അൽപം ക്ഷമ മാത്രം മതി; നിങ്ങളുടെ വീട്ടിലും പിസ്ത വളര്‍ത്താം
സാധാരണയായി ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയിലാണ് പിസ്ത ചെടി നന്നായി വളരുന്നത്

കശുമാവും മറ്റും ഉൾപ്പെടുന്ന അനാക്കാർഡിയേസീ കുടുംബത്തിൽപ്പെടുന്ന സസ്യമാണ് പിസ്താശി. ഇതിന്‍റെ കുരുവായ പിസ്ത അണ്ടിപ്പരിപ്പുപോലെ ലോകമെമ്പാടും ഉപയോഗിച്ചുവരുന്നു. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ഇത്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് പിസ്ത. ചര്‍മത്തിന്‍റെ ആരോഗ്യം സംരക്ഷിച്ച് യുവത്വം നിലനിര്‍ത്താനും ഏറെ നല്ലതാണ് പിസ്ത. ഗുണങ്ങൾ മാത്രമല്ല, നല്ല വിലയുമുണ്ട് പിസ്തക്ക്. അതുകൊണ്ട് തന്നെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പൊള്ളുന്ന വില കൊടുത്ത് പിസ്ത പോലുള്ള നട്സുകൾ വാങ്ങുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ നിങ്ങളുടെ വീട്ടിലും പിസ്ത ചെടി നട്ടുവളര്‍ത്താൻ സാധിക്കും. അൽപം ക്ഷമ മാത്രം മതി
വീട്ടിൽ പിസ്ത ചെടി എങ്ങനെ വളർത്താം
സാധാരണയായി ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയിലാണ് പിസ്ത ചെടി നന്നായി വളരുന്നത്. വിത്തു മുളപ്പിച്ചോ ഗ്രാഫ്റ്റ് തൈകളോ നടാനായി ഉപയോഗിക്കാം. വിത്ത് മുളപ്പിച്ച് വളര്‍ത്തുകയാണെങ്കിൽ പച്ചയായ പിസ്ത 24 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം നനഞ്ഞ തുണിയിൽ പൊതിഞ്ഞു വെച്ചാൽ മുളയ്ക്കും. എന്നാൽ വിത്തിൽ നിന്ന് വളർത്തുന്ന ചെടികൾ കായ്ക്കാൻ 7 മുതൽ 10 വർഷം വരെ എടുത്തേക്കാം.
പെട്ടെന്ന് വളരാനും ഗുണമേന്മയുള്ള ഫലം ലഭിക്കാനും ഏറ്റവും നല്ലത് നഴ്സറികളിൽ നിന്ന് ലഭിക്കുന്ന ഗ്രാഫ്റ്റ് തൈകൾ നട്ടുവളർത്തുന്നതാണ്. നല്ല നീർവാർച്ചയുള്ള മണ്ണാണ് പിസ്ത ചെടികൾക്ക് വേണ്ടത്. ചട്ടിയിലാണ് നടുന്നതെങ്കിൽ അടിയിൽ വെള്ളം വാർന്നുപോകാൻ സുഷിരങ്ങളുണ്ടെന്ന് ഉറപ്പാക്കുക. മണലും ചകിരിച്ചോറും ജൈവവളവും കലർത്തിയ മിശ്രിതം ഉപയോഗിക്കാം. പിസ്ത ചെടികൾക്ക് ദിവസവും കുറഞ്ഞത് 6-8 മണിക്കൂര്‍ സൂര്യപ്രകാശം ആവശ്യമാണ്. മണ്ണിലെ ഈർപ്പം പൂർണ്ണമായി വറ്റിയ ശേഷം മാത്രം നനയ്ക്കുക. അമിതമായി വെള്ളമൊഴിച്ചാൽ വേരുകൾ ചീഞ്ഞുപോകും. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം.
ചെടി വളരാൻ തുടങ്ങുമ്പോൾ നന്നായി പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. ചെടിയുടെ വളർച്ചയ്ക്ക് നല്ല വായുസഞ്ചാരമുള്ളതും ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. പതിവായി കൊമ്പ് കോതുന്നത് നല്ലതാണ്. ജൈവ കമ്പോസ്റ്റോ വളമോ ഉപയോഗിക്കുക. വേപ്പെണ്ണ പോലുള്ള ജൈവ ലായനികൾ ഉപയോഗിച്ച് ചെടിയെ കീടങ്ങളിൽ നിന്ന് സംരക്ഷിക്കുക.
വിത്ത് മുളപ്പിച്ച് വളര്‍ത്തിയ മരങ്ങൾ വളരാൻ 5 മുതൽ 8 വര്‍ഷം വരെ സമയമെടുക്കും. ഗ്രാഫ്റ്റ് ചെയ്തവ 3 മുതൽ 5 വരെയും. പിസ്ത ഒരു 'ഡയോസിയസ്' (Dioecious) സസ്യമാണ്. അതായത് ആൺ പൂക്കളും പെൺ പൂക്കളും വേറെവേറെ ചെടികളിലാണ് ഉണ്ടാകുന്നത്. കായ്കൾ ലഭിക്കാൻ ഒരു പെൺചെടിയുടെ കൂടെ കുറഞ്ഞത് ഒരു ആൺചെടിയെങ്കിലും വേണം. (സാധാരണയായി 8-10 പെൺചെടികൾക്ക് ഒരു ആൺചെടി ആവശ്യമുള്ളൂ).
വീട്ടിൽ ഒരു പിസ്ത ചെടി വളർത്തുന്നത് കുറച്ച് കഷ്ടപ്പാടും ക്ഷമയും വേണ്ട കാര്യമാണെങ്കിലും, അത് നൽകുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്. നല്ലപോലെ നോക്കിനടത്തിയാൽ ഇതൊരു മനോഹരമായ ചെടിയായി മാറും. ഇതിൽ നിന്ന് വിളവ് എടുക്കുമ്പോൾ കിട്ടുന്ന സന്തോഷം മാത്രമല്ല, ചെടികളെ സ്നേഹിക്കുന്ന ഏതൊരാളുടെയും പൂന്തോട്ടത്തിന് നല്ലൊരു അലങ്കാരമാണ് പിസ്ത ചെടി.
Adjust Story Font
16

