Quantcast

അന്ന് സിഎച്ചും ബാഫഖി തങ്ങളും ചെയ്തത് ഇന്ന് ലീഗ് നേതൃത്വം ചെയ്യുമോ?

ലീഗ് ഒറ്റയ്ക്ക് മത്സരിച്ച തെരഞ്ഞെടുപ്പിൻ്റെ കഥ

MediaOne Logo
league leaders
X

പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റ് വേണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യം പുതിയതല്ല. 2019ന് മുമ്പ് രഹസ്യമായും അതിനു ശേഷം ലീഗ് പരസ്യമായും ആവശ്യപ്പെടുന്നതാണത്. രാഹുൽ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ജനവിധി തേടിയ സവിശേഷമായ സാഹചര്യത്തിലാണ് ലീഗ് ആവശ്യം ഷെൽഫിൽ വയ്ക്കുന്നത്. ഒരു പൊതുതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന വേളയിൽ ലീഗ് മൂന്നാം സീറ്റെന്ന ആവശ്യം വീണ്ടും ഉന്നയിക്കുകയാണ്. എന്നാൽ കൂടുതൽ സീറ്റ് ചോദിക്കാൻ ലീഗിന് അർഹതയുണ്ടെന്നും എന്നാൽ ഒരിക്കൽക്കൂടി ലീഗ് വിട്ടുവീഴ്ച ചെയ്യണമെന്നുമുള്ള നിലപാടാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. ലീഗിന് രാജ്യസഭാ സീറ്റ് നൽകി പ്രശ്‌നം പരിഹരിക്കാനുള്ള ഫോർമുലയും അണിയറയിൽ സജീവമാണ്. എന്നാൽ ഇക്കാര്യത്തിൽ ലീഗ് നേതൃത്വം ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.

2019ലേതു പോലെയല്ല, മൂന്നാം സീറ്റ് വേണമെന്ന ആവശ്യം ലീഗ് നേതൃത്വം ഇത്തവണ അതിശക്തമായാണ് ഉന്നയിച്ചത്. കോൺഗ്രസ് നേതൃത്വം ഒരു തീരുമാനമെടുക്കാനാവാതെ പ്രതിസന്ധിയിലാകുകയും ചെയ്തു. മൂന്നാം സീറ്റ് എന്ന ന്യായമായ ആവശ്യം അംഗീകരിച്ചു കിട്ടിയില്ലെങ്കിൽ സ്വന്തം അസ്തിത്വം മുറുകെപ്പിടിച്ച് അസാധാരണമായ രാഷ്ട്രീയനീക്കത്തിന് ലീഗ് തയ്യാറാകുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. അങ്ങനെയൊരു ചരിത്ര സന്ദർഭം ലീഗ് ചരിത്രത്തിൽ ഉണ്ടു താനും.

വിമോചന സമരത്തിന് ശേഷം വന്ന 1960ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗും കോൺഗ്രസും പിഎസ്പിയും മുന്നണിയായി മൽസരിച്ചു. ലീഗിൻറെ ആദ്യ മുന്നണി പ്രവേശം. ഇപ്പോഴത്തെ ഐക്യജനാധിപത്യ മുന്നണിയുടെ പ്രാഥമിക രൂപം. 12 സീറ്റിൽ മൽസരിച്ച ലീഗ് 11ലും വിജയിച്ചു. 80 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 63 സീറ്റു നേടി. മുന്നണിയായി തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് ഫലം വന്നപ്പോൾ കളം മാറിച്ചവിട്ടി. 'വർഗീയ കക്ഷി'യായ ലീഗിനെ മന്ത്രിസഭയിൽ എടുക്കുന്നതിനെ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം എതിർത്തു. സിഎച്ച് മുഹമ്മദ് കോയ ഡൽഹിയിലെത്തി കോൺഗ്രസ് നേതാക്കളായ ജി.ബി പന്തുമായും മൊറാർജി ദേശായിയുമായും ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സാമുദായിക സന്തുലനം എന്നൊന്നും കോൺഗ്രസ് പറഞ്ഞില്ല. ലീഗിനെ അധികാരത്തിന് പുറത്തു നിർത്തി രാഷ്ട്രീയ അയിത്തമാചരിച്ചു.


