'അത് രോഹിതിനേയും കൊഹ്‍ലിയെയും ഉദ്ദേശിച്ച് പറഞ്ഞതാണ്' ഗംഭീറിനെ വിമർശിച്ച് മുൻ ഇംഗ്ലീഷ് ക്രിക്കറ്റർ
ലണ്ടൻ: ടി20 ലോകകപ്പ് ജയത്തിന് പിന്നാലെ ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീറിനെ വിമർശിച്ച് മുൻ ഇംഗ്ലീഷ് താരം സ്റ്റീവ് ഹാർമിസൺ. പത്ര സമ്മേളനത്തിൽ ഗംഭീർ നടത്തിയ പ്രസ്താവനയെ ചൂണ്ടിക്കാട്ടിയാണ് ഹാർമിസൺ സംസാരിച്ചത്. വ്യക്തിഗത നേട്ടങ്ങൾ പ്രധാനമല്ലെന്നും ട്രോഫികളാണ് പ്രധാനമെന്നും ലോകകപ്പ് ജയത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഗംഭീർ പറഞ്ഞിരുന്നു. ആ പ്രസ്താവന തനിക്കിഷ്ടമായെന്നും എന്നാൽ അത് രോഹിതിനേയും കൊഹ്‌ലിയേയും ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് തനിക്ക് തോന്നിയെന്നുമാണ് സ്റ്റീവ് ഹാർമിസൺ പറഞ്ഞത്.
കാലങ്ങളായി ഇന്ത്യൻ ക്രിക്കറ്റിൽ വ്യക്തിഗത നേട്ടങ്ങളെ കുറിച്ചാണ് സംസാരിച്ചിരുന്നത് എന്നാൽ ഞാനിവിടെ ഉള്ള കാലത്തോളം അതിനെ കുറിച്ച് സംസാരിക്കില്ല എന്നും ഗംഭീർ കൂട്ടിച്ചേർത്തു. മലയാളി താരം സഞ്ജു സാംസന്റെ പ്രകടനത്തെ ചൂണ്ടിക്കാട്ടിയാണ് ഗംഭീർ സംസാരിച്ചത്. സഞ്ജു വ്യക്തിഗത നേട്ടത്തിനായാണ് കളിച്ചതെങ്കിൽ നമ്മൾ 250 റൺസ് നേടില്ലായിരുന്നു എന്നാണ് ഗംഭീർ പറഞ്ഞത്. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ 80ന് മുകളിൽ സ്കോർ ചെയ്ത സഞ്ജു ടൂർണമെന്റിലെ താരവുമായി മാറി.
എന്നാൽ ഇംഗ്ലീഷ് മുൻ ക്രിക്കറ്റർ സ്റ്റീവ് ഹാർമിസെന്റെ അഭിപ്രായത്തിൽ ആ പ്രസ്താവന രോഹിത് ശർമയേയും വിരാട് കൊഹ്‌ലിയേയും ഉദ്ദേശിച്ചാണെന്നും ഏകദിന ടീമിന്റെ ഡ്രസിങ് റൂമിലേക്ക് ചെല്ലുമ്പോൾ കാര്യങ്ങൾ രസകരമാകുമെന്നാണ്. ഐപിഎൽ ആവേശത്തിന് ശേഷം ജൂൺ 14ന് അഫ്‌ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന മത്സരം.
ഗംഭീർ ഇന്ത്യൻ പരിശീലക സ്ഥാനത്ത് ചുമതലയേറ്റത്തിന് ശേഷം നേടുന്ന മൂന്നാമത്തെ കിരീടമാണിത്. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ തുടങ്ങി ഏഷ്യ കപ്പ് കിരീടവും പിന്നാലെ ടി20 ലോകകപ്പ് കിരീടവും മുൻ ഇന്ത്യൻ താരത്തിന്റെ കീഴിൽ ഇന്ത്യൻ നേടിയത്.