പടനയിച്ച് കോഹ്‌ലി, ഐപിഎല്ലിൽ റോയലായി തുടങ്ങി ആർസിബി; ഹൈദരാബാദിനെ തോൽപ്പിച്ചത് 6 വിക്കറ്റിന്

38 പന്തിൽ 69 റൺസുമായി കോഹ്‌ലി പുറത്താകാതെനിന്നു

Update: 2026-03-28 18:13 GMT
Editor : Sharafudheen TK | By : Sports Desk

ബെംഗളൂരു: ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ തകർപ്പൻ ജയത്തോടെ തുടങ്ങി നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ആറു വിക്കറ്റിനാണ് തോൽപ്പിച്ചത്. സൺറൈസേഴ്‌സ് ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം 15.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അർധ സെഞ്ച്വറിയുമായി വിരാട് കോഹ്‌ലി (38 പന്തിൽ 69) പുറത്താകാതെ നിന്നു. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലും (26 പന്തിൽ 61) മികച്ച പ്രകടനം പുറത്തെടുത്തു. സ്‌കോർ ബോർഡിൽ ഒൻപത് റൺസ് ചേർക്കുന്നതിനിടെ ഫിൽ സാൾട്ടിനെ(8) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന പടിക്കൽ-കോഹ്ലി കൂട്ടുകെട്ട് ആർസിബി വിജയത്തിന് അടിത്തറയിടുകയായിരുന്നു. തുടക്കം മുതൽ തകർത്തടിച്ച ദേവ്ദത്ത് പടിക്കൽ എസ്ആർഎച്ച് ബൗളർമാരെ നിരന്തരം അതിർത്തി കടത്തി. 

Advertising
Advertising

പവർപ്ലെ ഓവറിൽ 76 റൺസിലെത്തിയ ബെംഗളൂരു  8.1 ഓവറിൽ 100 കടന്നു. 26 പന്തിൽ ഏഴ് ഫോറും നാല് സിക്‌സറും സഹിതമാണ് പടിക്കൽ 61 റൺസ് അടിച്ചെടുത്തത്. ദേവ്ദത്ത് പടിക്കൽ ഔട്ടായതോടെ  ക്രീസിലെത്തിയ രജത് പടിദാർ(12 പന്തിൽ 31) തകർത്ത് കളിച്ചതോടെ റൺറേറ്റ് കുത്തനെ ഉയർന്നു. തൊട്ടടുത്ത പന്തുകളിൽ പടിദാറിനേയും ജിതേഷ് ശർമയേയും(0) മടക്കി ഡേവിഡ് പെയ്ൻ ഹൈദരാബാദിന്  പ്രതീക്ഷ നൽകി. എന്നാൽ ചേസ് മാസ്റ്റർ റോൾ ഏറ്റെടുത്ത കോഹ്ലി ടിം ഡേവിഡിനെ(16) കൂട്ടുപിടിച്ച് നിലവിലെ ചാമ്പ്യൻമാരെ വിജയത്തിലെത്തിച്ചു. നേരത്തെ ഇഷാൻ കിഷന്റെ അർധ സെഞ്ച്വറി(38 പന്തിൽ 80) കരുത്തിലാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് മികച്ച സ്‌കോർ പടുത്തുയർത്തിയത്.

ഒരുവേള 29-3 എന്ന നിലയിൽ നിന്ന് ഇഷാനും ഹെൻട്രിച് ക്ലാസനും ചേർന്നുള്ള കൂട്ടുകെട്ടാണ് സന്ദർശകർക്ക് രക്ഷയായത്.  ക്ലാസൻ 22 പന്തിൽ 31 റൺസെടുത്തു. അവസാന ഓവറിൽ അനികേത് വർമ(18 പന്തിൽ 43) ആഞ്ഞടിച്ചതോടെ ഹൈദരാബാദ് സ്‌കോർ 200 കടന്നു. ഇഷാന്റെയും ക്ലാസന്റെയും അവിശ്വസനീയ ക്യാച്ചുമായി ഫിൽ സാൾട്ട് ഫീൽഡിങിൽ തിളങ്ങി. ആർസിബിക്കായി ജേക്കബ് ഡഫി മൂന്ന് വിക്കറ്റ് വീഴ്ത്തി

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News