‘ഇവിടെ കളിക്കുന്നത് ക്ലബ് ക്രിക്കറ്റല്ല’; അംപയര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോഹ്‍ലി

അംപയറുടെ തെറ്റായ തീരുമാനത്തിനെതിരെ കളിക്കാരും, മുൻ താരങ്ങളും നേരത്തെ രംഗത്ത് വന്നിരുന്നു

Update: 2019-03-29 13:46 GMT
Advertising

ചിന്നസ്വാമി സ്റ്റേഡിയത്തിൽ കഴി‍ഞ്ഞ ദിവസം നടന്ന ബംഗളുരു-മുംബെെ ഇന്ത്യൻസ് മത്സരത്തെ ചൊല്ലിയുള്ള അലയൊലികൾ ഒടുങ്ങിയിട്ടില്ല. അംപയറുടെ പാളിച്ച കാരണം, വിജയം കെെവിട്ട ബംഗളുരു നായകൻ വിരാട് കോഹ്‍ലിയും കട്ട കലിപ്പിലാണ്.

ബംഗളുരു-മുംബെെ മത്സരത്തിൽ അവസാന ഓവർ എറിയാനെത്തിയ മുംബെെയുടെ ലങ്കൻ താരം മലിംഗ എറിഞ്ഞ ‘നോ ബോളി’ന് അംപയർ പച്ചക്കൊടി കാട്ടിയതാണ് ക്രിക്കറ്റ് ആരാധകരെയും കോഹ്‍ലിയെയും ചൊടിപ്പിച്ചത്. റീപ്ലെ സ്ക്രീനിൽ മലിംഗ ബൗളിംഗ് ലെെൻ മറികടന്നതായി കാണിച്ചെങ്കിലും, മത്സരത്തിലെ ആ അവസാന ബോൾ ലീഗലായി പരിഗണിക്കുകയായിരുന്നു. അവസാന പന്തിൽ ഏഴ് റൺസ് വേണ്ടിയിരുന്ന ബംഗളുരു അങ്ങനെ തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങി.

മത്സരം നിയന്ത്രിച്ചിരുന്ന എസ് രവിക്കെതിരെയാണ് കോഹ്‍ലി രംഗത്ത് വന്നത്. ഗൗരവമായ മത്സരമാണ് ഇവിടെ നടക്കുന്നത്. ക്ലബ് ക്രിക്കറ്റിന്റെ നിലവാരത്തിൽ ആവരുത് ഐ.പി.എൽ എന്ന് പറഞ്ഞ കോഹ്‍ലി, അവസാനം എറിഞ്ഞ പന്ത് അംഗീകരിച്ചത് മോശമായിപ്പോയെന്നും പറഞ്ഞു. ജയിക്കാന്‍ ചെറിയ മാർജിനിടെയായിന്നു ഈ അവസാന പന്ത് ചെയ്യുന്നതെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്നും അദ്ദേഹം ചോദിക്കുന്നു.

അംപയറുടെ തെറ്റായ തീരുമാനത്തിനെതിരെ കളിക്കാരും, മുൻ താരങ്ങളും നേരത്തെ രംഗത്ത് വന്നിരുന്നു. ഇത്രമാത്രം സാങ്കേതിക വിദ്യ വികസിച്ച കാലത്ത് നോബോളുകൾ കാണാതെ പോകുന്നത് അംഗീകരിക്കാനാവില്ലെന്നാണ് എല്ലാവരും പങ്കുവെച്ചത്.

Tags:    

Similar News