ഹെറ്റ്‌മെയർ മുതൽ വിൽജാക്‌സ് വരെ; ഐപിഎല്ലിൽ ഫ്‌ളോപ്പ്, ലോകകപ്പിൽ വേറെ ലെവൽ
സിംബാബ്‌വെ പേസർ ബ്ലെസിങ് മുസറബാനിയെ നോട്ടമിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് രംഗത്തുള്ളത്.
'ടി20 ലോകകപ്പിന് ശേഷമാണ് ഐപിഎൽ മിനി ലേലം നടന്നിരുന്നതെങ്കിൽ സിംബാബ്‌വെ പേസർ ബ്ലെസിങ് മുസറബാനിക്ക് 20 കോടി വരെ ലഭിച്ചേനെ'. മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫിന്റെ വാചകങ്ങളാണിത്. നിലവിൽ വലംകൈയ്യൻ പേസറുടെ ഫോം വിലയിരുത്തുമ്പോൾ ഇതൊരു അതിശയോക്തിയായി കരുതാനാവില്ല. ടി20 ലോകകപ്പിൽ ആറു മത്സരങ്ങളിൽ നിന്നായി 13 വിക്കറ്റുമായി തകർപ്പൻ ഫോമിലാണ് മുസറബാനി പന്തെറിഞ്ഞത്. വിക്കറ്റ് ടേക്കർമാരിൽ രണ്ടാം സ്ഥാനത്ത്. ഗ്രൂപ്പ് സ്റ്റേജിൽ ഓസീസിനെതിരെ സിംബാബ്‌വെ ഐതിഹാസിക വിജയം സ്വന്തമാക്കുമ്പോൾ, 17 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റുമായി ടീമിന്റെ കുന്തമുനയായതും 29 കാരനായിരുന്നു. നിലവിൽ മൂന്ന് ഫോർമാറ്റിലുമായി സിംബാബ്‌വെക്കായി മിന്നും പ്രകടനമാണ് താരം നടത്തികൊണ്ടിരിക്കുന്നത്. പോയ ഐപിഎൽ മിനി ലേലത്തിൽ ഫ്രാഞ്ചൈസികളുടെ റഡാറിൽ പതിയാത്ത ഇത്തരം ഒട്ടേറെ സർപ്രൈസ് താരങ്ങളാണ് ഈ ലോകകപ്പിൽ മിന്നിതിളങ്ങുന്നത്. വൻ തോക്കുകൾ പലരും നനഞ്ഞ പടക്കമാകുമ്പോൾ കളി മാറ്റി മറിക്കുന്ന ഫൈറ്റർമാർ. അത്തരം താരങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
അമേരിക്കൻ പേസർ ഷാഡ്‌ലി വാൻ ഷാൽക്വിക്ക്. ഈ പേര് അത്ര പെട്ടെന്നൊന്നും ഇന്ത്യൻ ആരാധകർക്ക് മറക്കാനാവില്ല.വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ടി20യിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയെ അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ചത് ഈ വെറ്ററൻ പേസറായിരുന്നു.ടൂർണമെൻറിലെ ഹോട്ട് ഫേവറേറ്റുകളായെത്തിയ സൂര്യകുമാറിനെയും സംഘത്തെയും പവർപ്ലേയിൽ വരിഞ്ഞുമുറുക്കാൻ ഷാൽക്വിക്കിനായി. ഇഷാൻ കിഷൻ, തിലക് വർമ, ശിവം ദുബെ തുടങ്ങി പവർപ്ലെയിൽ ഇന്ത്യയുടെ മുൻനിര വിക്കറ്റുകളാണ് യുഎസ്എ പേസർഅന്ന് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ ജനിച്ച വാൻ ഷാൽക്വികിന് അണ്ടർ-19 ടീമിലേക്ക് സെലക്ഷൻ ലഭിച്ചിരുന്നെങ്കിലും, സാങ്കേതിക കാരണങ്ങളാൽ അണ്ടർ 19 ലോകകപ്പിൽ കളിക്കാനായില്ല.പിന്നീട് ദേശീയ ടീമുമായുള്ള കരാറിനും പുറത്തായി.ഇതോടെ താരത്തിന്റെ ബൗളിങ് പ്രകടനം ആഭ്യന്തര ക്രിക്കറ്റിൽ മാത്രമായി ഒതുങ്ങി.
