Quantcast

ഹൃദയങ്ങള്‍ പട്ടാളരഹിതമാകണം, നീതിയില്ലാതെ സമാധാനമുണ്ടാവില്ല; യുദ്ധകെടുതികള്‍ക്ക് എതിരെ മാര്‍പ്പാപ്പ

MediaOne Logo

Web Desk

  • Published:

    4 Feb 2019 6:08 PM GMT

ഹൃദയങ്ങള്‍ പട്ടാളരഹിതമാകണം, നീതിയില്ലാതെ സമാധാനമുണ്ടാവില്ല; യുദ്ധകെടുതികള്‍ക്ക് എതിരെ മാര്‍പ്പാപ്പ
X

സിറിയ, യമന്‍, ഇറാഖ്, ലിബിയ എന്നിവിടങ്ങളിലെ കെടുതികള്‍ ചൂണ്ടിക്കാട്ടി യുദ്ധവെറിക്കെതിരെ ശക്തമായ ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യു.എ.ഇ സ്ഥാപക സ്മാരകത്തില്‍ ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധനം ചെയ്യുകയായിരുന്നു പോപ്പ്.

സലാം പറഞ്ഞുകൊണ്ടാണ് മാര്‍പ്പാപ്പ അബൂദബിയിലെ തന്റെ പ്രഭാഷണം ആരംഭിച്ചത്. യുദ്ധങ്ങള്‍ക്കും ആയുധന മല്‍സരങ്ങള്‍ക്കുമെതിരെ വിശ്വാസികളുടെ കൂട്ടായ പ്രവര്‍ത്തനമുണ്ടാകണമെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. നീതി സമാധാനത്തിന്റെ ചിറകുകളിലൊന്നാണ്. നീതി ഇല്ലാതെ സമാധാനത്തിന് നിലനില്‍പ്പില്ല. പാവങ്ങളുടെ ശബ്ദമാകാന്‍ മതത്തിന് കഴിയണമെന്നും മാര്‍പ്പാപ്പ പറഞ്ഞു. ഹൃദയങ്ങളെ മനുഷ്യര്‍ പട്ടാളരഹിതമാക്കണം. യമന്‍, സിറിയ, ഇറാഖ്, ലിബിയ എന്നിവിടങ്ങളിലെ കെടുതികളെ മനസില്‍വെച്ചുകൊണ്ടാണ് താനിത് പറയുന്നത്. അതിര്‍ത്തികളിലെ സേനാ സാന്നിധ്യം, ഉയരുന്ന മതില്‍കെട്ടുകള്‍, പാവങ്ങളെ ചൂഷണം ചെയ്യല്‍, ബന്ധങ്ങളെ പണത്തിനായി ദുരുപയോഗം ചെയ്യല്‍ എന്നിവ ഇല്ലാതാക്കാന്‍ വിശ്വാസികള്‍ പ്രവര്‍ത്തിക്കണം. പ്രാര്‍ത്ഥനയിലും പ്രവര്‍ത്തിയിലും ഈ നിലപാടുകളുണ്ടാവണം. ചടങ്ങില്‍ നേരത്തേ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് ത്വയ്യിബ് സംസാരിച്ചു. മാനവ സാഹോദര്യരേഖയില്‍ മാര്‍പ്പാപ്പ ഒപ്പുവെച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്‍യാന്‍ തുടങ്ങിയ രാഷ്ട്രനേതാക്കളും പോപ്പിന്റെ പ്രസംഗത്തിന് സാക്ഷിയാകാന്‍ എത്തിയിരുന്നു.

നീതിക്കും സമാധാനത്തിനുമായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതായിരുന്നു മാര്‍പാപ്പയുടെ അബൂദബിയിലെ പ്രസംഗം.

TAGS :

Next Story