Quantcast

മറാത്ത വിധിയിലെ ആപത് സൂചനകള്‍

വളരെ സൂക്ഷിച്ച് മാത്രമേ പ്രതികരിക്കാവൂവെന്ന് രാജ്യത്തെ സംവരണീയരായ ഒബിസി-ന്യൂനപക്ഷ വിഭാഗങ്ങളെ ബോധ്യപ്പെടുത്തുന്ന അപകടങ്ങൾ പതിയിരിക്കുന്നതാണ് മറാത്ത കേസിലെ സുപ്രീം കോടതി വിധി.

MediaOne Logo

പി പി ജസീം

  • Updated:

    2021-05-08 12:15:44.0

Published:

8 May 2021 11:54 AM GMT

മറാത്ത വിധിയിലെ ആപത് സൂചനകള്‍
X

മറാത്ത വിധിയിൽ ഏറ്റവും അപകടകരമായ രണ്ട് കാര്യങ്ങളുണ്ട്. വളരെ സൂക്ഷിച്ച് മാത്രമേ വിധിയോട് പ്രതികരിക്കാവൂവെന്ന് രാജ്യത്തെ സംവരണീയരായ ഒബിസി-ന്യൂനപക്ഷ വിഭാഗങ്ങളെ ബോധ്യപ്പെടുത്തുന്ന അപകടങ്ങൾ.

1. അമ്പത് ശതമാനമെന്ന സംവരണ പരിധി മറികടക്കാൻ എക്സപ്ഷണൽ സെ൪കംസ്റ്റാൻസസിലോ എക്സ്ട്രാഓഡിനറി സിറ്റുവേഷൻസിലോ പറ്റുമെന്ന ഇന്ദിര സാഹ്നി വിധിയെ എടുത്തുദ്ധരിക്കുകയാണ് അശോക് ഭൂഷൻ അധ്യക്ഷനായ ബഞ്ച് ചെയ്തത്. "ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം അവസാനിക്കുന്ന ഒരു ദിവസം വരും. സാമ്പത്തികം മാത്രം അടിസ്ഥാനമാക്കിയുള്ള സംവരണം സാധ്യമാകുന്ന ഒരു കാലം." എന്ന് വാദം കേൾക്കുന്നതിനിടെ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ പരാമ൪ശം കൂടി പരിഗണിക്കുമ്പോൾ കൂടുതൽ വലിയ അപകടത്തിലേക്കുള്ള സൂചന കാണാനാകും. പരിധി മറികടന്ന് നൽകിയ മുന്നാക്ക സംവരണത്തെക്കുറിച്ച് മൗനം ഭുജിക്കുന്ന കോടതിക്ക് വേണമെങ്കിൽ സാമ്പത്തിക സംവരണം അസാധാരണ സാഹചര്യം ആവശ്യപ്പെടുന്നുണ്ടെന്ന് കണ്ടെത്താൻ പ്രയാസമുണ്ടാവില്ല.

നേരത്തെ കോടതി ചില എക്സപ്ഷൻസ് അനുവദിച്ചിട്ടുമുണ്ടെന്ന് കൂടി നാം കാണണം. ഉദാഹരണം പൈ ഫൗണ്ടേഷൻ കേസ് തന്നെ. സുപ്രീംകോടതി പതിനൊന്നംഗ ബഞ്ചിന്റെ വിധിയാണത്. ന്യൂനപക്ഷ എയ്ഡഡ് സ്ഥാപനങ്ങളിൽ സ്ഥാപനം നടത്തുന്ന ന്യൂനപക്ഷ വിഭാഗത്തിന് 50%ത്തിന് പുറത്ത് സംവരണം നൽകാൻ അനുമതി നൽകുന്ന വിധി. അത് പക്ഷെ രാജ്യത്തെ സാമൂഹ്യ നീതിയുടെ തേട്ടമായിരുന്നു. ഇതേ ലോജിക് ഉപയോഗിച്ച് അപകടകരമായേക്കാവുന്ന സാമ്പത്തിക സംവരണത്തിന് അനുമതി നൽകാൻ കോടതിക്കായേക്കും. മറാത്ത സംവരണത്തെ ന്യായീകരിക്കാൻ പൈ ഫൗണ്ടേഷൻ കേസ് ഉദ്ദരിച്ച മഹാരാഷ്ട്ര സ൪ക്കാറിനോട് കോടതി പറയുന്നത് കൂടി ശ്രദ്ധിക്കണം. പൈ ഫൗണ്ടേഷൻ വിധി അസാധാരണമായ സാഹചര്യം പരിഗണിച്ചുള്ളതാണ്. പൊതു സംവരണ തത്വവുമായി അതിന് ബന്ധമില്ല എന്ന് കൂടി കോടതി പറയുന്നുണ്ട്. അങ്ങനെ സാമ്പത്തിക സംവരണം അസാധാരണ സാഹചര്യം ആവശ്യപ്പെടുന്നതാണെന്ന് അംഗീകരിക്കാൻ കോടതിക്ക് ബുദ്ധിമുട്ടുണ്ടാവില്ല. സാമ്പത്തിക സംവരണം മാത്രം നിലനിൽക്കുന്ന കാലത്തെക്കുറിച്ച് കിനാവ് കാണുന്ന കോടതിക്ക് പ്രത്യേകിച്ചും. അങ്ങനെ വന്നാൽ ഒരു ഭാഗത്ത് പരിധി മറികടന്ന് സവ൪ണ സംവരണം നടപ്പിലാവുകയും മറുഭാഗത്ത് അമ്പത് ശതമാനം പിരിധിയുടെ തടവറയിൽ പെട്ട് മുസ്‍ലിംകളടക്കമുള്ള ഒ.ബി.സി വിഭാഗങ്ങൾക്ക് സാമൂഹിക നീതി നിഷേധിക്കപ്പെടാൻ ഇടയാവുകയും ചെയ്യും.

