യു.എ.ഇയുടെ ചൊവ്വാദൗത്യം; വിജയം ഏറ്റെടുത്ത് അറബ് ലോകം

ചരിത്രപ്രധാന മന്ദിരങ്ങൾ ചുവപ്പണിഞ്ഞ് ആശംസ നേർന്നു.

Update: 2021-02-11 03:15 GMT
Advertising

യു.എ.ഇയുടെ ചൊവ്വാദൗത്യത്തിന്റെ വിജയം ഏറ്റെടുത്ത് അറബ് ലോകം. ആദ്യ ചൊവ്വ ദൗത്യം വിജയിച്ചതോടെ അറബ് രാജ്യങ്ങളിലെ ചരിത്രപ്രധാന മന്ദിരങ്ങൾ ചുവപ്പണിഞ്ഞ് ആശംസ നേർന്നു. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവർ യു.എ.ഇ ഭരണകൂടത്തിനും ചൊവ്വ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്കും അഭിനന്ദനമറിയിച്ച് സന്ദേശം അയച്ചു. ഗൾഫ്, അറബ് മേഖലക്ക് തന്നെ അഭിമാനിക്കാവുന്ന ചരിത്ര നേട്ടമാണ് യു.എ.ഇ സ്വന്തമാക്കിയത്. മേഖലയിലെ മറ്റു രാജ്യങ്ങൾക്കും ഈ നേട്ടം പ്രചോദനം നൽകുമെന്നും നേതാക്കൾ അഭിനന്ദന സന്ദേശത്തിൽ വ്യക്തമാക്കി.

ചൊവ്വാ ദൗത്യം യു.എ.ഇ വിജയകരമായി പൂർത്തീകരിച്ചതിന്റെ സന്തോഷം ഒമാനും പങ്കുവെച്ചു. യു.എ.ഇയുടെ നേട്ടത്തെ അഭിനന്ദിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദിന് സന്ദേശം അയച്ചു. ബഹിരാകാശ പര്യവേക്ഷണ രംഗത്തെ ഈ വലിയ ശാസ്ത്രീയ നേട്ടം കൈവരിക്കാൻ സാധിച്ചതിൽ ശൈഖ് ഖലീഫയെയും യു.എ.ഇ ജനതയെയും ആത്മാർഥമായ അനുമോദനം അറിയിക്കുന്നതിനൊപ്പം യു.എ.ഇ ജനതക്ക് പുരോഗതിയും ക്ഷേമവും ഉണ്ടാകട്ടേയെന്നും സുൽത്താൻ സന്ദേശത്തിൽ ആശംസിച്ചു.

ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ഇന്ത്യ ഉൾപെടെയുള്ള അയൽരാജ്യങ്ങളും അകമഴിഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. അതിനിടെ, ഹോപിൽ നിന്നുള്ള ആദ്യ ചിത്രം ഈ ആഴ്ചതന്നെ ലഭിക്കുമെന്ന് മാർസ് മിഷൻ ഡയറക്ടർ ഒംറാൻ ഷറഫ് അറിയിച്ചു. രണ്ട് മാസത്തിനുള്ളിൽ സുപ്രധാന വിവരങ്ങൾ ഹോപ് കൈമാറുമെന്നാണ് പ്രതീക്ഷ.

Full View
Tags:    

Similar News