പൊന്നാനിയിലെ പരസ്യ പ്രതിഷേധത്തിന് പിറകേ കുറ്റ്യാടിയിലും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം

കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കാന്‍ സിപിഎം നേതൃത്വം തയ്യാറായതില്‍ പ്രതിഷേധിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം

Update: 2021-03-08 13:48 GMT
Advertising

സ്ഥാനാർഥി നിർണയത്തിനെതിരെ പരസ്യ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍. ടിഎം സിദ്ദിഖിനെ സ്ഥാനാര്‍ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനിയില്‍ നടന്ന പ്രതിഷേധത്തിന് പിറകേ കുറ്റ്യാടിയിലും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. കുറ്റ്യാടി മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കാന്‍ സിപിഎം നേതൃത്വം തയ്യാറായതില്‍ പ്രതിഷേധിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം.

നേരത്തെ സിപിഎം നേതാവ് ടിഎം സിദ്ദിഖിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പൊന്നാനിയിലും സിപിഎം പ്രവര്‍ത്തകര്‍ പരസ്യ പ്രകടനവുമായി പ്രതിഷേധിച്ചിരുന്നു. മണ്ഡലത്തില്‍ പരിഗണിക്കുന്നത് സി.ഐ.ടി.യു നേതാവായ പി. നന്ദകുമാറിനെയാണെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകര്‍ ടിഎം സിദ്ദിഖിനായി തെരുവിലിറങ്ങിയത്. മണ്ഡലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കിടയിലെ ജനകീയ സാന്നിധ്യമായ സിദ്ദിഖ് പൊന്നാനി ഏരിയ സെക്രട്ടറിയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്. കഴിഞ്ഞ രണ്ട് തവണയും സിദ്ദിഖിന് സിപിഎം സീറ്റ് നിഷേധിച്ചിരുന്നു.

കുറ്റ്യാടിയില്‍ ഇടതുപക്ഷത്തിന്‍റെ സീറ്റ് ഘടകക്ഷിയായ കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ ധാരണ ആയിരുന്നു. 2011 ഇല്‍ സിപിഎമ്മിന്‍റെ കെകെ ലതിക ജയിച്ച മണ്ഡലം കഴിഞ്ഞ ടേമില്‍ മുസ്‍ലിം ലീഗിന്‍റെ പാറക്കല്‍ അബ്ദുല്ല തിരിച്ചുപിടിച്ചിരുന്നു. ഇത്തവണ മുസ്‍ലിം ലീഗില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിക്കാന്‍ തയ്യാറെടുക്കുന്ന ഇടതുമുന്നണിക്ക് നിലവിലെ പ്രതിഷേധങ്ങള്‍ കല്ലുകടിയാകുമെന്ന് ഉറപ്പാണ്. സിപിഎം മത്സരിച്ചു കൊണ്ടിരുന്ന മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നത്തിന് പുറത്ത് നിന്ന് ഘടകകക്ഷിയായ മുന്നണിയെ പരിഗണിക്കുന്നത് തിരിച്ചടി ഉണ്ടാക്കുമെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ വാദം.

Tags:    

Similar News