കത്തിക്കയറി സഞ്ജു ; വാങ്കഡെയിൽ ഇംഗ്ലണ്ടിന് മുന്നിൽ റൺമല തീർത്ത് ഇന്ത്യ

Update: 2026-03-05 15:21 GMT

മുംബൈ : ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും അർധ സെഞ്ച്വറി നേടി സഞ്ജു സാംസൺ. 42 പന്തിൽ 8 ഫോറും 7 സിക്സുമടക്കം 89 റൺസാണ് താരം കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ അഭിഷേക് ശർമയെ നഷ്ടമായി. വില ജാക്‌സിന്റെ പന്തിൽ ഫിൽ സാൾട്ടിന് ക്യാച്ച് നൽകി താരം മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർബോർഡിൽ 20 റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.

തൊട്ടടുത്ത ഓവറിൽ സഞ്ജുവിന്റെ ഒരു പാളിയ ഷോട്ട് ഹാരി ബ്രൂക്കിന് നേരെ വന്നെങ്കിലും താരം കൈവിട്ടു. ആ ക്യാച്ചിന്റെ വില വൈകാതെ തന്നെ ഇംഗ്ലീഷ് നായകൻ അറിഞ്ഞു. പിന്നാലെ ഇറങ്ങിയ ഇഷാൻ കിഷനെ കൂട്ടുപിടിടച്ച് സഞ്ജു പതിയെ ഗിയർ മാറ്റി. ഇംഗ്ലണ്ട് നിരയിൽ പന്തെടുത്തവരൊക്കെയും ആ ബാറ്റിന്റെ ചൂടറിഞ്ഞു. കൃത്യമായ സ്ട്രൈക്ക് റൊട്ടേഷനും ബൗണ്ടറികളുമായി ഇഷാൻ കിഷൻ മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ സ്കോർബോർഡിൽ അതിവേഗം റൺസുയർന്നു. പവർ പ്ലേ അവസാനിക്കുമ്പോൾ 67-1 എന്ന നിലയിലായിരുന്നു ഇന്ത്യ.

Advertising
Advertising

അടുത്ത ഓവറിൽ പ്രീമിയം സ്പിന്നർ ആദിൽ റഷീദിനാണ് ബ്രൂക്ക് പന്ത് ഏൽപ്പിച്ചത്. ആദ്യ പന്തിൽ താരത്തെ ബൗണ്ടറിയോടെ വരവേറ്റ സഞ്ജു, തൊട്ടടുത്ത ഓവറിൽ ലിയാം ഡൗസണെ സിക്സിന് പറത്തി അർധ സെഞ്ച്വറി പൂർത്തിയാക്കി. ഒമ്പതാം ഓവറിൽ സാം കറൻ കൂടി അടിവാങ്ങിയതോടെ ഇന്ത്യൻ സ്‌കോർ മൂന്നക്കം കടന്നു. ടി20 ലോകകപ്പ് നോക്ക്ഔട്ട് മത്സരത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടും ഇതോടെ സഞ്ജു - ഇഷാൻ സഖ്യം സ്വന്തമാക്കി. 2007 എഡിഷനിൽ സെമി ഫൈനലിൽ റോബിൻ ഉത്തപ്പ - യുവരാജ് സിങ് സഖ്യം തീർത്ത റെക്കോർഡാണ് ഇരുവരും മറികടന്നത്.

ആദിൽ റഷീദിന്റെ രണ്ടാം ഓവറിൽ വിൽ ജാക്‌സിന് ക്യാച്ച് നൽകി ഇഷാൻ മടങ്ങിയതോടെ ശിവം ദുബെ ക്രീസിലെത്തി. പിന്നെ ഇരുവരും ചേർന്നായിരുന്നു ഇംഗ്ലീഷ് ബോളർമാരെ പഞ്ഞിക്കിട്ടത്. ജാമി ഓവർട്ടനും ജോഫ്ര ആർച്ചറും അടക്കം പന്തെടുത്ത മുഴുവൻ ഇംഗ്ലീഷ് താരങ്ങളും ബൗണ്ടറി വര കടന്നു. ഒരു വേള സഞ്ജു സെഞ്ച്വറിയിലെത്തുമെന്ന് തോന്നിച്ചെങ്കിലും ഒരിക്കൽ കൂടി വിൽ ജാക്സ് അവതരിച്ചു. പതിമൂന്നാം ഓവറിലെ ആദ്യ പന്തിൽ ജാക്‌സിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ഡീപ് കവറിൽ ഫിൽ സാൾട്ടിന് ക്യാച്ച് നൽകി താരം മടങ്ങി.

നായകൻ സൂര്യകുമാർ യാദവ് 11(6) അതിവേഗം മടങ്ങിയെങ്കിലും, ഹർദിക് പാണ്ഡ്യയും തിലക് വർമയുമെല്ലാം ബോളർമാരെ കണക്കിന് പ്രഹരിച്ചതോടെ ഇന്ത്യ 253 എന്ന ടോട്ടലിലെത്തി. ഇംഗ്ലണ്ട് നിരയിൽ ആദിൽ റഷീദ്, വിൽ ജാക്സ് എന്നിവർ രണ്ട് വിക്കറ്റ് നേടിയപ്പോൾ ജോഫ്ര ആർച്ചർ ഒരു വിക്കറ്റും നേടി.     

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News