സിഎച്ച് മുഹമ്മദ് കോയ


കെ.എം സീതി സാഹിബിനെ സ്പീക്കറാക്കാമെന്ന വാഗ്ദാനം ലീഗ് സ്വീകരിച്ചു. 1961 ഏപ്രിലിൽ സീതി സാഹിബ് അന്തരിച്ചു. ആ ഒഴിവിലേക്ക് സിഎച്ച് മുഹമ്മദ് കോയയെ ലീഗ് നേതൃത്വം നിർദേശിച്ചു. എന്നാൽ സിഎച്ചിനെ തെരഞ്ഞെടുക്കണമെങ്കിൽ ലീഗ് അംഗത്വം രാജിവയ്ക്കണമെന്ന അസാധാരണ നിർദേശം കോൺഗ്രസ് മുമ്പോട്ടുവച്ചു. കെപിസിസി പ്രസിഡൻറ് സികെ ഗോവിന്ദൻ നായരെ പോലുള്ള കോൺഗ്രസ് നേതാക്കളാണ് കടുത്ത ലീഗ് വിരുദ്ധനിലപാടിനു പിന്നിൽ. വിട്ടുവീഴ്ചയെന്ന നിലയിൽ അതും അംഗീകരിക്കാൻ ലീഗ് തയ്യാറായി. സിഎച്ചിനെകൊണ്ട് അന്ന് ആ തീരുമാനം അംഗീകരിപ്പിക്കാൻ ബാഫഖി തങ്ങളും മറ്റു നേതാക്കളും ഏറെ പണിപ്പെട്ടെന്ന് ലീഗ് ചരിത്രകാരൻ എംസി വടകര എഴുതിയിട്ടുണ്ട്. അധികാര പ്രാതിനിധ്യമെന്നത് എളുപ്പമെല്ലന്ന തിരിച്ചറിവ് ഇതിനകം ലീഗ് നേതൃത്വം മനസ്സിലാക്കിയിരുന്നു. സിഎച്ച് മുഹമ്മദ് കോയ അങ്ങനെ സ്പീക്കറായി. എന്നാൽ മുന്നണിക്കകത്ത് അപസ്വരങ്ങൾ ഏറെയുണ്ടായി.

അതിനിടെ 1962ലെ മൂന്നാം പാർലമെൻറ് തെരഞ്ഞെടുപ്പ്. ജവഹർ ലാൽ നെഹ്‌റു കോൺഗ്രസിനെ നയിച്ച അവസാന പൊതുതെരഞ്ഞെടുപ്പ്. ലീഗ് രണ്ടു സീറ്റ് ചോദിച്ചു. അത് കൊടുത്തില്ലെന്ന് മാത്രമല്ല ലീഗുമായി ഒത്തുപോകില്ലന്ന് കോൺഗ്രസ് തീർച്ചയാക്കി. ലീഗിനെ മുന്നണി ചർച്ചയ്ക്ക് പോലും ക്ഷണിച്ചില്ല. 18 സീറ്റ് പി.എസ്.പിയുമായി പങ്കിട്ടെടുത്തു (കോൺഗ്രസ് 14, പിഎസ്പി 4). അരക്കില്ലം നഷ്ടപ്പെട്ട പാണ്ഡവരുടെ അവസ്ഥയിലായിരുന്നു അന്ന് ലീഗെന്ന് എംസി വടകര എഴുതുന്നു. പാർലമെൻറ് സീറ്റ് നൽകാൻ കോൺഗ്രസ് വിസമ്മതിച്ചതോടെ ലീഗ് ത്രികക്ഷി സഖ്യം അവസാനിപ്പിച്ച് മുന്നണിയിൽ നിന്നിറങ്ങിപ്പോയി.

1961 നവംബർ 9ന് ചേർന്ന ലീഗ് കമ്മറ്റി മുന്നണി വിടാൻ ചരിത്രപരമായ തീരുമാനമെടുത്തു. ബാഫഖി തങ്ങളാണ് അതിനുള്ള കരുനീക്കങ്ങൾ നടത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് സിഎച്ച് സ്പീക്കർ സ്ഥാനം രാജിവെച്ചു. സ്പീക്കർ പദവി രാജിവെച്ചതായി ഒരു രാത്രി സിഎച്ച് പത്രങ്ങൾക്ക് കമ്പിയടിച്ചു. തന്റെ സ്പീക്കർ സ്ഥാനം 'പിച്ചളപ്പിൻപോലെ' വലിച്ചെറിയുന്നുവെന്ന് നവംബർ പതിനാറിന് കോഴിക്കോട് ചേർന്ന സ്വീകരണ യോഗത്തിൽ സിഎച്ച് പ്രഖ്യാപിച്ചു.