നൈറ്റ്‌സ്, ഫ്രീ സ്റ്റേറ്റ് ടീമുകളുടെ വിശ്വസ്ത ഓൾറൗണ്ടറായ താരം ശ്രദ്ധേയ പ്രകടനമാണ് പുറത്തെടുത്തത്. 97 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 2,593 റൺസും 239 വിക്കറ്റുമാണ് സമ്പാദ്യം. ഡൊമസ്റ്റിക്കിൽ തകർത്ത് കളിച്ചിട്ടുംതാരനിബിഡമായ പ്രോട്ടീസ് ദേശീയ ടീമിലേക്ക് വിളിയെത്താതെ വന്നതോടെ താരം യുഎസ്എയിലേക്ക് ചേക്കേറുകയായിരുന്നു.അമേരിക്കയിൽ മൈനർ ലീഗിലൂടെ കളി തുടങ്ങിയ ഷാൽക്വിക് മേജർ ലീഗ് ക്രിക്കറ്റിൽ ലോസ് ഏഞ്ചൽസ് നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി.2024 ഏപ്രിലിൽ അമേരിക്കയ്ക്കായി രാജ്യാന്തര അരങ്ങേറ്റം കുറിച്ചെങ്കിലും ഐപിഎൽ അടക്കമുള്ള പ്രധാന ഫ്രാഞ്ചൈസി ലീഗുകളൊന്നും താരത്തെ പരിഗണിച്ചില്ല. ഐഎൽടി20യിൽ അബുദാബി നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയും കളത്തിലിറങ്ങിയിരുന്നു. ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ യുഎസ്എ പുറത്തായെങ്കിലും 13 വിക്കറ്റുമായി വിക്കറ്റ് ടേക്കർമാരിൽ ഇപ്പോഴും ഒന്നാംസ്ഥാനത്താണ് താരം
ഏഴ് മത്സരങ്ങളിൽ നിന്നായി 41.33 ബാറ്റിങ് ശരാശരിയിൽ 248 റൺസ്. ടി20 ലോകകപ്പിൽ ഷിമ്രോൺ ഹെറ്റ്മെയറിന്റെ സ്‌കോർഷീറ്റാണിത്. ഏത് ഷിംറോൺ ഹെറ്റ്മർ, രാജസ്ഥാൻ റോയൽസിൽ അമ്പേ നിരാശപ്പടുത്തി പല ഇരട്ടപ്പേരുകളും ഏറ്റുവാങ്ങി അതേ ഹെറ്മെയർ. നിലവിൽ ട്വന്റി 20 ലോകകപ്പിൽ റൺവേട്ടക്കാരിൽ നാലാം സ്ഥാനത്ത്. ഇന്ത്യൻ പിച്ചുകളിൽ ബീസ്റ്റ് മോഡിലാണ് വിൻഡീസ് താരം ബാറ്റുവീശിയത്. 19 പന്തിൽ അർധ സെഞ്ച്വറി കുറിച്ച് ടി20 ലോകകപ്പിൽ ഒരു വിൻഡീസ് താരത്തിന്റെ അതിവേഗ ഫിഫ്റ്റിയെന്ന നേട്ടവും ഹെറ്റ്മെയർ സ്വന്തം പേരിലാക്കി. ഒരുപതിറ്റാണ്ട് നീണ്ട ക്രിസ് ഗെയിലിന്റെ റെക്കോർഡാണ് മായ്ച്ചുകളഞ്ഞത്. നേരത്തെ ഫിനിഷറുടെ റോളിൽ ഇറങ്ങിയിരുന്ന 29 കാരൻ ലോകകപ്പിൽ വൺഡൗണായാണ് ക്രീസിലെത്തുന്നത്. ഇന്നിങ്സ് ബിൽഡ് ചെയ്ത് ടീമിന്റെ ബാലൻസ് ചെയ്ത് നിർത്താനുള്ള ദൗത്യം കൃത്യമായി നിർവഹിക്കുന്നതാണ് പോയ മത്സരങ്ങളിലെല്ലാം കണ്ടത്.
