അമേരിക്കയിൽ ശക്തമായ കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും; ആയിരക്കണക്കിന് വിമാന സർവിസുകൾ റദ്ദാക്കി
പ്രധാന റോഡുകളിലെല്ലാം അപകടകരമായ വിധം മഞ്ഞ് വീഴ്ച തുടരുകയാണ്

- Published:
25 Jan 2026 2:31 PM IST

ചിത്രം: റോയിട്ടേഴ്‌സ്/എഎൻഐ
ന്യൂയോർക്ക്: ശക്തമായ ശൈത്യകാല കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും അമേരിക്കയിൽ ഒരു ലക്ഷത്തിലധികം ഇടങ്ങളിൽ വൈദ്യുതി തടസപ്പെടുകയും ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു. പ്രധാന റോഡുകളിലെല്ലാം അപകടകരമായ വിധം മഞ്ഞ് വീഴ്ച തുടരുകയാണ്.
എകദേശം 180 ദശലക്ഷം ആളുകളെ മഞ്ഞുവീഴ്ച ബാധിക്കുമെന്നാണ് നാഷണൽ വെതർ സർവീസ് (NWS) അറിയിപ്പ്. ചരിത്രപരമായ കൊടുങ്കാറ്റെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. സൗത്ത് കരോലിന, വിർജീനിയ, ടെന്നസി, ജോർജിയ, നോർത്ത് കരോലിന, മേരിലാൻഡ്, അർക്കൻസാസ്, കെന്റക്കി, ലൂസിയാന, മിസിസിപ്പി, ഇന്ത്യാന, വെസ്റ്റ് വിർജീനിയ എന്നീ സംസ്ഥാനങ്ങളിലെ അടിയന്തര ദുരന്ത പ്രഖ്യാപനങ്ങൾ അംഗീകരിക്കുകയും ചെയ്തു. പതിനേഴു സംസ്ഥാനങ്ങളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലും കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ തെക്കൻ റോക്കി പർവതനിരകൾ മുതൽ ന്യൂ ഇംഗ്ലണ്ട് വരെ വ്യാപകമായ മഞ്ഞുവീഴ്ച, മഴ എന്നിവ ഉണ്ടാകുമെന്നാണ് നാഷണൽ വെതർ സർവീസ് പ്രവചനം. വാണിജ്യ വാഹന യാത്രയ്ക്ക് നിയന്ത്രണങ്ങളും ഹൈവേകളിൽ 35 mph (56 kph) വേഗപരിധിയും പ്രഖ്യാപിച്ചു. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ 14,800-ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. അമേരിക്കൻ എയർലൈൻസിന്റെ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളിൽ 43%, അറ്റ്ലാന്റ ആസ്ഥാനമായുള്ള ഡെൽറ്റ എയർ ലൈനിന്റെ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളിൽ 35% സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. ശനിയാഴ്ച മാത്രം 4,000 ത്തിലധികം റദ്ദാക്കലുകൾ ഉണ്ടായി. ശൈത്യകാല കൊടുങ്കാറ്റ് മധ്യ-അറ്റ്ലാന്റിക് സംസ്ഥാനങ്ങളിലേക്കും പിന്നീട് വടക്കുകിഴക്കൻ ഭാഗത്തേക്കും വ്യാപിക്കുമെന്നും വിലയിരുത്തലുകളുണ്ട്.
Adjust Story Font
16