മഞ്ചേരി, പൊന്നാനി, കോഴിക്കോട് എന്നീ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ലീഗ് തീരുമാനിച്ചു. യഥാക്രമം മുഹമ്മദ് ഇസ്മാഈൽ സാഹിബ്, ആലികുഞ്ഞി കൊള്ളിയിൽ, സിഎച്ച് മുഹമ്മദ് കോയ എന്നിവരായിരുന്നു സ്ഥാനാർത്ഥികൾ. ആ രാഷ്ട്രീയപരീക്ഷണത്തിൽ ലീഗ് കരുത്തു തെളിയിച്ചു. മൂന്നിൽ രണ്ടു സീറ്റിലും ജയം. 1957ൽ പതിനായിരത്തിലധികം വോട്ടിന് കോൺഗ്രസ് വിജയിച്ച കോഴിക്കോട് സിഎച്ച് മുഹമ്മദ് പിടിച്ചെടുത്തു. മഞ്ചേരിയിൽ ഇസ്മാഈൽ സാഹിബും വിജയിച്ചു. പൊന്നാനിയിൽ മൂന്നാമതായി. വടകര, തലശ്ശേരി, തിരുവനന്തപുരം ഉൾപ്പെടെ നാല് മണ്ഡലങ്ങളിൽ ലീഗ് നാലു സ്ഥാനാർത്ഥികൾക്ക് പരസ്യമായ പിന്തുണ നൽകിയിരുന്നു. തലശ്ശേരിയിൽ ഇടത് സ്വതന്ത്രൻ എസ് കെ പൊറ്റക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി സുകുമാർ അഴീക്കോടിനെ 64950 വോട്ടിൻറെ ഭൂരിപക്ഷത്തിൽ മലർത്തിയടിച്ചു. കാസർക്കോട്ട് കമ്മ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലനെ ലീഗ് പിന്തുണച്ചുവെന്ന് വാർത്തകളുണ്ടായിരുന്നു. 1957ൽ കാസർഗോഡ് മണ്ഡലത്തിൽ അയ്യായിരം വോട്ടിന് മാത്രം ജയിച്ച എകെജി 1962ലെ തെരഞ്ഞെടുപ്പിൽ അറുപതിനായിരത്തിൽപരം വോട്ടിന് ജയിച്ചു, പന്ത്രണ്ട് മടങ്ങ് ഭൂരിപക്ഷം.


ഇഎംഎസ് നമ്പൂതിരിപ്പാട്


കേരളത്തിലെ ആകെ 18 സീറ്റിൽ 10ൽ കമ്മ്യൂണിസ്റ്റ് / ആർഎസ്പി സഖ്യം ജയിച്ചു. കോൺഗ്രസ് ആറു സീറ്റിൽ ഒതുങ്ങി. കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങളിൽ (അന്ന് ആകെ സംസ്ഥാനങ്ങൾ 18) കോൺഗ്രസ് പാർട്ടി 60%ന് മുകളിൽ വോട്ട് പിടിച്ചപ്പോൾ കേരളത്തിൽ 34% ആയി ചുരുങ്ങി. ലീഗ് കേരള രാഷ്ട്രീയത്തിലെ അവഗണിക്കാനാകാത്ത ശക്തിയായി ആ തെരഞ്ഞെടുപ്പോടെ മാറി.

തുടർന്നു വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ (1965) ലീഗ് 16 സീറ്റിലാണ് മത്സരിച്ചത്. ആറു സീറ്റിൽ വിജയിച്ചു. ആർക്കും ഭൂരിപക്ഷം കിട്ടാതിരുന്ന ആ തെരഞ്ഞെടുപ്പിൽ മന്ത്രിസഭ ഉണ്ടാക്കാനായില്ല. എംഎൽഎമാരുടെ സത്യപ്രതിജ്ഞ പോലും നടക്കാതെ നിയമസഭ പിരിച്ചുവിട്ടു. 1967 മാർച്ചിൽ നടന്ന നാലാം തെരഞ്ഞെടുപ്പ് ലീഗിനെ സംബന്ധിച്ച് അതിനിർണായകമായിരുന്നു. ആ തെരഞ്ഞെടുപ്പിലാണ് മുസ്‌ലിംലീഗ് ഉൾപ്പെട്ട സപ്തകക്ഷി മുന്നണി രൂപീകൃതമായത്. ആ തെരഞ്ഞെടുപ്പിൽ 15 സീറ്റിൽ മത്സരിച്ച ലീഗ് 14 സീറ്റിലും വിജയിച്ചു. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എട്ടു സീറ്റ് അധികം. 2.97 ശതമാനം അധികം വോട്ടാണ് ലീഗിന് കിട്ടിയത്. 133 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് കിട്ടിയത് വെറും ഒമ്പത് സീറ്റ്!

