അടി, അടിയോടടി; ടി20 ലോകകപ്പ് ഫൈനലിൽ കിവീസിനെതിരെ 255 റൺസ് പടുത്തുയർത്തി ഇന്ത്യ

അവസാന ഓവറിൽ ശിവം ദുബെ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 24 റൺസാണ് അടിച്ചെടുത്തത്.

Update: 2026-03-08 15:30 GMT
Editor : Sharafudheen TK | By : Sports Desk

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ കൂറ്റൻ സ്‌കോർ പടുത്തുയർത്തി ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ആതിഥേയർ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് അടിച്ചെടുത്തത്. സഞ്ജു സാംസണിന്റേയും(46 പന്തിൽ 89), ഇഷാൻ കിഷന്റേയും(25 പന്തിൽ 54), അഭിഷേക് ശർമയുടേയും(21 പന്തിൽ 51) അർധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് മുന്നേറിയത്. അവസാന ഓവറിൽ ശിവം ദുബെയും (8 പന്തിൽ 26) തകർത്തടിച്ചതോടെ  സ്‌കോർ 250 കടന്നു. ടി20 ലോകകപ്പിലെ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്‌കോറാണിത്. നേരത്തെ പവർപ്ലെയിൽ 92 റൺസെടുത്തും ഇന്ത്യ റെക്കോർഡ് റൺസ് സ്‌കോർ ബോർഡിൽ ചേർത്തിരുന്നു.

Advertising
Advertising

ഒരുവേള 280 ലേക്ക് സ്‌കോർ ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഡെത്ത് ഓവറുകളിൽ മികച്ച ബോളിങ് പ്രകടനവുമായി കിവീസ് പിടിച്ചുനിൽക്കുകയായിരുന്നു. 16ാം ഓവറിൽ ഇഷാൻ കിഷൻ മടങ്ങുമ്പോൾ 204-3 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ പിന്നീടെത്തിയ സൂര്യകുമാർ യാദവ് (0) നേരിട്ട ആദ്യപന്തിൽ തന്നെ മടങ്ങി. തിലക് വർമക്കും ഹർദിക് പാണ്ഡ്യക്കും സ്‌കോറിങ് ഉയർത്താനായില്ല. 13 പന്തിൽ 18 റൺസെടുത്ത് ഹർദിക് പാണ്ഡ്യ പുറത്തായി. എന്നാൽ ഏഴാമനായി ക്രീസിലെത്തിയ ശിവം ദുബെ ജിമ്മി നീഷാം എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 24 റൺസാണ് അടിച്ചെടുത്തത്. ന്യൂസിലൻഡിനായി ജിമ്മി നീഷാം മൂന്ന് വിക്കറ്റെടുത്തു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News