രഞ്ജി ട്രോഫി ഫൈനൽ : ജമ്മു , കർണാടക താരങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ

Update: 2026-02-25 14:27 GMT

ന്യൂഡൽഹി : രഞ്ജി ട്രോഫി ഫൈനലിന്റെ രണ്ടാം ദിനം ഗ്രൗണ്ടിൽ ഏറ്റുമുട്ടി ജമ്മു , കർണാടക താരങ്ങൾ. ജമ്മു നായകൻ പറാസ് ദോഗ്രയും കർണാടകയുടെ കെ വി അനീഷും തമ്മിലാണ് മത്സരത്തിനിടെ വഴക്കുണ്ടായത്. ജമ്മു ഇന്നിങ്സിലെ 101-ാം ഓവറിലാണ് സംഭവം. പ്രസീദ് കൃഷ്ണയാണ് കർണാടകക്കായി ആ ഓവറിൽ പന്തെറിയുന്നത്. ജമ്മുവിനായി നായകൻ പറാസ് ദോഗ്രയും കൻഹയ്യ വധ്‌വാനുമാണ് ക്രീസിൽ.

പ്രസീദിന്റെ ഓവറിൽ പന്ത് ബൗണ്ടറിയിലെത്തിച്ച പറാസ് തൊട്ടുപിന്നാലെ ഷോർട്ട് ലെഗിൽ ഫീൽഡ് ചെയ്തിരുന്ന സബ്സ്റ്റിറ്റ്യൂട്ട് താരം കെ വി അനീഷുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. പിന്നാലെ ഇരുവരും ഹെൽമറ്റുകൾ തമ്മിൽ കൂട്ടിയുരച്ചതോടെ സംഭവം കൂടുതൽ വഷളായി. ഉടനടി കർണാടക നായകൻ മയാങ്ക് അഗർവാളും അമ്പയർമാരും ഇടപെട്ടതോടെ പ്രശ്‌നം കൂടുതൽ ഗുരുതരമായില്ല. ഓവറിന്റെ അവസാനത്തിൽ പറാസ് അനീഷിനോട് മാപ്പ് പറഞ്ഞെങ്കിലും മറുപടിയൊന്നും പറയാതെ അനീഷ് തിരികെ നടന്നു.

തുടർന്ന് വന്ന ഓവറുകളിൽ ഒന്നിൽ കർണാടക പേസർ വൈശാഖ് വിജയകുമാറും ജമ്മുവിന്റെ കൻഹയ്യ വധ്‌വാനും തമ്മിലും പ്രശ്നമുണ്ടായി. വധ്‌വാൻ റണ്ണിനായി ഓടുന്നതിനിടെ വൈശാഖുമായി കൂട്ടിയിടിക്കുകയും തുടർന്ന് ഇരുതാരങ്ങളും തമ്മിൽ വഴക്കാകുകയുമായിരുന്നു. ഇരുടീമിലേയും മറ്റു താരങ്ങൾ ഇടപെട്ടാണ് സംഗതി ശാന്തമാക്കിയത്.

രണ്ടാം ദിനം അവസാനിക്കുമ്പോൾ ശുഭം പണ്ടിറിന്റെ സെഞ്ച്വറിയുടെ ബലത്തിൽ ജമ്മു 527ന് 6 എന്ന നിലയിലാണ്. 

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News