ബിസിസിഐ ക്രിക്കറ്റർ ഓഫ് ദ ഇയർ, ശുഭ്മാൻ ഗില്ലിന് സാധ്യത
ന്യൂഡൽഹി: ബിസിസിഐയുടെ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരത്തിന് ശുഭ്മാൻ ഗില്ലിന് സാധ്യത. ടെസ്റ്റ്, ഏകദിന ടീം നായകനായ ഗില്ലിനെ 2025ലെ പ്രകടനത്തിന്റെ ബലത്തിലാണ് തെരഞ്ഞെടുക്കുന്നത്. മുൻ പരിശീലകനും ഇതിഹാസ താരവുമായ രാഹുൽ ദ്രാവിഡിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരവും നൽകും. മാർച്ച് 15ന് ന്യൂഡൽഹിയിൽ വെച്ചാണ് വാർഷിക പുരസ്കാരങ്ങൾ വിതരണം ചെയ്യുക.
ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഗില്ലിനെ അവാർഡിന് അർഹനാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. പോയ വർഷം 983 റൺസാണ് ഗിൽ ടെസ്റ്റിൽ നേടിയത്. ഇംഗ്ലണ്ട് പരമ്പരയിൽ മാത്രം 754 റൺസും അടിച്ചുകൂട്ടി. ടെസ്റ്റിന് പിന്നാലെ ഏകദിന ക്യാപ്റ്റനായും തെരഞ്ഞെടുക്കപ്പെട്ട ഗിൽ ഏകദിനത്തിൽ പോയവർഷം 490 റൺസാണ് നേടിയത്. ട്വന്റി 20 ടീമിലെ മോശം പ്രകടനത്തെത്തുടർന്ന് താരത്തിന് ലോകകപ്പ് ടീമിൽ ഇടംപിടിക്കാനായിരുന്നില്ല. 2022-23 സീസണിലും ശുഭ്മാൻ ഗിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പോയ വർഷം ജസ്പ്രീത് ബുംറയായിരുന്നു മികച്ച താരം.
രാഹുൽ ദ്രാവിഡിന് 'സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ്' പുരസ്കാരമാണ് നൽകുക. 2024ൽ സച്ചിൻ തെണ്ടുൽക്കർക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന ആദ്യ പുരുഷ താരമാണ് ദ്രാവിഡ്. ബാറ്റിങ് സംഭാവനകൾ പരിഗണിച്ചും 2024 ടി20 ലോകകപ്പ് ജേതാവാക്കിയ പരിശീലകൻ എന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ചാകും ഈ പുരസ്കാരം. കൂടാതെ വിവിധ ഫോർമാറ്റുകളിലായി ഇന്ത്യൻ ടീമുകൾ ഐസിസി കിരീടങ്ങൾ നേടിയതിന്റെ വിജയാഘോഷവും നടക്കും.