മുംബൈക്ക് പാണ്ഡ്യ, ചെന്നൈക്ക് ദുബെ, ആർസിബിക്ക് ടിം ഡേവിഡ്; ഫിനിഷിങിൽ കരുത്തർ ആര്?

ഹാർദിക് പാണ്ഡ്യക്ക് പുറമെ ഇംഗ്ലീഷ് താരം വിൽ ജാക്സ്, ഇന്ത്യയുടെ നമൻധീർ, ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ കോർബിൻ ബോഷ് എന്നിവരെല്ലാം മുംബൈ നിരയിൽ മിനിമം പന്തുകളിൽ മാക്സിമം റൺസ് സ്‌കോർബോർഡിൽ ചേർക്കാൻ കെൽപ്പുള്ളവരാണ്.

Update: 2026-03-29 13:21 GMT

   ലാസ്റ്റ് ഓവർ ത്രില്ലറുകൾ... കളിയുടെ ഗതിമാറ്റുന്ന ഇൻഡിവിജ്യുൽ ബ്രില്യൻസ്... പോയ ഐപിഎൽ പതിപ്പുകളിൽ ഇത്തരത്തിൽ ഒട്ടേറെ ഹീറോയിക് മൊമന്റുകളും മാസ് എൻട്രികളും നാം കണ്ടിട്ടുണ്ട്. ഫിനിഷർമാർ കളി മാറ്റിമറിച്ച എത്രയോ മത്സരങ്ങൾ. മറ്റൊരു സീസൺ  ആരംഭിച്ചിരിക്കെ, ടീമുകളുടെ വിജയസമവാക്യത്തിൽ പ്രധാന റോൾ വഹിക്കുന്ന ഫിനിഷർമാർ ആരെല്ലാം... പരിശോധിക്കാം.

ടിം ഡേവിഡ്, റൊമേരിയോ ഷെപ്പേർഡ്, ജിതേഷ് ശർമ... ഏതു ടീമിനേയും വെല്ലുവിളിക്കാൻ കെൽപ്പുള്ള മികച്ചൊരു ഫിനിഷറുടെ നിരയാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കരുത്ത്. പോയ സീസണിൽ ആർസിബിയുടെ കിരീടധാരണത്തിൽ ഈ ട്രയോയുടെ പ്രകടനം ഏറെ നിർണായകമായിരുന്നു. 2025 പതിപ്പിൽ 12 മത്സരങ്ങളിൽ നിന്നായി 62.33 ബാറ്റിങ് ശരാശരിയിൽ 187 റൺസാണ് ഓസീസ് ഫിനിഷർ ടിം ഡേവിഡിന്റെ സമ്പാദ്യം. ഒരു ഫിഫ്റ്റി മാത്രമാണ് നേടിയതെങ്കിലും ആറു മാച്ചിലും താരം നോട്ടൗട്ടായിരുന്നു. 14 സിക്‌സറുകളാണ് സീസണിലുടനീളം ടിം ഡേവിഡ് പറത്തിയത്. പോയ സീസണിലെ അതേ പ്രകടനം ഓസീസ് താരം പുറത്തെടുത്താൽ ആർസിബിക്ക് ഇത്തവണയും കാര്യങ്ങൾ എളുപ്പമാകും. വലിയ ഹൈപ്പിലെത്തിയെങ്കിലും കഴിഞ്ഞ ടി20 ലോകകപ്പിൽ ടിം ഡേവിഡിന് ഇംപാക്ടുണ്ടാക്കാനായിരുന്നില്ല. ആർസിബി ആരാധകരുടെ ആശങ്കയും ഇതുതന്നെയാണ്. രണ്ട് ഇന്നിങ്‌സുകളിൽ മാത്രം കളത്തിലിറങ്ങിയ താരം ആറു റൺസ് മാത്രമാണ് ഓസീസിനായി നേടിയത്.

Advertising
Advertising

 ഹാർഡ് ഹിറ്ററായ റൊമേരിയോ ഷപ്പേർഡ് നിലവിൽ മികച്ച ഫോമിലാണ്. പോയ ടി20 ലോകകപ്പിൽ വിൻഡീസിനായി നാല് ഇന്നിങ്‌സുകളിൽ നിന്നായി 80 റൺസാണ് അടിച്ചെടുത്തത്. മൂന്ന് മത്സരത്തിലും നോട്ടൗട്ടായിരുന്നു. ബാറ്റിങിനൊപ്പം ബൗളിങ്ങിലും ഷെഫേഡ് തിളങ്ങിയിരുന്നു. വിദേശ ഫിനിഷർമാർക്കൊപ്പം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ കൂടി അവസരത്തിനൊത്തുയർന്നാൽ ആർസിബിക്ക് ഇക്കുറിയും കാര്യങ്ങൾ എളുപ്പമാകും. ജിതേഷ് തന്റെ റേഞ്ച് എന്താണെന്ന് പോയ സീസണിൽ തെളിയിച്ചതാണ്.