ലീഗിനു മേലുള്ള രാഷ്ട്രീയ അയിത്തം ഇഎംഎസ് ഇല്ലാതാക്കി. സപ്തകക്ഷി മന്ത്രിസഭയിൽ സിഎച്ച് മുഹമ്മദ് കോയയും എംപിഎം അഹമ്മദ് കുരിക്കളും മന്ത്രിമാരായി. വിദ്യാഭ്യാസം, പഞ്ചായത്ത്-സാമൂഹ്യവികസനം എന്നീ സുപ്രധാന വകുപ്പുകളാണ്‌ലീഗ് കൈകാര്യം ചെയ്തത്. ഡെപ്യൂട്ടി സ്പീക്കർ പദവിയും ലീഗിന് കിട്ടി.

ഭൂമിയോളം വിട്ടുവീഴ്ച ചെയ്ത ചരിത്രമുണ്ടെങ്കിലും അവഗണിച്ചു എന്നു തോന്നിയിടത്ത് സ്വീകരിച്ച ശക്തമായ നിലപാടുകളാണ് സിഎച്ചിനെയും ബാഫഖി തങ്ങളെയും ലീഗ് ചരിത്രത്തിൽ വേറിട്ടു നിർത്തിയത്. വിലപേശൽ ശക്തിയെ അവർ രാഷ്ട്രീയനേട്ടത്തിനായുള്ള ആയുധമായിത്തന്നെ ഉപയോഗിച്ചു. അതാണ് മന്ത്രിസ്ഥാനത്തിൻറെ പേരിൽ മുന്നണി വിടാതിരിക്കുകയും സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ സ്പീക്കർ സ്ഥാനം രാജിവെച്ച് ഒറ്റയ്ക്ക് മത്സരിച്ചതിന് പിറകിലുള്ള രാഷ്ട്രീയയുക്തി.

സമാനമായ രാഷ്ട്രീയസാഹചര്യത്തിലാണ് ഇപ്പോൾ ലീഗ് എത്തിനിൽക്കുന്നത്. എന്തു തീരുമാനമെടുക്കണമെന്നുള്ള ധർമസങ്കടം നേതൃത്വത്തെ വേട്ടയാടുകയും ചെയ്യുന്നു. ലീഗ് അസാധാരണമായ ഒരു രാഷ്ട്രീയ തീരുമാനമെടുത്താൽ അത് കോൺഗ്രസിന് ഉയർത്തുന്ന വെല്ലുവിളി ചെറുതാകില്ല. രണ്ടു വർഷം അകലെ നിൽക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്താമെന്ന കോൺഗ്രസിന്റെ മോഹം വിദൂരമായി അവശേഷിക്കുകയും ചെയ്യും. മലപ്പുറത്തിനും പൊന്നാനിക്കും പുറമേ, ലീഗ്-കോൺഗ്രസ് ബലാബലം ഉള്ള കോഴിക്കോട്, വടകര എന്നിവിടങ്ങളിലും യുഡിഎഫിന്റെ സുരക്ഷിത മണ്ഡലമായ വയനാടും ഒറ്റക്ക് മൽസരിക്കാൻ ലീഗ് തീരുമാനമെടുത്താൽ അത് രാഷ്ട്രീയകൗതുകം മാത്രമാകില്ല. പാർട്ടിയുടെ സ്വത്വവും നയവും മുറുകെപ്പിടിച്ച് സിഎച്ചിനെയും ബാഫഖി തങ്ങളെയും പിന്തുടരാൻ ഇന്നത്തെ ലീഗ് നേതൃത്വത്തിന് സാധിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

TAGS :

Next Story