ഭയം വെറുമൊരു പേടിയല്ല

സാധാരണ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ഭയം മൂലമുണ്ടാകുന്ന ശാരീരിക-മാനസിക പ്രതികരണങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഫോബിയ മൂലമുണ്ടാകുന്ന പ്രതികരണങ്ങള്‍.

Update: 2022-09-21 14:55 GMT
Click the Play button to listen to article

ഭയം എന്ന വികാരം ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ ആരുമുണ്ടാകില്ല. ഭയത്തിന്റെ കാരണങ്ങള്‍ വ്യത്യസ്തമാകാം. മനുഷ്യന് ഭയം ഉണ്ടാകും. അത് സ്വഭാവികവുമാണ്. പക്ഷേ, ആ ഭയം ദൈനംദിന ജീവിതത്തെ ബാധിച്ചു തുടങ്ങുമ്പോള്‍ അത് ഫോബിയക്കു വഴിമാറുന്നു. എന്തിനെയെങ്കിലുംകുറിച്ച നിരന്തരമായ, അമിതമായ, യാഥാര്‍ഥ്യബോധം ഒട്ടുമേയില്ലാത്ത ഭയമാണ് ഫോബിയ. അത് ഒരു വസ്തുവിനെക്കുറിച്ചാകാം. വ്യക്തിയെക്കുറിച്ചാകാം. മൃഗത്തെക്കുറിച്ചാകാം. പ്രവൃത്തിയെ കുറിച്ചാകാം. ഏതെങ്കിലും സാഹചര്യത്തെ കുറിച്ചാകാം. ഇതുപോലെ എന്തും ഫോബിയക്ക് കാരണമാകാം.

സാധാരണ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ഭയം മൂലമുണ്ടാകുന്ന ശാരീരിക-മാനസിക പ്രതികരണങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഫോബിയ മൂലമുണ്ടാകുന്ന പ്രതികരണങ്ങള്‍. ഇത് ഒരുതരം ഉത്കണ്ഠാ രോഗമാണ്. ഒരു ഫോബിയയുള്ള വ്യക്തി ഒന്നുകില്‍ ഭയം ഉളവാക്കുന്ന കാര്യം ഒഴിവാക്കാന്‍ ശ്രമിക്കുന്നു, അല്ലെങ്കില്‍ അത് വലിയ ഉത്കണ്ഠയോടും വിഷമത്തോടും പേടിയോടും കൂടി സഹിക്കുന്നു.


ചില ഫോബിയകള്‍ വളരെ വ്യക്തമായതും പെട്ടന്ന് തിരിച്ചറിയാന്‍ കഴിയുന്നതും പരിമിതവുമാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി ചിലന്തികളെയാണ് അമിതമായി ഭയപ്പെടൂന്നത് എങ്കില്‍ ഇത് വേഗം തിരിച്ചറിയാം. ഈ വ്യക്തിക്കു താന്‍ ഭയപ്പെടുന്ന പൂച്ചയെ നിത്യജീവിത പരിസരത്തുനിന്ന് ഒഴിവാക്കി നിര്‍ത്തി എളുപ്പത്തില്‍ തന്നെ താരതമ്യേന ഉത്കണ്ഠയില്ലാത്ത ജീവിതം നയിക്കാന്‍ കഴിയും. വൈവിധ്യമാര്‍ന്ന സ്ഥലങ്ങളോ സാഹചര്യങ്ങളോ ചിലര്‍ക്ക് പ്രശ്നമുണ്ടാക്കും. ഉദാഹരണത്തിന്, ഉയരത്തെ ഭയമള്ള ഒരാള്‍ക്ക് ഒരു ഓഫീസ് കെട്ടിടത്തിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നതും ഉയര്‍ന്ന പാലത്തിലൂടെ വാഹനമോടിക്കുന്നതും പ്രശ്‌നകരമായിരിക്കും. എന്നാല്‍, സാമൂഹിക ഇടപെടലുകള്‍ നടത്തേണ്ടിവരുമ്പോള്‍ ഭയം/ഉത്കണ്ഠ ഉണ്ടാകുന്നവരുണ്ട്. അവര്‍ക്ക് അവരുടെ ജീവിതത്തില്‍ കാര്യമായ മാറ്റം വരുത്തേണ്ടി വരും. ഇത്തരം സന്ദര്‍ഭങ്ങള്‍ വ്യക്തിയുടെ തൊഴില്‍, ജോലി സ്ഥലം, ഡ്രൈവിംഗ് റൂട്ട്, വിനോദവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍, അല്ലെങ്കില്‍ വീട്ടുപരിസരം എന്നിവയിലൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.

