വാംഖഡെയിൽ ചരിത്രമെഴുതി മുംബൈ ഇന്ത്യൻസ്; കൊൽക്കത്തക്കെതിരെ 221 റൺസ് പിന്തുടർന്ന് ജയം
ഒരു പതിറ്റാണ്ടിന് ശേഷമാണ് മുംബൈ ജയത്തോടെ ഐപിഎൽ സീസൺ തുടങ്ങുന്നത്
മുംബൈ: ദൈവത്തിന്റെ പോരാളികൾ ഒരു പതിറ്റാണ്ടിന് ശേഷം ജയത്തോടെ തുടങ്ങി. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. കെകെആർ ഉയർത്തിയ 221 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 19.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അർധ സെഞ്ച്വറി നേടിയ റയാൻ റിക്കെൽട്ടന്റേയും(43 പന്തിൽ 81), രോഹിത് ശർമയുടേയും(38 പന്തിൽ 78) ബാറ്റിങ് മികവിലാണ് ലക്ഷ്യത്തിലേക്ക് മുന്നേറിയത്. വാംഖഡെ സ്റ്റേഡിയത്തിലെ ഏറ്റവും ഉയർന്ന ഐപിഎൽ റൺചേസ് എന്ന പ്രത്യേകതയമുണ്ട്. തുടർച്ചയായ 13 സീസണിന് ശേഷമാണ് മുംബൈ ജയത്തോടെ ഐപിഎൽ ആരംഭിക്കുന്നത്. റെക്കോർഡ് റൺചേസിന് ഇറങ്ങിയ മുംബൈക്ക് ഓപ്പണിങിൽ രോഹിത്-റിക്കെൽട്ടൻ സഖ്യം സ്വപ്‌നതുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 11.5 ഓവറിൽ 148 റൺസ് പടുത്തുയർത്തി. പവർപ്ലെ ഓവറുകളിൽ 80ലെത്തിയ മുംബൈ തുടർന്ന് സ്‌കോറിംഗ് ഉയർത്തികൊണ്ടേയിരുന്നു.
23 പന്തിൽ അർധ സെഞ്ച്വറി നേടിയ രോഹിത് ഐപിഎൽ കരിയറിലെ വേഗതയേറിയ ഫിഫ്റ്റിയും സ്വന്തമാക്കി. ആറ് വീതം സിക്‌സറും ഫോറുമടങ്ങിയതാണ് രോഹിതിന്റെ ഇന്നിങ്‌സ്. വൈഭവ് അറോറയുടെ ഓവറിൽ അനുകുൽ റോയ്ക്ക് ക്യാച്ച് നൽകി രോഹിത്(78) മടങ്ങിയെങ്കിലും അപ്പോഴേക്ക് മുംബൈ വിജയത്തോട് അടുത്തിരുന്നു. തുടർന്ന് ക്രീസിലെത്തിയ സൂര്യകുമാർ യാദവ്(8 പന്തിൽ 16), തിലക് വർമ(14 പന്തിൽ 20), ഹാർദിക് പാണ്ഡ്യ(11 പന്തിൽ 18) അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ അഞ്ച് പന്തുകൾ ബാക്കിനിൽക്കെ മുൻ ചാമ്പ്യൻമാർ ജയം സ്വന്തമാക്കി. മിസ്ട്രി സ്പിന്നർ വരുൺ ചക്രവർത്തി 4 ഓവറിൽ 48 റൺസ് വഴങ്ങിയത് കെകെആർ പ്രതീക്ഷകൾക്ക് കരിനിഴൽ വീഴ്ത്തി.
നേരത്തെ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 220 റൺസ് പടുത്തുയർത്തിയത്. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ അജിൻക്യ രഹാനെ(40 പന്തിൽ 67)യാണ് ടോപ് സ്‌കോറർ. അംഗ്കൃഷ് രഘുവംശി(29 പന്തിൽ 51) മികച്ച പിന്തുണ നൽകി. മുംബൈ നിരയിൽ ഷർദുൽ താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി. പോയസീസണിലെ നിരാശമറക്കാൻ വാംഖഡെ സ്‌റ്റേഡിയത്തിൽ ആദ്യ മത്സരത്തിനിറങ്ങിയ കൊൽക്കത്തക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ രഹാനെയും ഫിൻ അലനും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 5.2 ഓവറിൽ 69 റൺസ് കൂട്ടിചേർത്തു. 17 പന്തിൽ 37 റൺസുമായി ന്യൂസിലൻഡ് താരം ഫിൻ അലെൻ പവർപ്ലെ ഓവറുകളിൽ തകർത്തടിച്ചു. ഷർദുൽ താക്കൂർ അലനെ തിലക് വർമയുടെ കൈകളിലെത്തിച്ച് മുംബൈക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകി. ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ (10 പന്തിൽ 18) റൺസെടുത്തു. എന്നാൽ നാലാമനായി ക്രീസിലെത്തിയ രഘുവംശി രഹാനെയുമായി ചേർന്ന് ഇന്നിങ്‌സ് പടുത്തുയർത്തി. അവസാന ഓവറുകളിൽ റിങ്കുസിങ് തകർത്തടിച്ചതോടെ(21 പന്തിൽ 33 നോട്ടൗട്ട്) കെകെആർ സ്‌കോർ 220ലേക്ക് ഉയർന്നു.