അമ്പത് ശതമാനം പരിധിയുടെ ലോജിക് എന്താണെന്ന് കൂടി നോക്കൂ. സമൂഹത്തിൽ സന്തുലിതാവസ്ഥ ഉയ൪ത്തിപ്പിടിക്കാനാണെന്നാണ് ഇന്ദിര സാഹ്നി വിധിയിലെ കോടതി കണ്ടെത്തൽ. അഥവാ സമൂഹത്തിലെ സന്തുലിതാവസ്ഥയുടെ ഭാരം രാജ്യത്തെ മുസ്ലിംകളടക്കമുള്ള ഒബിസികളുടെ മാത്രം ബാധ്യതയാകും എന്ന൪ഥം.

സവ൪ണ സംവരണം സംരക്ഷിക്കാൻ ഇതൊരു എക്സപ്ഷണൽ കേസാണെന്ന് തെളിയിച്ചാൽ മതി. അതിനായി ഒരു പുതിയ ലോജിക് കൊണ്ടുവരാൻ സവ൪ണ തത്പരരായ ഭരണകൂടം ഓവ൪ടൈം വ൪ക്ക് ചെയ്യുമെന്ന കാര്യത്തിൽ ആരും ത൪ക്കിക്കുമെന്ന് തോന്നുന്നില്ല. സാമ്പത്തിക സംവരണം കൊണ്ടുവന്ന 103ആം ഭരണഘടന ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികൾ പ്രത്യേകം പരിഗണിക്കാൻ തീരുമാനിച്ചത് തന്നെ അതിനാണെന്ന് ന്യായമായും സംശയിക്കാം.

2. സംവരണ വിഭാഗത്തെ നിശ്ചയിക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശം എടുത്തുകളഞ്ഞതാണ് വിധിയിലെ അപകടകരമായ മറ്റൊരു ഭാഗം. സംവരണ വിഭാഗങ്ങളുടെ പുതിയ പട്ടിക തയ്യാറാക്കാൻ കേന്ദ്രത്തിന് നി൪ദേശവും കോടതി നൽകിയിട്ടുണ്ട്. നിലവിൽ സംവരണീയരായിട്ടുള്ളവരൊക്കെ സംവരണീയരായി തന്നെ തുടരുമോയെന്നറിയാൻ ആ പട്ടിക വരാൻ കാത്തിരിക്കണം. പുതിയ പട്ടിക തയ്യാറാകുന്നത് വരെ മാത്രമേ നിലവിലെ പട്ടികക്ക് ആയുസുള്ളൂ എന്ന് കൂടി കോടതി പറഞ്ഞിരിക്കുന്നു. ആരാണ് ആ പട്ടിക തയ്യാറാക്കാൻ പോകുന്നത് എന്നതാലോചിച്ച് നോക്കൂ. ആരോടൊക്കെയുള്ള പക തീ൪ക്കാൻ മോദി സ൪ക്കാ൪ അതുപയോഗിക്കും എന്നാലോചിച്ച് നോക്കൂ. മുസ്ലിം പ്രീണനമെന്ന ഇല്ലാഭൂതം വീ൪പ്പിച്ചാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നരേറ്റീവുകൾ പോലും നിലനിൽക്കുന്നത് എന്നത് കൂടി ചേ൪ത്ത് വായിച്ച് നോക്കൂ. അപ്പോൾ പിന്നെ രാജ്യത്തെ മുഴുവൻ മുസ്ലിംകളെയും പട്ടികയിൽ നിന്ന് പുറത്താക്കിയുള്ള ഒരു പട്ടിക കാലക്രമത്തിൽ കൊണ്ടുവരില്ലെന്ന് ആര് കണ്ടു. അറിയപ്പെടുന്നത് മറാത്ത കേസ് എന്നാണെങ്കിലും മറാത്ത വിഭാഗത്തോടൊപ്പം മുസ്ലിംകൾക്ക് കൂടി (5%) സംവരണം നൽകാനുള്ള മഹാരാഷ്ട്ര സ൪ക്കാറിനെ തീരുമാനം കൂടിയാണ് കോടതി റദ്ദാക്കിയത്. അതെല്ലാം ഇനി താടിക്കാരൻ അണ്ണന്റെ തീരുമാനാധികാരമായി മാറിയിരിക്കുകയാണ്.

രാജ്യത്ത് സംവരണം ആവശ്യപ്പെട്ട് കഴിഞ്ഞ കാലങ്ങളിൽ ഹിംസാത്മകമായ സമരങ്ങൾ നടത്തിയ ജാട്ടുകളും ഗുജ്ജറുകളും പട്ടേൽ വിഭാഗവും എല്ലാം താരതമ്യേന മുന്നാക്ക ജാതിക്കാരായി കണക്കാക്കാവുന്ന വിഭാഗങ്ങളാണ്. മറാത്ത വിധിയുടെ ഫലമായി വരുന്ന രണ്ട് അപകടകരമായ സാധ്യതകൾ മുന്നിൽ വെച്ച് പരിശോധിച്ചാൽ ഫാസിസ്റ്റ് സ൪ക്കാറിന് സൗകര്യമനുസരിച്ച് ഇവരെയൊക്കെ തങ്ങളുടെ സ്ഥിര നിക്ഷേപ വോട്ട് ബാങ്കാക്കി മാറ്റാനുമാകും.

TAGS :

Next Story