ഫോബിയ മിക്കതും കുട്ടിക്കാലത്തോ കൗമാരപ്രായത്തിലോ അല്ലെങ്കില്‍ പ്രായപൂര്‍ത്തി കാലത്തിന്റെ തുടക്കത്തിലോ ആരംഭിക്കും. 30 വയസ്സിന് ശേഷം ഒരു അമിതഭയം/ഫോബിയ ആരംഭിക്കുന്നത് അപൂര്‍വമാണ്.

സമ്മര്‍ദം നിറഞ്ഞ ഒരു അനുഭവം, ഭയപ്പെടുത്തുന്ന ഒരു സംഭവം ഇതൊക്കെ ഫോബിയക്ക് കാരണമാകാം. എന്തെങ്കിലും ഫോബിയയുള്ള അച്ഛനമ്മമാരെ കണ്ടുപഠിക്കുന്ന കുട്ടികളില്‍ അതേ ഫോബിയ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കുട്ടിക്കാലത്ത് ആരംഭിക്കുന്ന ഭയം കുടുംബാംഗങ്ങളുടെ ഭയം കാണുന്നതിലൂടെയും ഉണ്ടാകാം. ഉദാഹരണത്തിന്, അമ്മയ്ക്ക് ചിലന്തി ഫോബിയ ഉള്ള ഒരു കുട്ടിക്ക് അതേ ഫോബിയ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവ സാധാരണയായി 4 മുതല്‍ 8 വയസ്സ് വരെ പ്രായമാകുന്നതിന് മുമ്പ് വികസിക്കുന്നു. കുട്ടിക്കാലത്ത് എല്‍ക്കുന്ന എന്തെങ്കിലും ആഘാതം പിന്നീട് ഫോബിയയായി വളരാനിടയുണ്ട്. ഒരു ചെറിയ കുട്ടിക്ക് ചെറിയ മുറിയില്‍ വച്ച് ഒരു മോശം അനുഭവം ഉണ്ടായിയെന്നിരിക്കട്ടെ. കാലക്രമേണ ആ കുട്ടിയില്‍ അടച്ചിട്ട മുറികളോടോ ഇടുങ്ങിയ സ്ഥലങ്ങളോടോ അകാരണമായ ഭയം (ക്ലോസ്‌ട്രോഫോബിയ) രൂപപ്പെടാം. ജീവിതാനുഭവങ്ങള്‍, മസ്തിഷ്‌ക രസതന്ത്രം, ജനിതകശാസ്ത്രം എന്നിവയുടെ സംയോജനമാണ് സങ്കീര്‍ണമായ ഫോബിയകള്‍ക്ക് കാരണമാകുന്നത്.


ഒരു വ്യക്തി തന്റെ ഭയത്തിന്റെ കാരണം അഭിമുഖീകരിക്കാതെ ഒഴിവാക്കി നിര്‍ത്തി അവരുടെ ജീവിതം ക്രമീകരിക്കാന്‍ തുടങ്ങുമ്പോഴാണ് സാധാരണ ഭയത്തിനുമപ്പുറം അതൊരു ഫോബിയ ആണെന്ന് സ്വയം സംശയിക്കേണ്ടത്.

