Quantcast

ഇന്ത്യൻ വംശജരുടെ പ്രതിരോധത്തിൽ ഇന്ത്യക്ക് മോഹാലസ്യം; കാൺപൂരിൽ സമനില പിടിച്ച് കിവികൾ

ഇന്ത്യൻ വംശജരായ രചിൻ രവീന്ദ്രയും അജാസ് പട്ടേലുമാണ് ഇന്ത്യൻ വിജയമോഹങ്ങൾക്ക് വിലങ്ങുതടിയായത്. അരങ്ങേറ്റക്കാരൻ കൂടിയായ രചിൻ 91ഉം അജാസ് 23ഉം പന്ത് നേരിട്ടാണ് കിവികളെ രക്ഷിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-11-29 11:45:00.0

Published:

29 Nov 2021 11:14 AM GMT

ഇന്ത്യൻ വംശജരുടെ പ്രതിരോധത്തിൽ ഇന്ത്യക്ക് മോഹാലസ്യം;  കാൺപൂരിൽ സമനില പിടിച്ച് കിവികൾ
X

അവസാന നിമിഷംവരെ ഉദ്വേഗം നിറഞ്ഞ കാൺപൂർ ടെസ്റ്റ് ഒടുവിൽ സമനിലയിൽ പിരിഞ്ഞു. ഇന്ത്യൻ സ്പിന്നർമാർ നിറഞ്ഞാടിയ അഞ്ചാംദിനത്തിൽ അവസാനം ജയിക്കാൻ വെറും ഒരു വിക്കറ്റ് മാത്രം വേണ്ടിടത്ത് കളി വെളിച്ചക്കുറവിനെത്തുടർന്ന് തടസപ്പെടുകയായിരുന്നു. ഒടുവിൽ, ഇന്ത്യൻ താരങ്ങളുമായികൂടി സംസാരിച്ച് സമനിലയിൽ പിരിയാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ വംശജരായ രചിൻ രവീന്ദ്രയും അജാസ് പട്ടേലുമാണ് ഇന്ത്യൻ വിജയമോഹങ്ങൾക്ക് വിലങ്ങുതടിയായത്. അരങ്ങേറ്റക്കാരൻ കൂടിയായ രചിൻ 91ഉം അജാസ് 23ഉം പന്ത് നേരിട്ടാണ് കിവികളെ രക്ഷിച്ചത്.

ഇന്ത്യ ഉയർത്തിയ 284 എന്ന വിജയലക്ഷ്യം പിന്തുടർന്ന കിവികൾക്ക് 165 റൺസ് മാത്രമാണ് നേടാനായത്. ഒൻപത് വിക്കറ്റുകൾ നഷ്ടപ്പെടുകയും ചെയ്തു. നാലു വിക്കറ്റുകളുമായി രവീന്ദ്ര ജഡേജയാണ് കിവി ചിറകരിഞ്ഞത്. രവിചന്ദ്ര അശ്വിൻ മൂന്നും അക്‌സർ പട്ടേലും ഉമേഷ് യാദവും ഓരോ വീതവും വിക്കറ്റുകൾ നേടി.

കഴിഞ്ഞ ദിവസം കളിനിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ നാല് എന്ന നിലയിലായിരുന്നു ന്യൂസിലൻഡ്. എന്നാൽ, അവസാനദിവസമായ ഇന്ന് ലഞ്ചിന് പിരിയുംവരെ അപ്രതിരോധ്യമായ പോരാട്ടമാണ് ഓപണർ ടോം ലഥാമും ഇന്നലെ നൈറ്റ് വാച്ച്മാനായി ഇറങ്ങിയ വില്യം സോമർവില്ലും കാഴ്ചവച്ചത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഒന്നിന് 79 റൺസെന്ന നിലയിലായിരുന്നു സന്ദർശകർ.

