Quantcast

സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റനായെത്തി, പരമ്പരയും ഹൃദയവും കീഴടക്കി; ഈ വിജയം അജിങ്ക്യ രഹാനെയുടേത്

കളിക്കളത്തിലെ പെരുമാറ്റത്തില്‍ മാന്യതയുടെ ആള്‍രൂപമായ രഹാനെ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ആ ട്രോഫി അരങ്ങേറ്റക്കാരനായ ടി നടരാജന് കൈമാറിയാണ് ആഹ്ലാദം പ്രകടിപ്പിച്ചത്

MediaOne Logo

ഷെഫി ഷാജഹാന്‍

  • Updated:

    2021-06-17 14:44:07.0

Published:

19 Jan 2021 5:40 PM GMT

സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റനായെത്തി, പരമ്പരയും ഹൃദയവും കീഴടക്കി; ഈ വിജയം അജിങ്ക്യ രഹാനെയുടേത്
X

ഇന്ത്യയുടെ ഐതിഹാസികമായ വിജയത്തിന് പിന്നാലെ കളിയാരാധകര്‍ക്കിടയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് രഹാനെയുടെ ക്യാപ്റ്റന്‍സിയും നിലപാടുകളുമാണ്. കളിക്കളത്തിലെ പെരുമാറ്റത്തില്‍ മാന്യതയുടെ ആള്‍രൂപമായ രഹാനെ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ആ ട്രോഫി അരങ്ങേറ്റക്കാരനായ ടി നടരാജന് കൈമാറിയാണ് ആഹ്ലാദം പ്രകടിപ്പിച്ചത്. ആഹ്ലാദത്തിനപ്പുറം വിനയത്തിന്‍റെയും പക്വതയുടേയും മികച്ച മാതൃകയാണ് ക്യാപ്റ്റനെന്ന നിലയില്‍ രഹാനെ കാഴ്ചവെച്ചത്. ഒരു അരങ്ങേറ്റക്കാരനെ സംബന്ധിച്ചിടത്തോളം എത്രയോ ആത്മവിശ്വാസം പകരുന്ന പ്രവര്‍ത്തിയാണ് ക്യാപ്റ്റനായ രഹാനെയില്‍ നിന്നുണ്ടായത്.

കളിക്കളത്തില്‍ ടീമംഗങ്ങള്‍ക്ക് വംശീയാധിക്ഷേപം നേരിടേണ്ടി വന്നപ്പോഴും ഇതേ രഹാനെ മുന്നില്‍ വന്നു നിന്നിരുന്നു. മാന്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കാതെ തന്നെ ടീമംഗങ്ങള്‍ക്കായി വാദിച്ചു. ഒടുവില്‍ ആസ്ട്രേലിയയെ അവരുടെ തട്ടകത്തില്‍ മലര്‍ത്തിയടിച്ച് മത്സരശേഷം നൂറാം ടെസ്റ്റ് പൂര്‍ത്തിയാക്കിയ എതിര്‍ ടീമംഗമായ നഥാന്‍ ലിയോണിന് ഒപ്പിട്ട ജേഴ്സിയും സമ്മാനിച്ചു. അങ്ങനെ മനോഹരമായ ചേര്‍ത്തുപിടിക്കലിന്‍റെ മാതൃകയാണ് രഹാനെയുടെ ഭാഗത്തുനിന്നുമുണ്ടായത്. അതുകൊണ്ട് തന്നെയാകാം ആരാധകര്‍ക്കിടയില്‍ ഇന്ത്യയുടെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന് ഇത്രയധികം പ്രശംസ ലഭിച്ചതും.

പരമ്പര വിജയത്തിന് ശേഷം സംസാരിച്ച രഹാനെയുടെ വാക്കുകളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും എത്രത്തോളം ഡെഡിക്കേറ്റഡായാണ് ടീമിനെ ചേര്‍ത്തുപിടിച്ച് അദ്ദേഹം പൊരുതിയതെന്ന്.

''എങ്ങനെയാണ് വിശദീകരിക്കേണ്ടതെന്ന് അറിയില്ല. അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷം എല്ലാവരും കൂടുതല്‍ അര്‍പ്പണ ബോധത്തോടെ കളിച്ചു. ഓരോ താരത്തെ കുറിച്ചോര്‍ത്തും അഭിമാനം തോന്നുന്നു. കൃത്യമായ ഗെയിം പ്ലാന്‍ ഉണ്ടായിരുന്നു പൂജാരയോട് അദ്ദേഹത്തിന്‍റെ ശൈലിയില്‍ കളിക്കാനാണ് പറഞ്ഞിരുന്നത്. ആക്രമിച്ച് കളിക്കാനായിരുന്നു എന്‍റെ തീരുമാനം. മനോഹരമായി സമ്മര്‍ദ്ദത്തെ അതിജീവിച്ച പൂജാര എല്ലാ കയ്യടിയും അര്‍ഹിക്കുന്നു''