ഹാർദിക് പാണ്ഡ്യയുടെ വിസ്‌ഫോടന ബാറ്റിങിലാണ് മുംബൈ ഇന്ത്യൻസിന്റെ പ്രതീക്ഷകളൊക്കെയും. ഫിയർലെസ് ബാറ്റിങിലൂടെ മുംബൈ നായകൻ കളംനിറഞ്ഞാൽ ഏതു വലിയ ടാസ്‌കും മറികടക്കാൻ മുൻ ചാമ്പ്യൻമാർക്കാകും. ഒരുപിടി ഫിനിഷർമാരാണ് മുംബൈക്കുള്ളത്. ഇംഗ്ലീഷ് താരം വിൽ ജാക്‌സ്, ഇന്ത്യയുടെ നമാൻധീർ, ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ കോർബിൻ ബോഷ് എന്നിവരെല്ലാം മിനിമം പന്തുകളിൽ മാക്‌സിമം റൺസ് സ്‌കോർബോർഡിൽ ചേർക്കാൻ കെൽപ്പുള്ളവരാണ്. ടി20 ലോകകപ്പിൽ ഒൻപത് ഇന്നിങ്‌സുളിൽ നിന്നായി 217 റൺസാണ് ഹാർദിക് അടിച്ചെടുത്തത്. ഡെത്ത് ഓവറുകളിൽ താരത്തിന്റെ ബാറ്റിങ് നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യക്ക് നിർണയാകമയാരുന്നു. 8 മത്സരത്തിൽ 56.50 ബാറ്റിങ് ശരാശരിയിൽ 226 റൺസ് അടിച്ചെടുത്ത വിൽ ജാക്‌സും തകർപ്പൻ ഫോമിലാണ്. ടി20 ലോകകപ്പിൽ ടോപ് ഓർഡറിൽ നിന്ന് ഫിനിഷറുടെ റോളിലേക്ക് ചുവട് മാറിയ തിലക് വർമ മുംബൈ നിരയിൽ ഇത്തവണ എവിടെ കളിക്കുമെന്നതും ആകാംക്ഷ ഉയർത്തുന്നതാണ്. കീറൺ പൊള്ളാർഡെന്ന അതികായന്റെ അഭാവം ഇവരാരെങ്കിലും പരിഹരിക്കുമെന്നാണ് പ്രതീക്ഷ.


 പോയ പതിപ്പിൽ തൊട്ടതെല്ലാം പാളിയ ചെന്നൈ സൂപ്പർ കിങ്‌സ് ഇത്തവണ കൃത്യമായ മുന്നൊരുക്കത്തോടെയാണ് ഐപിഎല്ലിന് വരുന്നത്. അന്നും ഇന്നും മഹേന്ദ്ര സിങ് ധോണിയെന്ന ഐക്കൺ തന്നെയാണ് സിഎസ്‌കെയുടെ ഫിനിഷർ ഇൻ ചീഫ്. പോയ സീസണിൽ കാര്യമായ ഇംപാക്ടുണ്ടാക്കിയില്ലെങ്കിലും 44 കാരന്റെ ഹാൻഡ് പവറിൽ ആരാധകർക്ക് ഇന്നും വിശ്വാസമുണ്ട്. ഇത്തവണ ധോണിയുടെ റോൾ എന്തായിരിക്കുമെന്നതും കൗതുകമുയർത്തുന്ന കാര്യമാണ്.  എന്നാൽ പരിക്കിന്റെ പിടിയിലുള്ള മഹി മൂന്നാഴ്ചയോളം പുറത്തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

  ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രേവിസാണ് ഇത്തവണ സിഎസ്‌കെയുടെ സുപ്രധാന ഫിനിഷിങ് ഓപ്ഷൻ. കഴിഞ്ഞ സീസൺ മധ്യത്തിൽ ടീമിനൊപ്പം ചേർന്ന ബ്രേവിസ് ആറു മാച്ചിൽ 180 സ്‌ട്രൈക്ക് റേറ്റിൽ 225 റൺസുമായി ശ്രദ്ധേയ പ്രകടനം പുറത്തെടുത്തിരുന്നു. പോയപതിപ്പിൽ അവസാനിപ്പിച്ചിടത്തുനിന്ന് ബ്രേവിസ് കത്തികയറിയാൽ ചെന്നൈക്ക് ആറാം കിരീട സാധ്യതകൾ ചെന്നൈക്ക് മുന്നിൽ മൊട്ടിട്ടുതുടങ്ങും. പേസിനേയും സ്പിന്നിനേയും ഒരുപോലെ നേരിടാനാകുമെന്നതും യുവതാരത്തെ വ്യത്യസമാക്കുന്നു.

ഏതു സാഹചര്യത്തിലും കളിയുടെ ഗതിമാറ്റാൻ കെൽപ്പുള്ള ശിവം ദുബെയുടെ സാന്നിധ്യവും മറ്റേതൊരു ടീമിനേക്കാളും ചെന്നൈയെ സ്‌ട്രോങാക്കി നിർത്തുന്നതാണ്. ടി20 ലോകകപ്പിൽ ഇന്ത്യൻ വിജയത്തിൽ ക്രൂഷ്വൽ റോൾ വഹിച്ച ദുബെ 8 ഇന്നിങ്‌സുകളിൽ നിന്നായി 235 റൺസാണ്് അടിച്ചെടുത്തത്. ചെപ്പോക്കിലെ സ്പിൻ പിച്ചിൽ ദുബെയുടെ റോൾ സിഎസ്‌കെ വിജയപരാജയങ്ങളിൽ നിർണായകമാകുമെന്ന കാര്യത്തിൽ സംശയമില്ല. പൊന്നുംവിലകൊടുത്ത് ടീമിലെത്തിച്ച യങ് ഡൊമെസ്റ്റിക് താരങ്ങളായ പ്രശാന്ത് വീർ, കാർത്തിക് ശർമ എന്നിവരും ഏതു റോളിലും ഉപയോഗപ്പെടുത്താവുന്നവരാണ്. 


 ആന്ദ്രെ റസൽ ഇല്ലാത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇത്തവണ ഫിനിഷിങിൽ കരീബിയൻ ഹാർഡ് ഹിറ്ററുടെ വിടക് നികത്തുകയാണ് ഫ്രാഞ്ചൈസി നേരിടുന്ന പ്രധാന പ്രതിസന്ധി. സീസണിന് മുൻപായി ഐപിഎൽ അവസാനിപ്പിച്ച റസൽ നിലവിൽ കെകെആർ കോച്ചിങ് ടീമിലുണ്ട്. റസലിന് പകരം റിങ്കു സിങാകും ഫിനിഷറുടെ റോൾ കൈകാര്യം ചെയ്യുക. പോയ ഏതാനും സീസണുകളിലായി മുൻ ചാമ്പ്യൻമാർക്കൊപ്പമുള്ള റിങ്കു ടീമിനൊപ്പം മികച്ചൊരു കംബാകിനാണ് ഒരുങ്ങുന്നത്. 2023ൽ യാഷ് ദയാലിനെ ഒരോവറിൽ തുടർച്ചയായി അഞ്ച് സിക്‌സർ പറത്തി ടീമിനെ വിജയത്തിലെത്തിച്ച റിങ്കുവിന്റെ ഇന്നിങ്‌സ് ഇന്നും ഐപിഎല്ലിലെ ഐകോണിക് മുഹൂർത്തങ്ങളിലൊന്നാണ്. 2023ൽ 474 റൺസ് അടിച്ചെടുത്ത താരത്തിന് പക്ഷെ, പോയ രണ്ട് സീസണിൽ ഇതേ ഫോമിൽ തുടരാനായിരുന്നില്ല. രമൺ ദീപാണ് മുൻ ചാമ്പ്യൻമാരുടെ മറ്റൊരു ഫിനിഷർ ഓപ്ഷൻ. 25.20 കോടി മുടക്കി ടീമിലെത്തിച്ച കാമറൂൺ ഗ്രീൻ ടോപ് ഓർഡറിലും ഫിനിഷിങിലും ഒരുപോലെ യൂട്ടിലൈസ് ചെയ്യാനാകുന്ന താരമാണ്.

