ഒരു സവാള, കടയില്‍ നിന്ന് വാങ്ങിയ കുറച്ച് മല്ലിയില; വീട്ടിലൊരു മല്ലിക്കാട് തന്നെ വളർത്തിയെടുക്കാം
പുറത്തു നിന്ന് വാങ്ങി ഉപയോഗിക്കുന്ന മല്ലിയില പലപ്പോഴും മാരകമായ രാസകീടനാശിനികള്‍ ഉള്‍പ്പെടെ തളിച്ചതാവാനുള്ള സാധ്യതയുണ്ട്

കറികളിലും ബിരിയാണി പോലുള്ള മറ്റ് ഭക്ഷ്യവിഭവങ്ങളിലും ഒഴിച്ചുകൂടാനാവാത്തതാണല്ലോ മല്ലിയില. രുചിയും മണവും വര്‍ധിപ്പിക്കുന്നതില്‍ മല്ലിയിലയുടെ പങ്ക് ഏറെ വലുതാണ്. സാധാരണയായി കടയില്‍ നിന്ന് മല്ലിയില വാങ്ങുകയാണ് എല്ലാവരും ചെയ്യാറ്. എന്നാല്‍, ഇവ പലപ്പോഴും രാസകീടനാശിനികള്‍ ഉള്‍പ്പെടെ തളിച്ച മല്ലിയിലയാവാനുള്ള സാധ്യതയുണ്ട്. കീടനാശിനികള്‍ തളിക്കാത്ത, ആരോഗ്യമുള്ള മല്ലിയില എളുപ്പത്തില്‍ വീട്ടില്‍ തന്നെ വളര്‍ത്താന്‍ കഴിഞ്ഞാല്‍ എത്ര നല്ലതായിരിക്കുമല്ലേ. എങ്കില്‍ അതിനൊരു വഴിയുണ്ട്.
കടയില്‍ നിന്ന് വാങ്ങിയ മല്ലിയിലയാണെങ്കില്‍ പോലും നമുക്ക് വീട്ടില്‍ എളുപ്പം വളര്‍ത്തിയെടുക്കാം. രണ്ടു തണ്ട് മല്ലിയും ഒരു വലിയ സവാളയുമാണ് ഇതിന് പ്രധാനമായും ആവശ്യം. മല്ലിയില വേരോടു കൂടിയ തണ്ടുകളാണ് വേണ്ടത്. മല്ലിയിലയുടെ ഇലകള്‍ മാറ്റി വേര് ഭാഗം മാത്രം മുറിച്ചെടുക്കണം. ഇനി ഒരു സവാളയെടുത്ത് അതിന്റെ ഉള്‍ഭാഗം മുഴുവനും ചുരണ്ടി കളഞ്ഞ് ഒരു പാത്രം പോലെയാക്കുക. താഴെ ഭാഗത്തേക്ക് ചെറിയ ഓട്ട വരുന്ന രീതിയിലാണ് ഉള്ളി ശരിയാക്കി എടുക്കേണ്ടത്. അതില്‍ നേരത്തെ മുറിച്ചുവെച്ച വേരോടുകൂടിയ മല്ലി ഇറക്കിവെക്കുക. ശേഷം ഒരു ചെടിച്ചട്ടിയെടുത്ത് അതില്‍ ചകിരിച്ചോറ് നിറച്ച് അതിലേയ്ക്ക് ഈ സവാള വെച്ച് കൊടുക്കാം. മുകളില്‍ കുറച്ച് മണ്ണിടാം. മല്ലിയുടെ മേല്‍ മണ്ണാകാതെ ശ്രദ്ധിക്കണം. ശേഷം മിതമായ രീതിയില്‍ നനക്കാം.
ഇടവിട്ട ദിവസങ്ങളില്‍ നനച്ചു കൊടുക്കാന്‍ മറക്കരുത്. ഒരു വലിയ പ്ലാസ്റ്റിക് കുപ്പിയെടുത്ത് വായ്ഭാഗം മുറിച്ച് മല്ലിയില മൂടുന്ന വിധത്തില്‍ കമിഴ്ത്തി വെക്കുകയും ചെയ്യാം. ആദ്യം തണലത്തേക്ക് മാറ്റിവെക്കുന്നതാണ് നല്ലത്. ഇലകള്‍ വന്നുതുടങ്ങുമ്പോള്‍ വെയിലുള്ള ഇടത്തേക്ക് മാറ്റാം. മല്ലിയില സമൃദ്ധമായി വളരും.
മല്ലിയിലയുടെ ആരോഗ്യഗുണങ്ങള്‍
വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവയുടെ മികച്ച ഉറവിടമാണ് മല്ലിയില. നാരുകള്‍, ഇരുമ്പ്, കാല്‍സ്യം, വിറ്റാമിന്‍ കെ, ഫോസ്ഫറസ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. ഇവയില്‍ കൊളസ്‌ട്രോളും പൂരിത കൊഴുപ്പും കുറവാണ്. മാത്രമല്ല, കരോട്ടിനോയിഡുകള്‍, ഫ്‌ലേവനോയ്ഡുകള്‍, ആന്തോസയാനിനുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകളുടെ ഗുണങ്ങളും മല്ലിയിലയിലുണ്ട്.
