Quantcast

'പാക് വാനമ്പാടി' ഇതിഹാസ ഗായിക നയ്യാര നൂർ അന്തരിച്ചു

പാകിസ്താൻ വിപ്ലവകവി ഫൈസ് അഹ്മദ് ഫൈസിന്റെ വരികൾക്ക് ശബ്ദം നൽകിയാണ് നയ്യാര സംഗീതലോകത്ത് ശ്രദ്ധനേടുന്നത്

MediaOne Logo

Web Desk

  • Published:

    21 Aug 2022 5:07 PM GMT

പാക് വാനമ്പാടി ഇതിഹാസ ഗായിക നയ്യാര നൂർ അന്തരിച്ചു
X

കറാച്ചി: ഇതിഹാസ പാക് ഗായിക നയ്യാര നൂർ അന്തരിച്ചു. 71 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. കറാച്ചിയിലാണ് അന്ത്യം.

'ബുൽബുലെ പാകിസ്താൻ'(പാകിസ്താന്റെ വാനമ്പാടി) എന്ന പേരിൽ അറിയപ്പെട്ടിരുന്ന നയ്യാര ഗസലിലൂടെയാണ് സംഗീതലോകത്ത് വിശ്രുത ശബ്ദമാകുന്നത്. അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് അവരുടെ സുന്ദരശബ്ദം ഒഴുകിപ്പരന്നു.

1950 നവംബറിൽ ഇന്ത്യയിലെ അസം തലസ്ഥാനമായ ഗുവാഹത്തിയിലാണ് ജനനം. ആൾ ഇന്ത്യാ മുസ്‌ലിം ലീഗ് നേതാവായിരുന്ന നയ്യാരയുടെ പിതാവാണ് വിഭജനത്തിനുമുൻപ് മുഹമ്മദലി ജിന്ന അസമിലെത്തുമ്പോൾ ആതിഥ്യമരുളിയിരുന്നത്. ഗുവാഹത്തിയിലായിരുന്നു നയ്യാര കുട്ടിക്കാലം ചെലവഴിച്ചത്. പിന്നീട് കുടുംബസമേതം കറാച്ചിയിലേക്ക് കുടിയേറി.

ലാഹോറിലെ നാഷനൽ കോളജ് ഓഫ് ആർട്‌സിലെ പഠനകാലത്താണ് സംഗീതത്തിലെ താൽപര്യം തിരിച്ചറിയുന്നത്. 1971ൽ പാക് ടെലിവിഷൻ സീരിയലുകളിൽ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചു. 'ഘരാന', 'താൻസൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്രലോകത്തേക്കും കാലെടുത്തുവച്ചു. ഘരാനയിലെ ഗാനത്തിന് മികച്ച പിന്നണി ഗായികയ്ക്കുള്ള 'നിഗാർ' പുരസ്‌കാരം ലഭിച്ചു. സോഹ്നി ദർത്തി അടക്കം പാക് ദേശഭക്തി ഗാനങ്ങൾക്ക് ശബ്ദമിട്ടു.

വിപ്ലവകവി ഫൈസ് അഹ്മദ് ഫൈസിന്റെ പ്രശസ്ത വരികൾക്ക് ശബ്ദം നൽകിയായിരുന്നു സംഗീതലോകത്ത് ശ്രദ്ധനേടുന്നത്. 'നയ്യാര സിങ്‌സ് ഫൈസ്' എന്ന പേരിൽ 1976ൽ പുറത്തിറങ്ങിയ ആൽബത്തിലൂടെ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ സ്വന്തമായൊരു ഇടവും സ്വന്തമാക്കി. ബെഹ്‌സാദ് ലഖ്‌നവി രചിച്ച 'എ ജസ്ബയേ ദിൽ ഘർ മേം' ആണ് നയ്യാരയുടെ ഏറ്റവും പ്രസിദ്ധമായ ഗസൽ. ഗാലിബ്, മോമിൻ ഖാൻ മോമിൻ, നാസിർ കാസ്മി തുടങ്ങി പ്രമുഖരുടെ വരികൾ ആലപിച്ചു. ഇതിഹാസ ഗസൽ ഗായകൻ മെഹ്ദി ഹസൻ അടക്കമുള്ള പ്രമുഖർക്കൊപ്പം പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Summary: 'Nightingale of Pakistan', legendary singer Nayyara Noor dies aged 71

TAGS :

Next Story