രഹാനെക്കും രഘുവംശിക്കും ഫിഫ്റ്റി; മുംബൈക്കെതിരെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി കൊൽക്കത്ത

മുംബൈക്കായി ഷർദുൽ താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി

Update: 2026-03-29 15:55 GMT
Editor : Sharafudheen TK | By : Sports Desk

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ കൂറ്റൻ സ്‌കോർ പടുത്തുയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 220 റൺസാണ് കെകെആർ മുന്നോട്ടുവെച്ചത്. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ അജിൻക്യ രഹാനെ(40 പന്തിൽ 67)യാണ് ടോപ് സ്‌കോറർ. അംഗ്കൃഷ് രഘുവംശി(29 പന്തിൽ 51) മികച്ച പിന്തുണ നൽകി. മുംബൈ നിരയിൽ ഷർദുൽ താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി.

പോയ സീസണിലെ നിരാശമറക്കാൻ വാംഖഡെ സ്‌റ്റേഡിയത്തിൽ ആദ്യ മത്സരത്തിനിറങ്ങിയ കൊൽക്കത്തക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ രഹാനെയും ഫിൻ അലനും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 5.2 ഓവറിൽ 69 റൺസ് കൂട്ടിചേർത്തു. 17 പന്തിൽ 37 റൺസുമായി ന്യൂസിലൻഡ് താരം ഫിൻ അലെൻ പവർപ്ലെ ഓവറുകളിൽ തകർത്തടിച്ചു. ഷർദുൽ താക്കൂർ അലനെ തിലക് വർമയുടെ കൈകളിലെത്തിച്ച് മുംബൈക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകി. ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ (10 പന്തിൽ 18) റൺസെടുത്തു പുറത്തായി. ഷർദുൽ താക്കൂറാണ് ഗ്രീനിനെ പറഞ്ഞയച്ചത്.  എന്നാൽ നാലാമനായി ക്രീസിലെത്തിയ രഘുവംശി രഹാനെയുമായി ചേർന്ന് മധ്യ ഓവറുകളിൽ സ്‌കോറിങ് ഉയർത്തി.  അവസാന ഓവറുകളിൽ റിങ്കുസിങ് തകർത്തടിച്ചതോടെ(21 പന്തിൽ 33 നോട്ടൗട്ട്) കെകെആർ സ്‌കോർ 220ലേക്ക് ഉയർന്നു. സൂര്യകുമാർ യാദവിനെ ഇംപാക്ട് പ്ലെയറാക്കിയാണ് മുംബൈ ഇറങ്ങിയത്. കൊൽക്കത്ത നിരയിൽ സിംബാബ്വെ പേസർ ബ്ലെസിംഗ് മുസാറബാനി ഇടംപിടിച്ചു

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News