'വ്യക്തിഗത നേട്ടങ്ങൾക്ക് ട്വന്റി 20 ക്രിക്കറ്റിൽ സ്ഥാനമില്ല,ആദ്യാവസാനം തകർത്തടിക്കുക'-സഞ്ജു സാംസൺ

ഒരു മത്സരത്തിന്റെ അഞ്ച് ശതമാനമാണ് ഓരോ ഓവറുകളും. അതുകൊണ്ടുതന്നെ ക്രീസിൽ നിലയുറപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെടാൻ കഴിയില്ല.

Update: 2024-05-07 15:19 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ഡൽഹി: ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തെ തുടർന്ന് ട്വന്റി 20 ലോകകപ്പ് ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടംപിടിച്ചിരുന്നു. എസ് ശ്രീശാന്തിന് ശേഷമാണ് മറ്റൊരു മലയാളി താരം വിശ്വകപ്പ് സ്‌ക്വാർഡിൽ ഇടംപിടിക്കുന്നത്. ഇപ്പോഴിതാ ട്വന്റി 20 ക്രിക്കറ്റിനെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് രാജസ്ഥാൻ നായകൻ.

വ്യക്തിഗത നേട്ടങ്ങൾക്ക് 20 ഓവർ മത്സരത്തിൽ പ്രസക്തിയില്ലെന്ന് സഞ്ജു പറഞ്ഞു. അക്രമിച്ചുകളിക്കുകയാണ് ഈ ഫോർമാറ്റിൽ ആവശ്യം. ഒരു മത്സരത്തിന്റെ അഞ്ച് ശതമാനമാണ് ഓരോ ഓവറുകളും. അതുകൊണ്ടുതന്നെ ക്രീസിൽ നിലയുറപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെടാൻ കഴിയില്ല. പത്ത് റൺസിന് ശേഷം സിക്സടിച്ച് തുടങ്ങിയേക്കാമെന്ന് കരുതരുത്. ഏതെങ്കിലും ബൗളറെ മാറ്റിനിർത്താനുമാകില്ല. ആദ്യപന്തുമുതൽ അവസാനംവരെ അടിച്ചുകളിക്കണം. ഇതിൽ ഒരു ശൈലിമാത്രമാണുള്ളത്. ബൗണ്ടറികൾക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുക. അത്തരത്തിലുള്ള പരിശ്രമമാണ് വേണ്ടതെന്നും സഞ്ജു സ്റ്റാർ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

അതേസമയം, സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ പുകഴ്ത്തി രാജസ്ഥാൻ റോയൽസ് ബൗളിങ് കോച്ച് ഷെയിൻബോണ്ട് രംഗത്തെത്തി. സഞ്ജുവിന് കീഴിൽ മികച്ച പ്രകടനമാണ് രാജസ്ഥാൻ പുറത്തെടുക്കുന്നത്. രസകരമായ വ്യക്തിത്വത്തിന് ഉടമ കൂടിയാണ് ഈ താരം. സീസണിന്റെ അവസാനത്തോട് അടുക്കുമ്പോൾ ഐപിഎൽ ഊർജം ചോർത്തിക്കളയും. എന്നാാൽ സമർത്ഥമായി ഊർജം നിയന്ത്രിക്കാനും സമയം കണ്ടെത്താനും അവന് അറിയാം. ഐപിഎല്ലിൽ ഇതുവരെ മനോഹരമായി സഞ്ജു കളിച്ചു. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവും തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്നും മുൻ കിവീസ് താരം വ്യക്തമാക്കി. ഐപിഎൽ റൺവേട്ടയിൽ നിലവിൽ പത്താം സ്ഥാനത്താണ് സഞ്ജു. 10 മത്സരങ്ങൾ കളിച്ച സഞ്ജുവിന് 159.09 സ്ട്രൈക്ക് റേറ്റിൽ 385 റൺസാണ് സമ്പാദ്യം.


Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News