കരാറൊപ്പിട്ടു: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്

50 വർഷത്തേക്കാണ് കരാർ. വിമാനത്താവളം ജൂലൈയിൽ ഏറ്റെടുക്കും.

Update: 2021-01-19 09:42 GMT
Advertising

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്. എയർപോർട്ട് അതോറിട്ടിയും അദാനിയും ഇത് സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടു. 50 വർഷത്തേക്കാണ് കരാർ. വിമാനത്താവളം ജൂലൈയിൽ ഏറ്റെടുക്കും. കരാര്‍ ഒപ്പിട്ടത് വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു.

വിമാനത്താവളം അദാനിയ്ക്ക് കൈമാറുന്നതിനെതിരെ തൊഴിലാളി യൂണിയൻ തിരുവനന്തപുരം വിമാനത്താവള ഡയറക്ടറെ ഉപരോധിച്ചു.

വിമാനത്താവള കൈമാറ്റത്തിനെതിരെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ കേസ് അന്തിമ തീർപ്പാവും മുൻപെ യാണ് കൈമാറ്റം നടന്നിരിയ്ക്കുന്നത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറകട്റും അദാനി ഗ്രൂപ്പ് സിഇഒയും കൈമാറ്റ കരാറിൽ ഒപ്പുവെച്ചു. വിമാനത്താവളം അദാനിയ്ക്ക് കൈമാറുന്നതിന് സുരക്ഷ പ്രശ്നങ്ങളില്ലെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കൈമാറ്റം വേഗത്തിലാക്കുന്ന കൺസ്ട്രക്ഷൻ എഗ്രിമെന്റ് എയർപോർട്ട് അതോറിറ്റിയും അദാനി ഗ്രൂപ്പും ഒപ്പിടുകയായിരുന്നു. വിമാനത്താവളം അദാനിയ്ക്ക് കൈമാറാനുള്ള തീരുമാനം ഹൈക്കോടതിയും ശരിവെച്ചിരുന്നു. വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിലുടെ ഒരു വികസനവും ഉണ്ടാവാൻ പോകുന്നില്ലെന്ന് തൊഴിലാളി യൂണിയനും പ്രതികരിച്ചു.

വിമാനയാത്രക്കാർക്ക് അനുഭവം സാധ്യമാക്കുന്ന വികസനങ്ങൾ തിരുവനന്തപുരത്ത് കൊണ്ടുവരുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. അതേസമയം സംസ്ഥാന സർക്കാരിന്‍റെയും തൊഴിലാളി സംഘടനയുടെയും നിസ്സഹകരണം എങ്ങനെ വിമാനത്താവളത്തിനെ ബാധിക്കുമെന്നതും കണ്ടറിയണം.

ജയ്പൂര്‍, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളുടെ കരാറും തിരുവനന്തപുരത്തിന് പുറമേ ഒപ്പുവെച്ചിട്ടുണ്ട്. കരാര്‍ പ്രകാരം വരുന്ന 50 വര്‍ഷത്തേക്ക് ഈ മൂന്ന് വിമാനത്താവളങ്ങളുടെയും നടത്തിപ്പ് ചുമതല, ഓപ്പറേഷൻസ്, വികസനം എന്നിവ അദാനി എയർപോർട്ട്സ് ലിമിറ്റഡിനായിരിക്കും.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ നൽകിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെ ബോധപൂര്‍വ്വം ഒഴിവാക്കി, പൊതുതാല്പര്യത്തിനും ഫെഡറൽ തത്വങ്ങൾക്കും വിരുദ്ധമായാണ് വിമാനത്താവള നടത്തിപ്പ് കൈമാറിയതെന്നും വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനുള്ള ലേല നടപടികളിൽ പാളിച്ചകളുണ്ടെന്നും കാണിച്ചാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി. അതിനിടയിലാണ് ഇപ്പോള്‍ എയർപോർട്ട് അതോറിട്ടിയും അദാനിയും ഇത് സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.

Tags:    

Similar News