Quantcast

പാസ്പോര്‍ട്ടോ രേഖകളോ വേണ്ട; എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സ്മാർട്ട് ടണലുകള്‍

നടന്നുപോകുമ്പോൾ തന്നെ ബയോമെട്രിക് സംവിധാനത്തിലൂടെ യാത്രക്കാരുടെ വിവരങ്ങൾ ഉറപ്പുവരുത്തുന്നതാണ് സ്മാർട്ട് ടണൽ

MediaOne Logo

Web Desk

  • Published:

    10 Oct 2018 9:36 PM GMT

പാസ്പോര്‍ട്ടോ രേഖകളോ വേണ്ട; എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സ്മാർട്ട് ടണലുകള്‍
X

പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളില്ലാതെ യാത്ര സാധ്യമാകുന്ന സ്മാർട്ട് ടണൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ചു. നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള സംവിധാനം ലോകത്ത് ആദ്യത്തേതാണ്. യാത്രാ രേഖകളോ മനുഷ്യ സഹായമോ ഇല്ലാതെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഇതുവഴി സാധിക്കും.

ടെർമിനൽ മൂന്നിലെ ഫാസ്റ്റ് ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഡിപാർച്ചർ ഭാഗത്താണ് സ്മാർട്ട് ടണൽ തുറന്നത്. പരീക്ഷണഘട്ട ഉദ്ഘാടനം റെസിഡൻസ് ഫോറിനേഴ്സ് അഫയേഴ്സ് ജനറൽ ഡയറക്ടറേറ്റ് ദുബൈ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി നിർവഹിച്ചു.

നടന്നുപോകുമ്പോൾ തന്നെ ബയോമെട്രിക് സംവിധാനത്തിലൂടെ യാത്രക്കാരുടെ വിവരങ്ങൾ ഉറപ്പുവരുത്തുന്നതാണ് സ്മാർട്ട് ടണൽ. അതിനാൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ പാസ്‌പോർട്ടോ എമിറേറ്റ്‌സ് ഐ.ഡിയോ ആവശ്യമില്ല. മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ കൂടി ഉൾപ്പെട്ട സ്മാർട്ട് ടണലുകൾ വഴി 15 സെക്കൻഡിനകം യാത്രക്കാർക്ക് നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാം.

ഇതിനായി ആദ്യം കണ്ണ് സ്കാൻ ചെയ്യണം. തുടർന്നാണ് ടണലിലൂടെ നടക്കേണ്ടത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രക്കാരുടെ എണ്ണത്തിൽ വർഷംതോറും റെക്കോർഡ് വർധനയാണുള്ളത്. നടപടികൾ കൂടുതൽ വേഗത്തിലാകാനാണ് സ്മാർട്ട് ടണൽ പോലുള്ള നൂതന സംവിധാനങ്ങൾ.

നാല് വർഷമായി ഈ ആശയം പരീക്ഷിച്ച് വരികയായിരുന്നു. തികച്ചും യു.എ.ഇ നിർമിതമായ സ്മാർട്ട് ടണൽ വിജയത്തിലേക്ക് എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി പറഞ്ഞു.

ടണലിലൂടെ കടന്നുപോകുന്ന യാത്രക്കാർക്ക് യാത്ര പോകുന്ന രാജ്യത്ത്
ഉപയോഗിക്കാൻ ആറ് മാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം. രണ്ട് കിയോസ്‌കുകളാണ് ഇപ്പോൾ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.

TAGS :

Next Story