Quantcast

തീവ്രവാദികള്‍ തകര്‍ത്ത ക്ഷേത്രം സര്‍ക്കാര്‍ ചെലവില്‍ പുനര്‍നിര്‍മിക്കാന്‍ പാകിസ്താന്‍

മതതത്വങ്ങള്‍ക്ക് എതിരാണ് ക്ഷേത്രത്തിന് എതിരെയുള്ള ആക്രമണമെന്ന് പാക് ന്യൂനപക്ഷ വകുപ്പു മന്ത്രി നൂറുല്‍ ഹഖ് ഖാദിരി പ്രതികരിച്ചു

MediaOne Logo

  • Published:

    2 Jan 2021 6:26 AM GMT

തീവ്രവാദികള്‍ തകര്‍ത്ത ക്ഷേത്രം സര്‍ക്കാര്‍ ചെലവില്‍ പുനര്‍നിര്‍മിക്കാന്‍ പാകിസ്താന്‍
X

പെഷവാര്‍: വടക്കുകിഴക്കന്‍ പാകിസ്താനിലെ കരക് ജില്ലയില്‍ അക്രമികള്‍ തകര്‍ത്ത ഹിന്ദു ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസമാണ് ക്ഷേത്രം തകര്‍ക്കപ്പെട്ടത്. തീവ്രവാദ ഗ്രൂപ്പാണ് അക്രമത്തിന് പിന്നില്‍ എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ക്ഷേത്രം പുനര്‍നിര്‍മിക്കുമെന്ന് പ്രവിശ്യാ മുഖ്യമന്ത്രി മഹ്‌മൂദ് ഖാന്‍ ആണ് പ്രഖ്യാപിച്ചത്. ആരാധനാലയം തകര്‍ത്തതില്‍ ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങള്‍ പാകിസ്താനെ പ്രതിഷേധം അറിയിച്ചിരുന്നു.

സംഭവത്തില്‍ 30 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ തീവ്രവാദ ഗ്രൂപ്പിലെ അംഗമാണ് എന്ന് പൊലീസ് വെളിപ്പെടുത്തി. 350 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പ്രവിശ്യാ പൊലീസ് മേധാവി കെപികെ സനാഉല്ല അബ്ബാസി പറഞ്ഞു. ന്യൂനപക്ഷ ആരാധനാലയങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ആക്രമണത്തില്‍ സുപ്രിംകോടതി പ്രാദേശിക ഭരണകൂടത്തിന് നോട്ടീസയച്ചു. ജനുവരി അഞ്ചിന് കോടതിയില്‍ നേരിട്ട് ഹാജരാകണം എന്നാണ് നിര്‍ദേശം. വിഷയം ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹ്‌മദുമായി ചര്‍ച്ച നടത്തിയതായി പാക് ഹിന്ദു കൗണ്‍സില്‍ മേധാവി രമേശ് കുമാര്‍ വാങ്ക്‌വാനി പറഞ്ഞു.

മതതത്വങ്ങള്‍ക്ക് എതിരാണ് ക്ഷേത്രത്തിന് എതിരെയുള്ള ആക്രമണമെന്ന് പാക് ന്യൂനപക്ഷ വകുപ്പു മന്ത്രി നൂറുല്‍ ഹഖ് ഖാദിരി പ്രതികരിച്ചു. രാജ്യത്തിന്റെ ഭരണഘടന ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story