എന്നാൽ, ലഞ്ച് കഴിഞ്ഞെത്തിയ ഉടനെ സോമർവില്ലിനെ(36) മടക്കി ഉമേഷ് യാദവാണ് ഇന്ത്യക്ക് ബ്രേക് തൂ നൽകിയത്. ഉമേഷിന്റെ പന്തിൽ ശുഭ്മൻ ഗിൽ പിടിച്ചുപുറത്താവുമ്പോൾ സോമർവിൽ 110 പന്ത് നേരിട്ടിരുന്നു.

തന്റെ 17-ാം ഓവറിലെ ആദ്യപന്തിലാണ് അശ്വിൻ ലഥാമിനെ മടക്കിയത്. വേഗം കുറഞ്ഞ് ഓഫ്സ്റ്റംപിനു പുറത്തുവന്ന പന്ത് കവറിലേക്കടിക്കാൻ ലഥാം ശ്രമിച്ചപ്പോൾ ഇൻസൈഡ് എഡ്ജായി വിക്കറ്റിൽ പതിക്കുകയായിരുന്നു. ഇതോടെ 417 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയ അശ്വിൻ ഈ നേട്ടത്തിൽ ഹർഭജൻ സിങ്ങിനെ മറികടന്നു.


വെറ്ററൻ താരം റോസ് ടെയ്‌ലർ നായകനൊപ്പം ചേർന്ന് രക്ഷാപ്രവർത്തനമാരംഭിച്ചെങ്കിലും താരത്തെ രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നിൽ കുരുക്കി. പിന്നാലെ ഹെൻറി നിക്കോൾസിനെ ആദ്യ ഇന്നിങ്‌സിലെ അഞ്ചുവിക്കറ്റ് വേട്ടക്കാരൻ അക്‌സർ പട്ടേലും വിക്കറ്റിനു മുന്നിൽ കുരുക്കി. വിക്കറ്റ് കീപ്പർ ടോം ബ്ലൻഡൽ വന്ന വഴിക്കു തന്നെ മടങ്ങി. അശ്വിന് 418-ാം വിക്കറ്റ്.

അധികം വൈകാതെ കിവീസ് നായകന്റെ പോരാട്ടവും ജഡേജ അവസാനിപ്പിച്ചു. 112 പന്ത് നേരിട്ട് 24 റൺസ് എടുത്ത കെയിൻ വില്യംസനും ജഡേജയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി പുറത്താകുകയായിരുന്നു. പിന്നീടാണ് അരങ്ങേറ്റക്കാരൻ രചിൻ രവീന്ദ്രയുടെ പോരാട്ടം ആരംഭിച്ചത്. ആദ്യം കെയിൽ ജാമീഷനുമായി ചേർന്നായിരുന്നു പോരാട്ടം. 30 പന്ത് നേരിട്ട് അഞ്ചു റൺസെടുത്തു നിന്ന ജാമീഷനെയും ജഡേജ വിക്കറ്റിനു മുന്നിൽ കുരുക്കി. ഒൻപതാമനായി എത്തിയ ടിം സൗത്തിക്കും അതേ അനുഭവം തന്നെ.


ജഡേജയ്ക്കു മുന്നിൽ കീഴടങ്ങി സൗത്തിയും പുറത്തായതോടെയാണ് ഇന്ത്യൻ വംശജരുടെ അസാമാന്യമായ ചെറുത്തുനിൽപ്പ് കണ്ടത്. ന്യൂസിലൻഡിന്റെ മുൻനിരക്കാരെയെല്ലാം സമ്പൂർണമായി കുഴക്കിയ അശ്വിൻ-ജഡേജ-അക്‌സർ സ്പിൻത്രയം പഠിച്ച പണി പതിനെട്ട് പയറ്റി നോക്കിയിട്ടും ഫലം കണ്ടില്ല. ഒടുവിൽ വെളിച്ചക്കുറവുമൂലം കളിനിർത്തുമ്പോൾ രചിൻ 91 പന്തിൽ 18, അജാസ് പട്ടേൽ 23 പന്തിൽ രണ്ട് എന്ന നിലയിലായിരുന്നു.

TAGS :

Next Story