വൈഷ്ണയുടെ അർദ്ധ സെഞ്ച്വറി പാഴായി; അണ്ടർ 23 വനിതാ ഏകദിന ടൂർണ്ണമെന്റിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവി

Update: 2026-03-05 16:43 GMT

പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണ്ണമെന്റിൽ കേരളത്തിന് രണ്ടാം തോൽവി. 52 റൺസിനാണ് ഗുജറാത്ത് കേരളത്തെ തോൽപിച്ചത്. ഗുജറാത്ത് ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 44.5 ഓവറിൽ 160 റൺസിന് ഓൾ ഔട്ടായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് ഓപ്പണർ വൻഷികയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. തുടർന്നെത്തിയ ചാർലി സോളങ്കിയും സിയ പട്ടേലും ചേർന്ന് 41 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഇരുവരും പുറത്തായതോടെ മൂന്ന് വിക്കറ്റിന് 44 റൺസെന്ന നിലയിലായിരുന്നു ഗുജറാത്ത്. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ നിധിബെൻ ദേശായ്, സ്തുതി ജനി, ജിയ ജെയിൻ എന്നിവരുടെ ഇന്നിങ്സുകളാണ് ഗുജറാത്തിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. സ്തുതി 48-ഉം ജിയ ജെയിൻ 45-ഉം റൺസെടുത്തപ്പോൾ നിധിബെൻ ദേശായ് 50 റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി നിയ നസ്നീൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

Advertising
Advertising

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ ദിയ ഗിരീഷും വൈഷ്ണ എം.പി.യും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 77 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 37 റൺസെടുത്ത ദിയ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. തുടർന്നെത്തിയ ശ്രദ്ധ സുമേഷും ശ്രേയ പി. സിജുവും റണ്ണൊന്നുമെടുക്കാതെ മടങ്ങി. മറുവശത്ത് ഉറച്ചുനിന്ന വൈഷ്ണ, അനന്യയ്ക്കും നജ്‌ലയ്ക്കുമൊപ്പം ഭേദപ്പെട്ട കൂട്ടുകെട്ടുകൾ ഉയർത്തിയത് കേരളത്തിന് പ്രതീക്ഷ നൽകി.

എന്നാൽ 64 റൺസെടുത്ത വൈഷ്ണ പുറത്തായതോടെ കേരളത്തിന്റെ ബാറ്റിങ് തകർന്നടിഞ്ഞു. വെറും 19 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകൾ കൂടി വീണതോടെ 160 റൺസിന് കേരളത്തിന്റെ ഇന്നിങ്സിന് അവസാനമായി. അനന്യ കെ. പ്രദീപ് പത്തും, നജ്‌ല സി.എം.സി 16-ഉം റൺസെടുത്തു. ഗുജറാത്തിന് വേണ്ടി പുഷ്ടി നഡ്കർണി മൂന്നും ഗൗരി ഗോയൽ, ശിവാനി ഗുപ്ത, നിധിബെൻ ദേശായ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News