ഹെറ്റ്മെയറുടെ ഫോമിൽ വിൻഡീസിനൊപ്പം സന്തോഷിക്കുന്ന മറ്റൊരു ടീം രാജസ്ഥാൻ റോയൽസാണ്. പോയ സീസണിൽ താരത്തിന്റെ മോശം ഫോമിനെ തുടർന്ന് കടുത്ത വിമർശനത്തിനാണ് ആർ ആർ വിധേയമായത്. 11 കോടി ചെലവഴിച്ച്ടീമിലെടുത്ത വിൻഡീസ് താരത്തിന് പോയ പതിപ്പിൽ 14 മത്സരങ്ങളിൽ നിന്ന് 21.73 ബാറ്റിങ് ശരാശരിയിൽ നേടാനായത് 239 റൺസ് മാത്രമായിരുന്നു. സ്വന്തമാക്കിയത് ഒരേയൊരു അർധ സെഞ്ച്വറി. താരത്തിന്റെ മെല്ലെപ്പോക്ക് പല മത്സരങ്ങളിലും രാജസ്ഥാന്റെ തോൽവിക്കും കാരണമായി. മിനി ലേലത്തിന് മുൻപായി താരത്തെ റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഹെറ്റ്മെയറിൽ വിശ്വാസമർപ്പിക്കാൻ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ടി20യിൽ ടോപ് ഓർഡറാണ് തന്റെ ഫേവറേറ്റ് ബാറ്റിങ് പൊസിഷനെന്ന് ഈ ലോകകപ്പിലൂടെ ഹെറ്റ്മെയർതെളിയിച്ചതോടെ വരും സീസണിൽ രാജസ്ഥാനിലും താരത്തെ ഈ റോളിൽ കാണാനാകുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
സൂപ്പർ എട്ട് പോരാട്ടത്തിൽ പാകിസ്താനെതിരെ ഇംഗ്ലണ്ടിനെ ഒറ്റക്ക് വിജയത്തിലേക്ക് നയിച്ച താരമാണ് ഹാരി ബ്രൂക്ക്. 51 പന്തിൽ സെഞ്ച്വറി നേടിയ ഇംഗ്ലീഷ് നായകൻ ലോകകപ്പിലുടീളം മികച്ച ഇൻഡൻഡിലാണ് ബാറ്റുവീശുന്നത്. ഏഴ് മത്സരങ്ങളിൽ നിന്നായി 32.57 ബാറ്റിങ് ശരാശരിയിൽ നേടിയത് 228 റൺസ്. ടൂർണമെന്റിലെ റൺവേട്ടക്കാരിൽ മൂന്നാമത്. എന്നാൽ വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ബ്രൂക്ക് ഒരുടീമിന്റേയും ഭാഗമല്ല. മിനിലേലത്തിൽ താരത്തിന് രജിസ്റ്റർ ചെയ്യാനായില്ലെന്ന് പറയുന്നതാകും ശരി.കഴിഞ്ഞ മെഗാലേലത്തിൽ ഡൽഹി ക്യാപിറ്റൽസുമായി കരാറിലെത്തിയ താരം ഐപിഎല്ലിന് തൊട്ടുമുൻപായി പിൻമാറിയിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമിന്റെ മത്സരങ്ങൾക്കായി തയാറെടുക്കുന്നതിന് വേണ്ടി മാറിനിൽക്കുന്നതായാണ് ബ്രൂക്ക് വ്യക്തമാക്കിയത്.ഇതിന് പിന്നാലെ ഫ്രാഞ്ചൈസിയുടെ സമ്മർദ്ദത്തെ തുടർന്ന് ഇംഗ്ലീഷ് ക്യാപ്റ്റനെ ഐപിഎൽ അധികൃതർ രണ്ടുവർഷത്തേക്ക് വിലക്കിയിരുന്നു. ഇതേ തുടർന്ന് താരത്തിന് 2027 വരെ ഐപിഎല്ലിൽ കളിക്കാനാവില്ല.
