22 വർഷത്തിന് ശേഷം കുറ്റസമ്മതം, അന്ന് സച്ചിൻ ഔട്ടായിരുന്നില്ലെന്ന് സ്റ്റീവ് ബക്‌നർ
2003-04 ലെ ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പരയിലാണ് സച്ചിനെതിരെ വിവാദ എൽബിഡബ്ലു ഔട്ട് വിളിച്ചത്.
ഗയാന: ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലവും വിവാദ നായകനാണ് മുൻ വെസ്റ്റിൻഡീസ് അമ്പയർ സ്റ്റീവ് ബക്‌നർ. കളിക്കളത്തിൽ അദ്ദേഹത്തിന്റെ പലതീരുമാനങ്ങളും കടുത്ത വിമർശനങ്ങൾക്കാണ് ഇടയാക്കിയത്. കരിയർ അവസാനിപ്പിച്ച് പതിറ്റാണ്ടിനിപ്പുറവും ബക്‌നറിന്റെ ഡിസിഷനുകൾ സമൂഹമാധ്യമങ്ങൾ ചർച്ചയായിരുന്നു. ഇപ്പോഴിതാ തനിക്ക് അന്ന് സംഭവിച്ചത് വലിയ പിഴവാണെന്ന് വ്യക്തമാക്കി മുൻ വിൻഡീസ് അമ്പയർ രംഗത്തെത്തിയിരുന്നത്.
2003-04 ലെ ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പരയിൽ സച്ചിൻ ടെണ്ടുൽക്കറിനെതിരെ വിളിച്ച എൽബിഡബ്ലു തീരുമാനം തെറ്റായിരുന്നുവെന്നാണ് സ്റ്റീവ് ബക്‌നർ തുറന്നു സമ്മതിച്ചത്. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് അമ്പയേഴ്‌സ് അസോസിയേഷന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രതികരണം. ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയ ജേസൺ ഗില്ലെസ്പിയുടെ പന്ത് സച്ചിൻ ബാറ്റുയർത്തി ലീവ് ചെയ്‌തെങ്കിലും പാഡിൽ തട്ടുകയായിരുന്നു. ഇതേതുടർന്ന് ഓസീസ് താരങ്ങൾ എൽബിഡബ്ല്യുവിനായി ദുർബലമായ അപ്പീലാണ് നടത്തിയത്. എന്നാൽ ഏവരേയും അത്ഭുതപ്പെടുത്തി ബക്‌നർ ഔട്ട് വിധി വിധിച്ചു. ഒരുനിമിഷം ആശ്ചര്യത്തോടെ അമ്പയറെ നോക്കിയ ശേഷമാണ് സച്ചിൻ മടങ്ങിയത്. മൂന്ന് റൺസായിരുന്നു മാസറ്റർ ബ്ലാസ്റ്ററിന്റെ സമ്പാദ്യം.
22 വർഷത്തിന് ശേഷം ഇത് തന്റെ വലിയ പിഴവാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വെസ്റ്റിൻഡീസ് അമ്പയർ. 'സച്ചിനെ ഔട്ട് വിധിച്ചത് ഒരു തെറ്റായിരുന്നു എന്ന ബോധ്യമുണ്ട്. അളുകൾ ഇന്നും അതേകുറിച്ച് സംസാരിക്കുന്നു. സച്ചിൻ ഔട്ടായിരുന്നോ? എന്തുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത്? എന്നിങ്ങനെ പല ചോദ്യങ്ങളും പിന്നീട് കേട്ടിരുന്നു. ജീവിതത്തിൽ തെറ്റുകൾ സംഭവിക്കാം, അത് ഞാൻ അംഗീകരിക്കുന്നു' അഭിമുഖത്തിൽ സ്റ്റീവ് ബക്‌നർ വ്യക്തമാക്കി. ബക്‌നർ 120 ടെസ്റ്റ് മത്സരങ്ങളും നിരവധി ലോകകപ്പുകളുമടക്കം ഒട്ടേറെ രാജ്യാന്തര മത്സരങ്ങളാണ് നിയന്ത്രിച്ചത്.