പൊരുതിവീണ് നെതർലൻഡ്‌സ്; ടി20 ലോകകപ്പിൽ ഇന്ത്യക്ക് 17 റൺസ് ജയം

അർധ സെഞ്ച്വറിയുമായി ബാറ്റിങിൽ തിളങ്ങിയ ദുബെ രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളിങിലും നിർണായക പ്രകടനം നടത്തി

Update: 2026-02-18 17:55 GMT
Editor : Sharafudheen TK | By : Sports Desk

അഹമ്മദാബാദ്: ടി20 ലോകകപ്പിൽ നെതർലൻഡ്‌സിനെതിരെ അവസാന ഓവറിൽ ജയം പിടിച്ച് ഇന്ത്യ. ഇന്ത്യ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ നെതർലൻഡ്‌സ് പോരാട്ടം 20 ഓവറിൽ 176ൽ അവസാനിച്ചു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച നോഹ് ക്രോയിസ് (12 പന്തിൽ 25)  നെതർലൻഡ്‌സിന് പ്രതീക്ഷ നൽകിയെങ്കിലും ദുബെയുടെ മികച്ച ബൗളിങ് ഇന്ത്യയുടെ രക്ഷക്കെത്തി. അവസാന ഓവറിൽ ജയത്തിന് 28 റൺസ് ലക്ഷ്യമിട്ട സന്ദർശകർക്ക് 10 റൺസെടുക്കാനേ സാധിച്ചുള്ളൂ. 33 റൺസെടുത്ത ബാസ് ഡെ ലീഡ്‌സാണ് ടോപ് സ്‌കോറർ. ഇന്ത്യക്കായി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശിവം ദുബെ രണ്ട് വിക്കറ്റ് നേടി.

Advertising
Advertising

നേരത്തെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ശിവം ദുബെയുടെ അർധ സെഞ്ച്വറി(31 പന്തിൽ 66) കരുത്തിലാണ് മികച്ച സ്‌കോർ പടുത്തുയർത്തിയത്. 4 ഫോറും ആറ് സിക്‌സറും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. സൂര്യകുമാർ യാദവ് 28 പന്തിൽ 34, തിലക് വർമ 27 പന്തിൽ 31, ഹാർദിക് പാണ്ഡ്യ 21 പന്തിൽ 30 മികച്ച പിന്തുണ നൽകി. അവസാന അഞ്ച് ഓവറിൽ ദുബെയും പാണ്ഡ്യയും നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യൻ സ്‌കോർ 193ൽ എത്തിച്ചത്. ഇരുവരും ചേർന്ന് അവസാന അഞ്ച് ഓവറിൽ 73 റൺസാണ് അടിച്ചെടുത്തത്. ഇന്ത്യയുടെ തുടക്കം ഒട്ടുംമികച്ചതായിരുന്നില്ല.

തുടർച്ചയായ മൂന്നാം മത്സരത്തിലും അഭിഷേക് ശർമ പൂജ്യത്തിന് പുറത്തായി. ആര്യൻദത്തിന്റെ ഓവറിൽ ഇന്ത്യൻ ഓപ്പണർ ക്ലീൻ ബൗൾഡാകുകയായിരുന്നു. മികച്ച ഫോമിലുള്ള ഇഷാൻ കിഷനേയും (ഏഴ് പന്തിൽ 18) മടക്കി ദത്ത് പവർപ്ലെയിൽ ഇന്ത്യക്ക് ഇരട്ട പ്രഹരം ഏൽപ്പിച്ചു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന തിലക് വർമ-സൂര്യകുമാർ യാദവ് കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി.  സ്‌കോർ 69ൽ നിൽക്കെ തിലക് വർമയെ(31) പുറത്താക്കി നെതർലാൻഡ് പ്രതീക്ഷകാത്തു. എന്നാൽ മധ്യ ഓവറിൽ സ്‌കോറിംഗ് ഉയർത്തിയ ശിവം ദുബെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. 14ാം ഓവറിൽ സൂര്യകുമാർ യാദവിന്റെ(34) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായെങ്കിലും ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് ദുബെ ഇന്ത്യയെ സുരക്ഷിത സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News