വിൻഡീസ് കൊടുങ്കാറ്റിൽ കലങ്ങി സിംബാബ്‌വെ; സൂപ്പർ 8ൽ വിൻഡീസിന് ജയത്തുടക്കം
മുംബൈ: സൂപ്പർ 8ൽ ജയിച്ച് തുടങ്ങി വെസ്റ്റ് ഇൻഡീസ്. ഷിംറോൺ ഹെറ്റ്മെയറുടേയും റൊവ്മാൻ പവലിന്റെയും തകർപ്പൻ ബാറ്റിങ്‌ന്റെ മികവിൽ വിൻഡീസിന് 108 റൺസ് ജയം. വിഡീസ് ഉയർത്തിയ 255 റൺസിന്റെ കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത സിംബാബ്‌വെ 147 റൺസിൽ ഓൾഔട്ടായി. നാല് വിക്കറ്റുകളുമായി വിൻഡീസ് ബൗളർ ഗുഡകേശ് മോട്ടിയും തിളങ്ങി.
വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് അഞ്ചോവറിൽ രണ്ട് ഓപ്പണർമാരെയും നഷ്ടമായി. ഹെറ്റ്മെയറും പവലും തീർത്ത വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് വിൻഡീസ് അടിച്ച് കൂട്ടിയത്. 34 പന്തിൽ ഏഴ് ബൗണ്ടറിയും ഏഴ് സിക്സറും പറത്തി 85 റൺസാണ് ഹെറ്റ്മെയർ അടിച്ചത്. മറുഭാഗത്ത് 35 പന്തിൽ 59 റൺസാണ് പവലിന്റെ സമ്പാദ്യം. 31 റൺസ് നേടിയ റുഥർഫോർഡും 21 റൺസ് നേടിയ ഷെപ്പേർഡും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. സിംബാബ്‌വേക്കായി മുസറബാനിയും എൻഗ്രാവയും രണ്ട് വീതം വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെക്ക് തുടക്കത്തിലേ തകർച്ച നേരിട്ടു. മൂന്ന് ഓവർ പിന്നിടുമ്പോഴേക്കും മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. ക്യാപ്റ്റൻ സിക്കന്തർ റാസ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും ഗുഡകേശ് മോട്ടിയുടെ പന്തിൽ ബൗൾഡ് ആവുകയായിരുന്നു. 20 പന്തിൽ 27 റൺസാണ് റാസയുടെ സമ്പാദ്യം. പുറകെ വന്നവരെല്ലാം പെട്ടന്ന് തന്നെ മടങ്ങിയെങ്കിലും 21 പന്തിൽ 43 റൺസുമായി ബ്രാഡ് ഇവാൻസ് അവസാനം വരെ പൊരുതി. 18ാം ഓവറിൽ ഇവാൻസിനെ മാത്യു ഫോർഡ് പുറത്താക്കിയതോടെയാണ് വിഡീസ് വിജയം സ്വന്തമാക്കിയത്. വിഡീസിനായി ഏഴ് എക്കണോമിയിൽ നാല് വിക്കറ്റുകൾ നേടി ഗുഡകേശ് മോട്ടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്ന് വിക്കറ്റുകളുമായി അകേൽ ഹൊസെയ്‌നും രണ്ട് വിക്കറ്റുകളുമായി മാത്യു ഫോഡേയും മികച്ച പ്രകടനം പുറത്തെടുത്തു.
സിംബാബ്‌വെയുടെ അടുത്ത മത്സരം വ്യാഴാഴ്ച ഇന്ത്യക്കെതിരെയാണ്. അതെ ദിവസം തന്നെ വിഡീസ് ദക്ഷിണാഫ്രിക്കയെ നേരിടും.