ബാൽക്കണിയും വേണ്ട; ഈ കുഞ്ഞൻ ചെടികൾ നിങ്ങളുടെ മേശയിലും ജനൽപ്പടിയിലും പച്ചപ്പ് നിറയ്ക്കും
സ്ഥലപരിമിതി മൂലം ചെടികൾ വച്ചുപിടിപ്പിക്കാൻ സാധിക്കാത്തവര്‍ക്കായി പലതരം ഇൻഡോർ ചെടികളും സക്കുലന്റുകളും ലഭ്യമാണ്

ഒരു തരി പച്ചപ്പോ ഒരു കുഞ്ഞു പൂവോ കണ്ടാൽ മനസിൽ സന്തോഷം നിറയുന്നവരാണോ നിങ്ങൾ. തിരക്കേറിയ നഗരജീവിതത്തിൽ ഫ്ലാറ്റിലെ ബാൽക്കണിയിൽ ഒരു ചെടിയെങ്കിലും നടാൻ കൊതിച്ച് സമയമില്ലാത്തവര്‍...എങ്കിൽ ഇക്കാര്യങ്ങൾ ഒന്ന് ചെയ്തുനോക്കൂ...മനസും നിങ്ങളുടെ താമസ സ്ഥലവും ഒരുപോലെ നിറയും.
സ്ഥലപരിമിതി മൂലം ചെടികൾ വച്ചുപിടിപ്പിക്കാൻ സാധിക്കാത്തവര്‍ക്കായി പലതരം ഇൻഡോർ ചെടികളും സക്കുലന്റുകളും (Succulents)ലഭ്യമാണ്. ചെറിയ സ്ഥലങ്ങളിൽ വളരാൻ ഏറെ ഇഷ്ടപ്പെടുന്നവ 3 മുതൽ 6 ഇഞ്ച് വരെ മാത്രം വലിപ്പമുള്ള ചെറിയ ചട്ടികളിൽ സമൃദ്ധമായി വളരും.ജനൽപ്പടികൾ, ഓഫീസിലെ വർക്ക് ഡെസ്കുകൾ, ചെറിയ ഷെൽഫുകൾ എന്നിവ മനോഹരമാക്കാൻ ഈ കുഞ്ഞൻ ചെടികൾക്ക് സാധിക്കും.
ജെയിഡ് പ്ലാന്റുകൾ
ചെറിയ ചട്ടികളിൽ വളരെ എളുപ്പത്തിൽ വളരുന്നവയാണ് ജെയിഡ് പ്ലാന്‍റുകൾ. വളരെ കുറഞ്ഞ അളവിൽ മാത്രം വെള്ളം ആവശ്യമുള്ള ഇവയ്ക്ക് വെയിൽ ലഭിക്കുന്ന ജനൽപ്പടികളാണ് ഏറ്റവും അനുയോജ്യം. കുറഞ്ഞ സ്ഥലമുള്ള ഇൻഡോർ ഇടങ്ങളിൽ വളർത്താൻ സാധിക്കുന്ന ഏറ്റവും ദൃഢവും ആയുസ്സുള്ളതുമായ ഒരു സക്കുലന്‍റ് ഇനമാണിത്.
സ്നേക്ക് പ്ലാന്‍റ്
എവിടെ കൊണ്ടിട്ടാലും ഉള്ള സ്ഥലം വിനിയോഗിക്കുന്നവയാണ് സ്നേക്ക് പ്ലാന്‍റുകൾ. ചെറിയ ചട്ടികളിലും വളരെ നന്നായി വളരും. വീടിനുള്ളിലെ വായു ശുദ്ധീകരിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ഇവ കുറഞ്ഞ വെളിച്ചമുള്ള മുറികളിലും സമൃദ്ധമായി വളരും. വളരെ അപൂർവ്വമായി മാത്രം വെള്ളം ഒഴിച്ചു കൊടുത്താൽ മതിയെന്നതിനാൽ ഇവ എളുപ്പത്തിൽ നശിച്ചുപോകില്ല.
പെപ്പറോമിയ പ്ലാന്‍റുകൾ
പെപ്പറോമിയ ചെടികൾക്ക് ആഴമില്ലാത്തതും ചെറിയതുമായ വേരുപടലങ്ങളാണുള്ളത്. അതിനാൽ തന്നെ വളരെ ചെറിയ പാത്രങ്ങളിലും ചട്ടികളിലും ഇവ എളുപ്പത്തിൽ വളരുന്നു. കട്ടിയുള്ളതും ആകർഷകമായ ഘടനയുള്ളതുമായ ഇവയുടെ ഇലകളിൽ ജലാംശം നന്നായി സംഭരിച്ചു വെക്കാൻ സാധിക്കും. അതിനാൽ ഇടയ്ക്ക് വെള്ളമൊഴിക്കാൻ മറന്നാലും ഇവ വാടിപ്പോകില്ല. വർക്ക് ഡെസ്കുകളിലും ചെറിയ ഷെൽഫുകളിലും വളരെ കുറഞ്ഞ സ്ഥലം മാത്രം മതിയാകും.
മിനി സിംഗോണിയം
ആകർഷകമായ ഇലകളുള്ള ഇൻഡോർ ചെടിയാണ് മിനി സിംഗോണിയം. അധികം പന്തലിക്കാത്തവയാണ് ഇവ. മാസത്തിലൊരിക്കൽ മാത്രം വളം നൽകിയാൽ തന്നെ ഇവയുടെ ഇലകൾ ഇടതൂർന്ന് മനോഹരമായി നിലനിൽക്കും. ചെറിയ ഓഫീസ് ഡെസ്കുകളിലും കോഫി ടേബിളുകളിലും വെച്ചുപിടിപ്പിക്കാൻ പറ്റിയ മികച്ചൊരു അലങ്കാരച്ചെടിയാണിത്.
സ്പൈഡർ പ്ലാന്റ് പപ്സ്
സ്പൈഡർ പ്ലാന്റുകളിൽ നിന്ന് ഉണ്ടാകുന്ന ചെറിയ തൈകൾ വളരെ ചെറിയ ചട്ടികളിൽ നട്ടാൽ പോലും വേഗത്തിൽ വേരുപിടിച്ച് വളരുന്നവയാണ്. ഏത് അന്തരീക്ഷവുമായും പെട്ടെന്ന് ഇണങ്ങിച്ചേരുന്ന ഈ ചെടികൾ വീടിനുള്ളിലെ വായു ശുദ്ധീകരിക്കാനും സഹായിക്കുന്നു. നേരിട്ട് വെയിൽ അടിക്കാത്ത വെളിച്ചമുള്ള ഇടങ്ങളിലാണ് ഇവ നന്നായി വളരുന്നത്. വെള്ളം ആവശ്യമുള്ളപ്പോൾ ഇലകളുടെ ലൈറ്റ് ഗ്രീൻ നിറം നേരിയ തോതിൽ മങ്ങി ഇവർ സ്വയം സൂചന നൽകുകയും ചെയ്യും.
Adjust Story Font
16

