Quantcast

കോവിഡ് നിവാരണം: ഖത്തറിന് അകമഴിഞ്ഞ സഹായങ്ങളുമായി ചൈന

ചികിത്സാ രംഗത്ത് മെഡിക്കല്‍ വിദഗ്ദ്ധരുടെ മാര്‍ഗനിര്‍ദേശങ്ങള്‍, പ്രതിരോധ വസ്തുക്കളുടെ കൈമാറ്റവും പുരോഗമിക്കുന്നു

MediaOne Logo

PC Saifudheen

  • Published:

    4 April 2020 5:19 PM GMT

കോവിഡ് നിവാരണം: ഖത്തറിന് അകമഴിഞ്ഞ സഹായങ്ങളുമായി ചൈന
X

കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനും ഫലപ്രദമായ ചികിത്സാ സംവിധാനം ഒരുക്കുന്നതിനുമായി ഖത്തറിന് ചൈനയുടെ പൂര്‍ണ സഹായം. കോവിഡിനെ അതിജീവിച്ചതിന്‍റെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ക്രിയാത്മകമായ മാര്‍ഗനിര‍്ദേശങ്ങള്‍ പ്രത്യേക കോള്‍ സെന്‍റര്‍ വഴി ഓരോ ദിവസവും ചൈനയിലെ ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ ഖത്തറിലെ ആരോഗ്യവകുപ്പുമായി പങ്കുവെക്കുന്നുണ്ടെന്ന് ഖത്തറിലെ ചൈനീസ് അംബാസഡര്‍ പറഞ്ഞു. കോവിഡിനെ ഫലപ്രദമായി തടയുന്നതിന് ചൈനയുടെ പിന്തുണ ഖത്തറിന് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.

അതെ സമയം കോവിഡ് പ്രതിരോധത്തിനായുള്ള മെഡിക്കല്‍ വസ്തുക്കളും ചൈന ഖത്തറിന് കൈമാറും. ബാങ്ക് ഓഫ് ചൈന, കൊമ്യേഴ്സല്‍ ബാങ്ക് ഓഫ് ചൈന എന്നിവയുടെ ദോഹ ശാഖകള്‍ ഒരു മില്യണ്‍ ജോഡി കയ്യുറകളും 7000 സെറ്റ് സംരക്ഷണ വസ്ത്രങ്ങളുമാണ് ഖത്തറിന് സംഭാവന നല്‍കുക. ഇതില്‍ രണ്ട് ലക്ഷം കയ്യുറകള്‍ ഇതിനകം ഖത്തര്‍ ചാരിറ്റിക്ക് കൈമാറിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ദോഹയില്‍ പ്രവര‍്ത്തിക്കുന്ന മുഴുവന്‍ ചൈനീസ് കമ്പനികളോടും ഖത്തര്‍ ഭരണകൂടത്തിന്‍റെ കോവിഡ് നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ ചൈനയില്‍ കോവിഡ് രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഖത്തര്‍ നല്‍കിയ സഹായം ചൈന ഒരിക്കലും മറക്കില്ലെന്നും അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു. അഞ്ച് വിമാനങ്ങളിലായി 1500 ടണ്‍ മെഡിക്കല്‍ വസ്തുക്കളാണ് അന്ന് ഖത്തറില്‍ നിന്ന് ചൈനയിലെത്തിയത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സൌഹൃദത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളായിരുന്നു അതെന്നും അംബാഡിസര്‍ കൂട്ടിച്ചേര്‍ത്തു. രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതുവരെയായി ഖത്തര്‍ ഭരണകൂടം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അഭിനന്ദനീയമാണെന്നും രോഗത്തെ അതിജീവിക്കാന്‍ ഖത്തറിന് പെട്ടെന്ന് തന്നെ സാധിക്കുമെന്നും അംബാസിഡര്‍ സൂ ജിയാന്‍ ദോഹയില്‍ പറഞ്ഞ‍ു

TAGS :

Next Story