ഇന്ത്യയുടെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റനായി അജിങ്ക്യ രഹാനെ ചുമതലയേക്കുമ്പോള്‍ പരമ്പരയില്‍ 1-0 എന്ന നിലക്ക് പിന്നിലായിരുന്നു ടീം ഇന്ത്യ . ഒരു മല്‍സരം തോറ്റ് പിന്നിലാകുക എന്നത് ഒരു ടീമിനെ സംബന്ധിച്ച് അത്രയധികം വിഷമകരമായ സാഹചര്യമല്ല, പക്ഷേ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായ നാണക്കേടും പേറിയാണ് ടീം തോല്‍വി വഴങ്ങിയത്. പിന്നാലെ ക്യാപ്റ്റന്‍ കോഹ്‍ലി ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു.

പരമ്പരയില്‍ പിന്നില്‍ നില്‍ക്കുന്ന ഒരു ടീമിനെ സംബന്ധിച്ച് ഏറ്റവും വിഷമകരമായ ഘട്ടം. എന്നാല്‍‍ താല്‍ക്കാലിക ക്യാപ്റ്റന്‍റെ ചുമതലയേറ്റെടുത്ത് അജിങ്ക്യ രഹാനെ ചിത്രത്തിലെത്തുമ്പോള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല, ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തില്‍ നിന്നും ടീം ഇന്ത്യ കുതിച്ചുയരുമെന്ന്...

രാഹുല്‍ ദ്രാവിഡിന്‍റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്‍മാരില്‍ ഒരാളായ രഹാനെ കളിക്കളത്തിലും പുറത്തും ദ്രാവിഡിനെ അനുസ്മരിപ്പിക്കുംവിധം ശാന്തനും സൌമ്യനുമായാണ് കാണപ്പെടാറ്. ടീം ക്യാപ്റ്റന്‍റെ ഉത്തരവാദിത്തം ലഭിച്ചപ്പോഴും കോഹ്‍ലിയുടെ അഗ്രസീവ്നെസ്സോ ലൈം ലൈറ്റ് ഷോകളോ ഒന്നും തന്നെയില്ലാതെ പക്വതയോടെ ടീമിനെ എങ്ങനെ നയിക്കാം എന്നായിരുന്നു അദ്ദേഹം നോക്കിയത്

എന്നാല്‍ ടീമംഗങ്ങളെ കൊത്തിപ്പറിക്കാന്‍ എതിരാളികള്‍ ശ്രമിച്ചപ്പോഴെല്ലാം അയ്യാള്‍ മുന്നിലുണ്ടായിരുന്നു. സിറാജിനെയും ബുംറയെയും കാണികള്‍ വംശീയമായി നേരിട്ടപ്പോള്‍ സംയമനം കൈവിടാതെ പക്വമായി അവരെ ചേര്‍ത്തുപിടിച്ച് മുന്നില്‍ നിന്നു നയിക്കുന്ന ക്യാപ്റ്റന്‍ രഹാനയെയാണ് ഗ്രൌണ്ടില്‍ കണ്ടത്.

ഒടുവില്‍ ചരിത്ര വിജയം നേടി ടീം ഇന്ത്യ കളം വിടുമ്പോഴും നൂറാം ടെസ്റ്റ് മല്‍സരം പൂര്‍ത്തിയാക്കിയ എതിര്‍ ടീമംഗമായ ലിയോണിന് അര്‍ഹിച്ച അഭിനന്ദനം നല്‍കിയാണ് ക്യാപ്റ്റന്‍ രഹാനെ കിരീടം ഉയര്‍ത്താന്‍ എത്തിയത്. കിരീടം കൈമാറിയ ഉടന്‍ തന്നെ അരങ്ങേറ്റക്കാരനായ നടരാജനെയാണ് അദ്ദേഹം തെരഞ്ഞത്. ഇല്ലായ്മകളെ യോര്‍ക്കറെറിഞ്ഞു വീഴ്ത്തിയ 29കാരന് ട്രോഫി കൈമാറി സൌമ്യനായി ചിരിക്കുന്ന രഹാനെയുടെ ചിത്രം കളിപ്രേമികള്‍ മറക്കാനിടയില്ല. അത് തന്നെയാണ് അദ്ദേഹത്തെ വ്യതസ്തനാക്കുന്നതും.

ये भी पà¥�ें- ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നിലെ ആ 'അദൃശ്യ മതില്‍'; രാഹുല്‍ ദ്രാവിഡിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം

TAGS :

Next Story