ഐപിഎല്ലിൽ പുതിയ ബെഞ്ച് മാർക്ക് സെറ്റ് ചെയ്ത ടീമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. ടോപ് ഓർഡർ പോലെ മികച്ചൊരു ഫിനിഷിങ് നിരയും എസ്ആർഎച്ചിനുണ്ട്. ദക്ഷിണാഫ്രിക്കൻ താരം ഹെൻട്രിച്ച് ക്ലാസൻ, ഇന്ത്യയുടെ ആഭ്യന്തര താരം അനികേത് വർമ, ലിയാം ലിവിങ്സ്റ്റൺ എന്നിവരാണ് പ്രധാനികൾ. പുതുതായി ടീമിലെത്തിച്ച സലിൽ അറോറയേയും ഫ്രാഞ്ചൈസി പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാൽ ഇതിനകം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ക്ലാസന്റെ ഫോം കണ്ടറിയണം. ലിവിങ്സ്റ്റൺ സമീപകാലത്ത് മികച്ച ടച്ചിലല്ലെന്നതും ആശങ്കയായി നിൽക്കുന്നു. ഫിനിഷിങ്ങിൽ തകർപ്പൻ ലൈനപ്പുള്ള മറ്റൊരു ടീം പഞ്ചാബ് കിങ്‌സാണ്. മാർക്കസ് സ്റ്റോയ്‌നിസ്, മാർക്കോ യാൻസൻ, ശശാങ്ക് സിങ്ങ് എന്നീ മൂവർ സംഘം എന്തിനും പോന്നവരാണ്. ഒറ്റക്ക് കളിതിരിക്കാൻ കെൽപ്പുള്ള ഈ മൂവർസംഘം പഞ്ചാബ് ബാറ്റിങ്ങിന് അപാരമായി ഡെപ്താണ് നൽകുന്നത്.


ട്രിസ്റ്റൺ സ്റ്റബ്‌സ്, കില്ലർ മില്ലർ, അക്‌സർ പട്ടേൽ, അശുതോഷ് ശർമ എന്നിവരാണ് ഡൽഹി ക്യാപിറ്റൽസിന്റെ ഫിനിഷർ ഓപ്ഷനുകൾ. ലോവർഓർഡളിൽ ബിഗ് ഹിറ്റിന് കെൽപ്പുള്ള ഡൊമസ്റ്റിക് താരം വിപ്രാജ് നിഗവും പ്രതീക്ഷ നൽകുന്നതാണ്. കഴിഞ്ഞ ടി20 ലോകകപ്പിലടക്കം മിന്നും ഫോമിൽ ബാറ്റുവീശിയ ദക്ഷിണാഫ്രിക്കൻ താരം സ്റ്റബ്‌സിന്റെ ഫോം ഫ്രാഞ്ചൈസിക്ക് ഐപിഎല്ലിൽ പോസിറ്റീവ് ഘടകമാകും. മില്ലർഏത് ഘട്ടത്തിൽ നിന്നും ടീമിനെ എടുത്തുയർത്താൻ പോന്നവൻ.

ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, ഷിമ്രോൺ ഹെറ്റ്‌മെയർ എന്നിവരാണ് ഇത്തവണ രാജസ്ഥാൻ റോയൽസിന്റെ കരുത്ത്. പരിക്കിനെ തുടർന്ന് സാം കറൺ റൂൾഡ് ഔട്ടായതോടെ പകരം ദാസുൻ ശനകയെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഫിനിഷറുടെ റോൾ കൈകാര്യം ചെയ്ത് എക്‌സ്പീരിയൻസുള്ള ശ്രീലങ്കൻ താരത്തിന്റെ വരവ് ഫ്രാഞ്ചൈസിക്ക് പോസിറ്റീവ് സൈനിങാകും. ഹെറ്റ്‌മെയർ ടോപ്പ് ഓർഡറിലേക്ക് ഉയരുമോ എന്നും കണ്ടറിയണം.  ആയുഷ് ബധോനി, അബ്ദുൽ സമദ്, ഷഹബാസ് അഹമ്മദ് അടങ്ങിയ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഫിനിഷർ നിരയും മികച്ചാണ്. ഗുജറാത്ത് ടൈറ്റൻസ് ഇത്തവണയും രാഹുൽ തെവാട്ടിയയിലാണ് വിശ്വാസമർപ്പിക്കുന്നത്. ഷാറൂഖ് ഖാൻ, ജേസൻ ഹോൾഡർ എന്നീ ഓപ്ഷനുകളുമുണ്ട്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - ടി.കെ ഷറഫുദ്ദീന്‍

Senior Web Journalist

Similar News