തൂമ്പയെടുക്കാൻ വരട്ടെ... കിളയ്ക്കും മുമ്പ് പാടത്തെ പ്രശ്നങ്ങളറിയാം; ഇനി കൃഷിക്കും എഐ കവചം!
കൃഷിയിൽ എഐ എന്നത് വെറുമൊരു വാഗ്ദാനമല്ല. ആറ് ഭൂഖണ്ഡങ്ങളിലുടനീളം ആധുനിക കൃഷിയുടെ മുഖച്ഛായ തന്നെ നിർമിത ബുദ്ധി മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്.

കൃഷി നാടിന്റെ ജീവവായുവാണ്. അടുക്കളയിൽ കറിച്ചട്ടിയിൽ പൊട്ടിത്തെറിക്കുന്ന കടുക് മുതൽ പച്ചക്കറികളും പഴവർഗങ്ങളും വരെ നമ്മൾ കഴിക്കുമ്പോൾ അത് നമ്മിലേക്കെത്തിച്ച കർഷകരെ മറക്കാനാവില്ല. അവരുടെ കഠിനാധ്വാനത്തെയും യാതനകളേയും വിസ്മരിക്കാനാവില്ല. നൂറ്റാണ്ടുകളായി, പ്രകൃതിയുടെ സഹകരണം ഒന്ന് മാത്രം പ്രതീക്ഷിച്ചാണ് ഓരോ കർഷകനും വിത്തിറക്കുന്നത്. കർഷകന്റെ അനുഭവപരിചയം, കാലാവസ്ഥ, ഭാഗ്യം എന്നിവയെ ആശ്രയിച്ചാണ് ഓരോ കൃഷിയും. എന്നാൽ പലവിധ പ്രശ്നങ്ങളാണ് ഓരോ കൃഷിയെയും ബാധിക്കുന്നത്.
വരൾച്ചയോ കീടശല്യമോ പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ അവയോട് പ്രതികരിക്കാനുള്ള പഴയ രീതികൾ ഇനി പര്യാപ്തമല്ല. പ്രശ്‌നങ്ങൾ പ്രവചിക്കാനും തടയാനുമുള്ള ഉപകരണങ്ങൾ ഇക്കാലത്ത് കർഷകർക്ക് ആവശ്യമാണ്. അവിടെയാണ് എഐ പ്രസക്തമാകുന്നത്. കൃഷിയിലെന്ത് എഐ എന്ന് ചിന്തിച്ചേക്കാം... പക്ഷേ അതിന്റെ വലിയ സാധ്യതകളാണ് കർഷകന് മുന്നിലുള്ളത്.
വിളകൾ മഞ്ഞനിറമാവുകയും കീടശല്യവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കണ്ടെത്തുമ്പോഴേക്കും വിളവ് 20 ശതമാനത്തോളം നശിച്ചിട്ടുണ്ടാകും. ഇത് പ്രതിരോധിക്കാൻ കർഷകർ പലപ്പോഴും അമിതമായി കീടനാശിനി ഉപയോഗിക്കുകയും പണം പാഴാക്കുകയും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ലോകത്തിലെ ശുദ്ധജലത്തിന്റെ 70 ശതമാനവും ഉപയോഗിക്കുന്നത് കൃഷിക്കു വേണ്ടിയാണ്. എന്നാൽ കൃഷികൾ ഭൂരിഭാഗവും കാര്യക്ഷമമല്ലെന്നു മാത്രമല്ല, വിപണിയിലെ അസ്ഥിരത, വിതരണ ശൃംഖലകളിലെ തടസങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വലിയ വെല്ലുവിളികൾ കാര്യങ്ങൾ കൂടുതൽ ദുഷ്കരമാക്കുന്നു.
ഇവിടെയാണ് എഐയുടെ സംഭാവന എടുത്തുപറയേണ്ടത്. പിന്നിലേക്ക് നോക്കുന്നതിനു പകരം കർഷകരെ മുന്നോട്ട് നോക്കാൻ സഹായിക്കുന്ന നിരവധി എഐ മാർഗങ്ങളുണ്ട്. ഉപഗ്രഹങ്ങൾ, സെൻസറുകൾ, മുൻകാല രേഖകൾ തുടങ്ങിയവയിൽ നിന്നുള്ള ഡാറ്റയെ ഈ സാങ്കേതികവിദ്യ പ്രവചനങ്ങളും ശുപാർശകളുമാക്കി മാറ്റുന്നു. കൃഷിയിടങ്ങളിലെ ഇത്തരം പ്രവചനങ്ങൾ കർഷകർക്ക് നടീൽ സമയമോ ജലസേചന സമയമോ ക്രമീകരിക്കാൻ സഹായിക്കുന്നു. അതിലൂടെ അപകടസമയത്തെ കൃഷി ഒഴിവാക്കാം. ഓട്ടോമേറ്റഡ് ക്യാമറകളും ഡ്രോണുകളും പ്രശ്നങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു എന്നതാണ് മറ്റൊരു നേട്ടം. ഇത് വേഗത്തിലുള്ള പ്രവർത്തനം സാധ്യമാക്കുകയും രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുകയും ചെയ്യുന്നു.
