ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ പഴം ഏതാണെന്നറിയാമോ? ഉത്തരം നിങ്ങളെ അത്ഭുതപ്പെടുത്തും
ഒരിക്കലും അത് നിങ്ങൾ കരുതുന്ന പോലെ അവക്കാഡോ അല്ല

വ്യത്യസ്ത രുചിയും രൂപവുമുള്ള പതിനായിരക്കണക്കിന് പഴങ്ങളാൽ സമ്പന്നമാണ് നമ്മുടെ ഭൂമി. ഓരോ പ്രദേശത്തും തനതായ പഴങ്ങളുമുണ്ട്. മാമ്പഴം പഴങ്ങളുടെ രാജാവാണെന്നും മാങ്കോസ്റ്റീൻ റാണിയാണെന്നും നമുക്കറിയാം. എന്നാൽ ഏറ്റവും ആരോഗ്യകരമായ പഴവര്ഗം ഏതാണെന്ന് നിങ്ങൾക്കറിയാമോ?
ഒരിക്കലും അത് നിങ്ങൾ കരുതുന്ന പോലെ അവക്കാഡോ അല്ല. പോഷകാഹാരത്തിന്റെ കാര്യത്തിൽ സൂപ്പര്ഫ്രൂട്ട് ആയിട്ടാണ് അവക്കാഡോയെ വിശേഷിപ്പിക്കുന്നത്. ക്രീം രൂപത്തിലുള്ള പോഷക സമ്പുഷ്ടമായ ഈ പഴത്തെ ആധുനിക ഭക്ഷണക്രമത്തിലെ ഒരു പവർഹൗസ് ചേരുവയായിട്ടാണ് കണക്കാക്കുന്നത്. മറ്റ് പഴങ്ങളിൽ നിന്നും വ്യത്യസ്തമായി അവാക്കാഡോകളിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്ട്രോൾ നില മെച്ചപ്പെടുത്തുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കാരണമാകുന്നു. അവയിൽ നാരുകൾ, പൊട്ടാസ്യം, വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
എന്നാൽ, ഈ ആരോഗ്യ ഗുണങ്ങളെയെല്ലാം മറ്റൊരു ഫലം മറികടന്നിരിക്കുകയാണ് . യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഫലം പലരും സാധാരണയായി ഒരു പഴമായി പോലും കരുതാത്ത ഒന്നാണ്.കുറഞ്ഞ വിലയിൽ വിപണിയിൽ ലഭ്യമായ തക്കാളി.
അടങ്ങിയിരിക്കുന്ന കലോറിയുടെ അളവിന് ആനുപാതികമായി എത്രത്തോളം അത്യാവശ്യ പോഷകങ്ങൾ നൽകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് സിഡിസിയിലെ ശാസ്ത്രജ്ഞർ പഴങ്ങളെയും പച്ചക്കറികളെയും തരംതിരിച്ചിരിക്കുന്നത്. ‘പവർഹൗസ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്’ ന്യൂട്രിയന്റ് ഡെൻസിറ്റി സ്കോറിംഗ് എന്നറിയപ്പെടുന്ന സംവിധാനം വഴി വിറ്റാമിൻ എ, സി, കെ, നാരുകൾ (ഫൈബർ), പൊട്ടാസ്യം തുടങ്ങി പ്രധാന പോഷകങ്ങളുടെ അടിസ്ഥാനത്തിൽ 41 തരം പഴങ്ങളും പച്ചക്കറികളുമാണ് വിലയിരുത്തപ്പെട്ടത്.
സിഡിസിയുടെ വിവരങ്ങൾ വിശകലനം ചെയ്ത പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ, തക്കാളിയുടെ ന്യൂട്രിയന്റ് ഡെൻസിറ്റി സ്കോർ 20.37 ആണ്. ഈ അളവുകോൽ അനുസരിച്ച് ഏറ്റവും ഉയർന്ന റാങ്ക് നേടി തക്കാളി ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഫലമായി മാറി. ഭൂരിഭാഗം പഴങ്ങളും ഈ മാനദണ്ഡത്തിൽ അല്പം പിന്നിലാണ് എന്നതാണ് ശ്രദ്ധേയം. ഹൃദയാരോഗ്യവും മൊത്തത്തിലുള്ള രോഗപ്രതിരോധ ശേഷിയും മെച്ചപ്പെടുത്തുന്ന നിരവധിയായ പോഷകങ്ങളാൽ സമ്പുഷ്ടമാണ് തക്കാളി.
ലൈക്കോപീൻ പോലുള്ള ആന്റിഓക്സിഡന്റുകൾ ഹൃദയാരോഗ്യം സംരക്ഷിക്കാനും ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. രോഗപ്രതിരോധ പ്രവർത്തനത്തിലും ചർമാരോഗ്യത്തിലും വിറ്റാമിൻ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു. പൊട്ടാസ്യം, ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തുന്നതിലും ഹൃദയത്തിന്റെ പ്രവർത്തനം നിലനിർത്തുന്നതിലും പ്രധാനമാണ്.വിറ്റാമിൻ കെ, ഫൊളേറ്റ് എന്നിവ കോശങ്ങളുടെ വളർച്ചയ്ക്കും എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കുന്നു.
തക്കാളി പച്ചക്ക് കഴിക്കുന്നതിനെക്കാൾ പാകം ചെയ്ത് (സൂപ്പ്, കറികൾ, സോസുകൾ രൂപത്തിൽ) കഴിക്കുമ്പോഴാണ് അതിലെ ലൈക്കോപീൻ ശരീരം കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നത്. കൂടാതെ, ഒലിവ് ഓയിൽ പോലെയുള്ള ആരോഗ്യകരമായ കൊഴുപ്പുകൾക്കൊപ്പം തക്കാളി ഉൾപ്പെടുത്തുന്നത് പോഷകങ്ങൾ കൂടുതൽ വേഗത്തിൽ ശരീരത്തിൽ എത്തുവാൻ സഹായിക്കും. കലോറി കുറവാണെങ്കിലും വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും കൂടുതലായതിനാൽ, ആരോഗ്യകരമായ ഭക്ഷണ പ്ലാനിങ്ങിലും ഭാരം നിയന്ത്രിക്കുന്നതിനും തക്കാളി മികച്ച ഓപ്ഷനാണ്.
Adjust Story Font
16

