശരണം എന്ന കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ തീര്‍പ്പാണ് എഴുത്തച്ഛന്റെ മലയാളമാണ് ശരിമലയാളം എന്ന ധാരണ ഉറപ്പിക്കുന്നത്. എഴുത്തച്ഛന്റെ മലയാളമാണ് മലയാളം എന്ന പ്രസ്താവനയില്‍ത്തന്നെ എഴുത്തച്ഛന്റേതല്ലാത്ത മലയാളങ്ങളുമുണ്ട് എന്ന് തുറന്ന ധ്വനിയുണ്ട്. എഴുത്തച്ഛന്റെ മലയാളം എല്ലാവരുടെയും മലയാളമായിരുന്നില്ല. എഴുത്തായാലും പേച്ചായാലും അതിന് സമാന്തരവഴികളുണ്ടായിരുന്നു. നിരണം കവികളുടെ മലയാളമായാലും ജൂതരൂടെ മലയാളമായാലും സിറിയന്‍ ക്രിസ്ത്യാനികള്‍ ആരാധനയ്ക്കുപയോഗിച്ച കുര്‍സോനിഭാഷയായാലും അറബിമലയാളമായാലും പല മലയാളങ്ങളാണുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ അച്ചടി വ്യാപാരം ആരംഭിക്കുകയും അച്ചടിദേശീയത (പ്രിന്റ് നാഷണാലിറ്റി) പുതിയ യുക്തികള്‍ക്ക് നിമിത്തമാവുകയും ചെയ്യുന്നതുവരെ ഭാഷയെ സംബന്ധിക്കുന്ന ഈ പലമ നിലനിന്നിരുന്നു. ബാലകൃഷ്ണന്‍ വള്ളിക്കുന്നിനെ പോലൊരാളുടെ പഠനങ്ങളുടെയും എഴുത്തുകളുടെയും പ്രാധാന്യം ഈ പലമയെ, അതിന്റെ നടുവില്‍ നിലകൊണ്ടു രേഖപ്പെടുത്താന്‍ ചെലവഴിച്ച ഒരായുസ്സു നീണ്ട പ്രയത്‌നങ്ങളാണ്.

കേരളത്തിലെ മാപ്പിളമാരെ കുറിച്ച് ആധുനികമായ കാലത്തെഴുതിയ മില്ലര്‍ പോലും പൊതുവിദ്യാഭ്യാസത്തിന്റെ അഭാവം കൊണ്ട് ഇരുപതാം നൂറ്റാണ്ടുവരെ മാപ്പിളസമുദായത്തില്‍ സാഹിത്യത്തിന് അത്ര സ്വാധീനമില്ലായിരുന്നു എന്നാണു നിരീക്ഷിച്ചിട്ടുള്ളത്. അതങ്ങനെയല്ലെന്നും അപ്പറഞ്ഞതിനു ചരിത്രം ഒരാധികാരികതയും വകവച്ചു തരുന്നില്ലെന്നും ബാലകൃഷ്ണന്‍ വള്ളിക്കുന്നിനെ പോലൊരാള്‍ കൂടി പഠിക്കാനും എഴുതാനുമുണ്ടായി. പലമ, പൊതുമ തുടങ്ങിയ വാക്കുകളിലൂടെ ബാലകൃഷ്ണന്‍ വള്ളിക്കുന്നിലേക്കു പോകാവുന്ന വഴികളുണ്ട്. ആ വഴികളെ നിരസിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന സാംസ്‌കാരികയുക്തി പ്രബലമാകുമ്പോള്‍ അതിനെതിരെ നീങ്ങുന്നവരാല്‍ ബാലകൃഷ്ണന്‍ വള്ളിക്കുന്നിനു കൂടുതല്‍ മരണാനന്തര ബഹുമതികള്‍ ലഭിച്ചേക്കാം. തങ്ങളുടെ സാംസ്‌കാരിക പൈതൃകത്തെ എഴുതിപ്പുകഴ്ത്തിയ ഒരാളെന്ന നിലയില്‍ അദ്ദേഹത്തെ ഏറെ സ്‌നേഹിക്കുകയും അനേകം അവാര്‍ഡുകള്‍ നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട് കേരളത്തിലെ മാപ്പിള സമുദായം, അത്രയും അടുപ്പം അദ്ദേഹത്തിന്റെ കൃതികളോടുമുള്ള ഒരു കാലം വരുമെങ്കില്‍ അതായിരിക്കും ഏറ്റവും നല്ല ആദരവ്.

Next Story