കൃഷിയിൽ എഐ ഉപയോഗം ഇനി ഒഴിവാക്കാനാവുന്ന ഒന്നല്ല. അതിന് കാരണങ്ങൾ നിരവധിയാണ്. തുടക്കക്കാർക്ക്, ദ്രുതഗതിയിലുള്ള കാലാവസ്ഥാ വ്യതിയാനം മുൻകൂട്ടി മനസിലാക്കിയില്ലെങ്കിൽ വിളവിന്റെ 11 ശതമാനത്തിലധികം കുറയാൻ സാധ്യതയുണ്ട്. കൃഷിയോഗ്യമായ ഭൂമിയുടെയും ശുദ്ധജല ശേഖരത്തിന്റെയും അളവ് കുറയുന്നതിനാൽ, വിഭവക്ഷമതയുള്ള കൃഷിയുണ്ടാവുക എന്നത് പ്രധാനമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണി കിടക്കുമ്പോൾ, സ്ഥിരവും സുസ്ഥിരവുമായ ഭക്ഷ്യവിതരണം സാധ്യമാക്കുന്നതിന് എഐ നൽകുന്ന പ്രതീക്ഷ ചെറുതല്ല.
കൃഷിയിൽ എഐ എന്നത് വെറുമൊരു വാഗ്ദാനമല്ല. ആറ് ഭൂഖണ്ഡങ്ങളിലുടനീളം ആധുനിക കൃഷിയുടെ മുഖച്ഛായ തന്നെ നിർമിത ബുദ്ധി മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെയും സബ്-സഹാറൻ ആഫ്രിക്കയിലെയും ചെറുകിട കർഷകർക്ക് പ്രാദേശിക കാലാവസ്ഥാ ഡാറ്റയെ കീട- അപകട സാധ്യതാ സൂചികകളുമായി ബന്ധിപ്പിക്കുന്ന സ്മാർട്ട്‌ഫോൺ അലേർട്ടുകളിൽ നിന്ന് പ്രയോജനം ലഭിക്കുന്നു. വിളകളിൽ 20 മുതൽ 30 ശതമാനം വരെ വർധന നൽകുന്ന സേവനമാണിത്.
വടക്കേ അമേരിക്കയിലും പടിഞ്ഞാറൻ യൂറോപ്പിലും ജോൺ ഡീറെ പോലുള്ള കമ്പനികൾ ആവശ്യമുള്ളിടത്ത് മാത്രം വളങ്ങളും കളനാശിനികളും പ്രയോഗിക്കുന്ന സ്വയംപര്യാപ്ത ട്രാക്ടറുകളും ഡ്രോണുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ചെലവും പരിസ്ഥിതി ആഘാതവും കുറയ്ക്കുന്നു. ലാറ്റിൻ അമേരിക്കയിൽ കാപ്പി, കരിമ്പ് കർഷകരെ വിളകൾ എപ്പോൾ പാകമാകുമെന്ന് പ്രവചിക്കുന്ന എഐ സംവിധാനങ്ങൾ സഹായിക്കുന്നു. ഇത് വിളകളുടെ ഗുണനിലവാരവും ലാഭവും മെച്ചപ്പെടുത്തുന്നു.
സിംഗപ്പൂർ മുതൽ നെതർലാൻഡ്‌സ് വരെയുള്ളിടങ്ങളിലെ ഫാമുകളിൽ താപനില, പോഷക അളവ് തുടങ്ങിയവ മനസിലാക്കാൻ ക്ലോസ്ഡ്- ലൂപ്പ് എഐ നിയന്ത്രണ സംവിധാനങ്ങൾ സഹായിക്കുന്നു. ഇതിലൂടെ പരമ്പരാഗത കൃഷിയേക്കാൾ ഏക്കറിന് 400 മടങ്ങ് വരെ കൂടുതൽ വിളവ് ലഭിക്കും. കൃഷിയെ പരിവർത്തനം ചെയ്യാൻ എഐക്ക് കഴിയണമെങ്കിൽ അത് സുസ്ഥിരവും ധാർമികവുമായിരിക്കണം. എഐ സേവനങ്ങൾ മൊബൈൽ ആപ്പുകളിലൂടെയും കുറഞ്ഞ ചെലവിലുള്ള സെൻസറുകളിലൂടെയും ലഭ്യമാക്കേണ്ടതുണ്ട്. ഇതിനായി സർക്കാരുകളും സർവകാശാലകളും വിവിധ കമ്പനികളും മുന്നോട്ടുവരികയും വേണം.
Adjust Story Font
16