കഴിഞ്ഞ ഐപിഎൽ മിനിലേലത്തിൽ അൺസോൾഡായ ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷ്ണയും ടി20 ലോകകപ്പിൽ ശ്രദ്ധേയ പ്രകടനമാണ് പുറത്തെടുത്തത്. ആറു മത്സരങ്ങളിൽ നിന്നായി 11 വിക്കറ്റുകളാണ് താരം എറിഞ്ഞിട്ടത്.വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമത്. പോയ സീസണിൽ രാജസ്ഥാൻ റോയൽസിനായി കളിച്ച താരത്തെ മിനിലേലത്തിന് മുൻപായി ഫ്രാഞ്ചൈസി റിലീസ് ചെയ്യുകയായിരുന്നു. ശ്രീലങ്കൻ ഓപ്പണർ കുഷാൽ മെൻഡിസ്, സിംബാബ്വെ ഓൾറൗണ്ടർ ബ്രയാൻ ബെന്നറ്റ്,വിൻഡീസ് സ്പിന്നർ ഗുഡഗേഷ് മോട്ടി തുടങ്ങി ഐപിഎൽ റഡാനിന് പുറത്തായ നിരവധി താരങ്ങളാണ് ലോകകപ്പിൽ മിന്നുന്നത്.
മിനിലേലത്തിൽ ആരും ടീമിലെടുത്തില്ലെങ്കിലും സിംബാബ്‌വെ പേസർ മുസറബാനിയെ അടുത്ത ഐപിഎല്ലിൽ കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാൽ ബംഗ്ലാദേശ് താരം മുസ്തഫിസുറിനെ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയ സാഹചര്യത്തിൽ, പകരക്കാരനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് താരത്തിനായി ശ്രമം ആരംഭിച്ചത്.കഴിഞ്ഞ സീസണിൽ ലുങ്കി ഇൻഗിഡിയുടെ റീപ്ലെയ്സ്മെന്റായി ആർസിബി താരത്തെ സ്‌ക്വാഡിലെത്തിച്ചിരുന്നെങ്കിലും കളിക്കാൻ അവസരം നൽകിയിരുന്നില്ല.
ഇംഗ്ലണ്ട് താരം വിൽ ജാക്സിനെ കാണുമ്പോൾ മുംബെ ആരാധകർ നിറഞ്ഞു ചിരിക്കുകയാണ്. ഈ ഐപിഎല്ലിൽ ഓൾറൗണ്ട് പ്രകടനവുമായി ഇംഗ്ലണ്ടിന്റെ ഇംപാക്ട് പ്ലെയറായ താരമാണ് വിൽ ജാക്‌സ്. ഏഴ് മത്സരങ്ങളിൽ 63.67 ബാറ്റിങ് ശരാശരിയിൽ 191 റൺസാണ് താരത്തിന്റെ നേട്ടം. 7 വിക്കറ്റുമായി നിർണായക സമയങ്ങളിൽ ബോളിങിലും തിളങ്ങിയിരുന്നു. പല മത്സരങ്ങളിലും ഇംഗ്ലണ്ടിനെ വിജയിപ്പിച്ച ജാക്സ് തന്റെ കരിയറിലെ ഏറ്റവും മനോഹരമായി ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പോയ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൽ 13 മത്സരങ്ങളിൽ 23 ബാറ്റിങ് ശരാശരിയിൽ 233 റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. ടീം ഡേവിഡ്, കാമറൂൺ ഗ്രീൻ, ജോസ് ഭട്ലർ, ഡാരൽ മിച്ചൽ, ഗ്ലെൻ മാക്സവെൽ തുടങ്ങി വൻതോക്കുകൾ നിരായുധരായ ടി20ലോകകപ്പിൽ വിജയമായവരുടെ പട്ടികയിലേക്ക് ഇനി ആരൊക്കെ എത്തും... ലോകകപ്പിലെ സെമി പോരാട്ടങ്ങൾക്കായി കാത്തിരിക്കാം.