ക്രിക്കറ്റ് ലോകം മൂക്കത്ത് വിരൽവെച്ച ചേസിങ്; ദക്ഷിണാഫ്രിക്കയുടെ ചരിത്ര വിജയത്തിന് 20 വയസ്സ്

Update: 2026-03-12 15:22 GMT
Editor : safvan rashid | By : Sports Desk

ജൊഹന്നാസ്ബർഗ്: ഒരുകാലത്ത് ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ ഒന്നായിരുന്നു ഒരു ഇന്നിങ്സിൽ 400-ലധികം റൺസ് നേടുക എന്നത്. എന്നാൽ കൃത്യം 20 വർഷങ്ങൾക്ക് മുമ്പ് 2006 മാർച്ച് 12-ന് വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയും ആസ്‌ട്രേലിയയും ചേർന്ന് ആ ധാരണ തിരുത്തിക്കുറിച്ചു. ആസ്‌ട്രേലിയ ഉയർത്തിയ 434 റൺസ് എന്ന റെക്കോർഡ് ലക്ഷ്യം മറികടന്ന് ദക്ഷിണാഫ്രിക്ക നേടിയ ത്രസിപ്പിക്കുന്ന വിജയം ഇന്നും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച റൺ ചേസ് ആയി കണക്കാക്കപ്പെടുന്നു.

മത്സരത്തി​ൽ ആദ്യം ബാറ്റ് ചെയ്ത ആസ്‌ട്രേലിയ  റിക്കി പോണ്ടിംഗിന്റെ തകർപ്പൻ സെഞ്ച്വറിക്കരുത്തിൽ (105 പന്തിൽ 164 റൺസ്)  4 വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 434 റൺസ്. ഏകദിന ക്രിക്കറ്റിൽ അന്നാദ്യമായാണ് ഒരു ടീം 400 കടക്കുന്നത്. അന്ന് സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നവരും കളി കണ്ടവരും ഓസ്‌ട്രേലിയ വിജയം ഉറപ്പിച്ചുവെന്ന് വിശ്വസിച്ചു.

Advertising
Advertising

പക്ഷേ അസാധ്യമാണെന്ന് കരുതിയ ആ റൺമല കീഴടക്കും എന്നുറപ്പിച്ചാണ് ദക്ഷിണാഫ്രിക്ക ബാറ്റിങ് തുടങ്ങിയത്. ഓപ്പണർ ഹെർഷൽ ഗിബ്സിന്റെ (111 പന്തിൽ 175 റൺസ്) അസാമാന്യ പ്രകടനമാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ക്യാപ്റ്റൻ ഗ്രെയാം സ്മിത്ത് (55 പന്തിൽ 90 റൺസ്) നൽകിയ വെടിക്കെട്ട് തുടക്കം ഗിബ്സ് ഏറ്റെടുക്കുകയായിരുന്നു. വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീണുകൊണ്ടിരുന്നെങ്കിലും അവസാന നിമിഷം വരെ ആവേശം നിലനിന്നു.

ഒടുവിൽ ഒരു പന്ത് ബാക്കിനിൽക്കെ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 438 റൺസ് നേടി ദക്ഷിണാഫ്രിക്ക വിജയം കൈപ്പിടിയിലൊതുക്കി. 20 വർഷങ്ങൾക്കിപ്പുറവും റൺസ് ഒഴുകുന്ന പുതിയ ക്രിക്കറ്റ് യുഗത്തിലും ഈ മത്സരം വിസ്മയമായി തുടരുന്നു. 400കൾ പിന്നെയും യഥേഷ്ടം പിറന്നെങ്കിലും ചേസിങ്ങിലെ ഈ റെക്കോർഡ് ഇനിയും ഭേദിക്കപ്പെട്ടിട്ടില്ല.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News