അവസാന ഓവറില്‍ ഹാട്രിക്; ത്രില്ലടിപ്പിക്കും കേരളത്തിന്റെ രണ്ടാം ജയം 

സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ആന്ധ്രക്കെതിരെ കേരളത്തിന് ജയമൊരുക്കിയത് അവസാന ഓവര്‍ എറിഞ്ഞ സന്ദീപ് വാരിയര്‍ 

Update: 2019-02-24 14:10 GMT
Advertising

സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ആന്ധ്രക്കെതിരെ കേരളത്തിന് ജയമൊരുക്കിയത് അവസാന ഓവര്‍ എറിഞ്ഞ സന്ദീപ് വാരിയര്‍. ആന്ധ്രയെ എട്ട് റണ്‍സിനാണ് കേരളം തോല്‍പിച്ചത്. അവസാന ഓവറിലെ രണ്ട്,മൂന്ന്, നാല് പന്തുകളില്‍ പിറന്ന് ഹാട്രിക് വിക്കറ്റുകളാണ് കേരളത്തിന് ജയം നേടിക്കൊടുത്തത്. സ്‌കോര്‍ ബോര്‍ഡ്: കേരളം 20 ഓവറില്‍ ആറിന് 160. ആന്ധ്ര 19.4 ഓവറില്‍ 152ന് എല്ലാവരും പുറത്ത്.

അവസാന ഓവറില്‍ ആന്ധ്രക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഒമ്പത് റണ്‍സായിരുന്നു. മൂന്ന് വിക്കറ്റും കയ്യിലുണ്ടായിരുന്നു. ക്രീസിലുണ്ടായിരുന്നത് മുന്‍ ഇന്ത്യന്‍ താരം കരണ്‍ ശര്‍മ്മയും. സന്ദീപ് വാരിയറുടെ ആദ്യ പന്ത് തന്നെ കരണ്‍ ശര്‍മ്മ സിക്‌സറിന് ശ്രമിച്ചെങ്കിലും പാളി. പന്ത് കീപ്പറുടെ ഭാഗത്തേക്ക് ഉയര്‍ന്നു. വിക്കറ്റ് ഉറപ്പിച്ചെങ്കിലും കീപ്പര്‍ അസ്ഹറുദ്ദീന്‍ ആ ക്യാച്ച് കൈവിട്ടു. കേരളം ഒന്ന് ഞെട്ടി. ക്യാച്ച് വിട്ടതിന്റെ ആശ്വാസത്തില്‍ ആന്ധ്രയും.

സന്ദീപ് വാരിയര്‍

എന്നാല്‍ സന്ദീപിന്റെ രണ്ടാം പന്തില്‍ കെ.വി ശശികാന്ത് പുറത്ത്. ലോങ് ഓണില്‍ ഉഗ്രന്‍ ക്യാച്ചിലൂടെ വിനൂപാണ് കെ.വി ശശികാന്തിനെ പുറത്താക്കിയത്. മൂന്നാം പന്തില്‍ കരണ്‍ ശര്‍മ്മയും പുറത്ത്. ക്യാച്ച് വിക്കറ്റ് കീപ്പര്‍ അസ്ഹറുദ്ദീന്. പത്താമനായി എത്തിയ എസ്.കെ ഇസ്മയിലും തൊട്ടടുത്ത പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയതോടെ കേരളത്തിന് ത്രിസിപ്പിക്കുന്ന ജയവും സന്ദീപിന് ഹാട്രിക് വിക്കറ്റും. ജയത്തോടെ കേരളത്തിന് എട്ട് പോയിന്റായി. 3.4 ഓവര്‍ എറിഞ്ഞ സന്ദീപ് വാരിയര്‍ 27 റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

കേരളത്തിനായി ഓപ്പണര്‍ വിഷ്ണു വിനോദ് 70 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ മറ്റൊരു ഓപ്പണറായ കെ.ബി അരുണ്‍ കാര്‍ത്തിക് (31) നായകന്‍ സച്ചിന്‍ ബേബി(38) എന്നിവരും റണ്‍സ് കണ്ടെത്തി. ആദ്യ മത്സരത്തില്‍ മണിപ്പൂരിനെയും കേരളം തോല്‍പിച്ചിരുന്നു. ഡല്‍ഹിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

Tags:    

Similar News