മല്ലിയിലയിലെ വൈറ്റമിന്‍ സി, കരോട്ടിനോയ്ഡ് എന്നിവ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. ചെങ്കണ്ണ്, മാക്യുലര്‍ മൂലമുള്ള കാഴ്ച തകരാറുകള്‍ പരിഹരിക്കുന്നതിനും ഇവ വളരെ ഫലപ്രദമാണ്. മല്ലിയിലയിലെ നാരുകളുടെയും പ്രോട്ടീനുകളുടെയും ഗണ്യമായ അളവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മല്ലിയിലയിലെ ആല്‍ക്കലോയിഡുകളുടെയും ഫ്‌ലേവനോയിഡുകളുടെയും സമ്പന്നമായ അളവ് മഞ്ഞപ്പിത്തം, പിത്തരസം എന്നിവ പോലുള്ള കരള്‍ രോഗങ്ങള്‍ ഭേദമാക്കാന്‍ സഹായിക്കുന്നു.
മല്ലിയിലയില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, വൈറ്റമിന്‍ എയ്ക്കൊപ്പം ഈ രണ്ട് പോഷകങ്ങളും പ്രതിരോധശേഷി ക്രമേണ മെച്ചപ്പെടുത്താന്‍ സഹായിക്കും. വൈറ്റമിന്‍ സി വെളുത്ത രക്താണുക്കള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാനും ഇരുമ്പ് ആഗിരണം ചെയ്യാനും സഹായിക്കും. മല്ലിയിലയില്‍ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകള്‍ വീക്കം കുറയ്ക്കുവാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ളതാണ്. ഇത് ആമാശയത്തിലെ അള്‍സര്‍, ദഹനക്കേട് എന്നിവയെ അകറ്റുവാന്‍ സഹായിക്കുന്നു. കൂടാതെ, മല്ലിയില കഴിക്കുന്നത് ഗ്യാസ്ട്രിക് മ്യൂക്കോസല്‍ സ്രവങ്ങളുടെ തോത് ഉയര്‍ത്തുന്നു. ഇത് ആമാശയഭിത്തികളെ ശക്തമായ ആസിഡുകളില്‍ നിന്ന് സംരക്ഷിക്കുകയും അതുവഴി കുടലിന്റെ ആരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
മല്ലിയില പതിവായി കഴിക്കുന്നത് എല്‍ഡിഎല്‍ (മോശം) കൊളസ്‌ട്രോള്‍ കുറയ്ക്കാനും എച്ച്ഡിഎല്‍ (നല്ല) കൊളസ്‌ട്രോള്‍ മെച്ചപ്പെടുത്താനും സഹായിക്കും. കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അസ്ഥിസമ്പുഷ്ട ധാതുക്കളാല്‍ സമ്പന്നമായ മല്ലിയിലയുടെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഫംഗ്ഷന്‍ സന്ധിവാതവുമായി ബന്ധപ്പെട്ട വേദനയില്‍ നിന്ന് എല്ലിനെ സംരക്ഷിക്കുകയും ചെയ്യുന്നു. മല്ലിയിലയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കാന്‍ സഹായിക്കും. വയറ്റിലെ അസ്വസ്ഥത, വയറിളക്കം, മലവിസര്‍ജ്ജനം, ഗ്യാസ് അല്ലെങ്കില്‍ ഓക്കാനം തുടങ്ങിയ വിവിധ ദഹന പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരമാണ്.
മല്ലിയില കേടാകാതെ സൂക്ഷിക്കാന്‍ ഇങ്ങനെ ചെയ്യൂ
മല്ലിയില കഴുകി വൃത്തിയാക്കിയതിനു ശേഷം വേരുകള്‍ മുറിച്ച് മാറ്റാം. വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ മല്ലിയില 5 മിനിറ്റ് നേരം മുക്കിവയ്ക്കാം. ശേഷം ശുദ്ധമായ വെള്ളത്തില്‍ ഒന്നുകൂടെ കഴുകാം. ശേഷം മല്ലിയില നിരത്തി വെള്ളം തോരാന്‍ വയ്ക്കാം. നന്നായി ഉണക്കിയെടുത്താല്‍ മല്ലിയില വേഗം കേടാകാതിരിക്കും. വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ കഴുകുന്നതിനാല്‍ ഇലയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വിഷാംശവും ചെളിയും എല്ലാം നന്നായി നീക്കംചെയ്തു കിട്ടുകയും ചെയ്യും. മല്ലിയിലയുടെ വേരുഭാഗം മുറിച്ച് മാറ്റിയതിനു ശേഷം ടിഷ്യൂ പേപ്പറിലോ പത്ര പേപ്പറിലോ നന്നായി പൊതിഞ്ഞ് വായു കയറാത്ത കണ്ടെയ്‌നറില്‍ അടച്ച് ഫ്രിജില്‍ സൂക്ഷിക്കാം. മല്ലിയില നല്ലതായി കഴുകി അരിപ്പയില്‍ വച്ചോ പത്ര പേപ്പറില്‍ നിരത്തിയോ വെള്ളം ഉണക്കിയെടുക്കാം. വായു കടക്കാത്ത ഒരു പാത്രത്തില്‍ കാല്‍ ഗ്ലാസ് വെള്ളം ചേര്‍ത്ത് ഈ മല്ലിയില വേരോടെ ഇറക്കി വച്ച്, അടച്ച് ഫ്രിജില്‍ വയ്ക്കാം. ഇങ്ങനെ ചെയ്താല്‍ രണ്ടുമൂന്ന് ആഴ്ചയോളം മല്ലിയില കേടാകാതെ വയ്ക്കാം.
Adjust Story Font
16