ഫോബിയ സാധാരണ ഭയ പ്രതികരണത്തേക്കാള്‍ കഠിനമാണ്. ഭയത്തിന്റെ ഉറവിടവുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ അനിയന്ത്രിതമായ ഉത്കണ്ഠ ഉണ്ടാകുന്നു. ആ ഭയകാരണം എന്തുവിലകൊടുത്തും ഒഴിവാക്കണം എന്ന തോന്നല്‍ ഉണ്ടാകും. ഭയകാരണവുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ശരിയായി പ്രവര്‍ത്തിക്കാനോ വികാരങ്ങളെ നിയന്ത്രിക്കാനോ പലപ്പോഴും കഴിയില്ല. അവര്‍ക്ക് പരിഭ്രാന്തിയും തീവ്രമായ ഉത്കണ്ഠയും അനുഭവപ്പെടും. ഇതുമുലം പലതരത്തിലുള്ള ശരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകും. സാധാരണ കണ്ടുവരുന്ന ശാരീരിക ലക്ഷണങ്ങള്‍ ഇവയാണ്: അസാധാരണമായ ശ്വസനം, വിയര്‍പ്പ്, ഹൃദയമിടിപ്പ്, വിറയല്‍, ശരീരത്തില്‍ അമിതായി ചൂടോ തണുപ്പോ തോന്നുക, ശ്വാസം മുട്ടല്‍, നെഞ്ചുവേദന അല്ലെങ്കില്‍ മുറുക്കം, വയറ്റില്‍ ചിത്രശലഭങ്ങള്‍ പറക്കുന്നതുപോലുള്ള അസ്വസ്ഥത, ശരീരത്തില്‍ സൂചിയോ പിന്നോ വച്ചു കുത്തുന്ന പോലുള്ള അനുഭവം, വായ വരള്‍ച്ച, ആശയക്കുഴപ്പവും വഴിതെറ്റലും, ഓക്കാനം, തലകറക്കം, തലവേദന.

ചെറിയ കുട്ടികളില്‍ അമിതമായ കരച്ചില്‍ സാധാരണമാണ്. മാതാപിതാക്കളെ വളരെ പറ്റിചേര്‍ന്ന് നില്‍ക്കുകയോ, മാതാപിതാക്കളുടെയോ ഒരു വസ്തുവിന്റെയോ കാലുകള്‍ക്ക് പിന്നില്‍ കുട്ടികള്‍ ഒളിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. വിഷമം പ്രകടിപ്പിക്കാന്‍ അവര്‍ ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്യാം.

ഫോബിയകള്‍ ഫലപ്രദമായി ചികിത്സിക്കാവുന്നവയാണ്, അവ ഉള്ള ആളുകള്‍ക്ക് അവരുടെ അമിതഭയത്തെ കുറിച്ച് ശരിയായ കാഴ്ചപ്പാട് ഉണ്ടായാല്‍ അത് രോഗനിര്‍ണയത്തില്‍ ഏറെ സഹായകരമാകും. ഭയം ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കില്‍, തങ്ങളുടെ ഭയകാരണത്തെ ഒഴിവാക്കി ജീവിതം ക്രമീകരിച്ചാല്‍ ഒരു പരിധിവരെ ഫോബിയയെ അകറ്റിനിര്‍ത്താം. എന്നാല്‍, സങ്കീര്‍ണ്ണമായ ഫോബിയകളില്‍ ഇത് അത്ര എളുപ്പമല്ല. ചില ഭയങ്ങളുടെ ട്രിഗറുകള്‍ ഒഴിവാക്കാന്‍ സാധ്യമല്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍, ഒരു മാനസികാരോഗ്യ വിദഗ്ധനുമായി സംസാരിക്കുന്നത് ഗുണകരമാകും. മിക്ക ഫോബിയകളും ഉചിതമായ ചികിത്സയിലൂടെ ഭേദമാക്കാവുന്നതാണ്. എന്നാല്‍, ഫോബിയക്ക് പൊതുവായ ചികിത്സയില്ല. ഓരോ വ്യക്തിക്കും അനുയോജ്യമായ വ്യക്ത്യാധിഷ്ഠിത ചികിത്സരീതികള്‍ തിരഞ്ഞെടുക്കുകയും അവ പ്രാവര്‍ത്തികമാക്കുകയും വേണം.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - റീന വി.ആർ

Senior Consultant, Mental Health

Reena VR is senior consultant, mental health

Similar News